സിനിമയില്‍ നിന്ന് വിരമിച്ചതിന് ശേഷം ബാഴ്സലോണയില്‍ ഉബര്‍ ഓടിക്കുന്നതാണ് തന്റെ സ്വപ്നമെന്ന് കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് ഫഹദ് ഫാസില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ദി ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ ഉബര്‍ ഓടിക്കുന്നത് ഇപ്പോഴും സ്വപ്നം കാണുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഫഹദ് ഫാസില്‍.
ഇപ്പോഴും തന്റെ സ്വപ്നം അതുതന്നെയാണെന്നും എന്നാല്‍ ആളുകള്‍ക്ക് തന്നെ സിനിമയില്‍ കണ്ട് മടുത്തതിന് ശേഷം മാത്രമായിരിക്കും ബാഴ്സലോണയില്‍ ഉബര്‍ ഓടിക്കുകയെന്നും ഫഹദ് ഫാസില്‍ പറയുന്നു.
‘തീര്‍ച്ചയായും. ഞങ്ങള്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ബാഴ്സലോണയിലായിരുന്നു. ആളുകള്‍ക്ക് എന്നെ മടുത്തതിന് ശേഷം മാത്രമായിരിക്കും അത് സംഭവിക്കുക എന്നാണ് ഞാന്‍ കരുതുന്നത്. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകാന്‍ നമുക്ക് കഴിയുമല്ലോ, മാത്രമല്ല ഒരാളെ അയാളുടെ ലക്ഷ്യസ്ഥാനത്തേക്ക് നമ്മള്‍ കൊണ്ടുചെന്നാക്കുന്നത് വളരെ നല്ല കാര്യമല്ലേ! എന്നെ സംബന്ധിച്ച് അത് വളരെ മനോഹരമായ കാര്യമാണ്.
ഒരു അവസരം കിട്ടുമ്പോഴെല്ലാം ഞാന്‍ അങ്ങനെ ചെയ്യാറുണ്ട്. വണ്ടിയോടിക്കുന്നത് ഞാന്‍ അത്രയേറെ ഇഷ്ടപ്പെട്ട് ചെയ്യുന്ന കാര്യമാണ്. വാഹനമോടിക്കുന്നത് മാത്രമല്ല, ഒരു ഗെയിമോ സ്പോര്‍ട്സോ ടി.വി കാണുന്നതോ എന്തായാലും നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ ചെയ്യുക, അതിനായി സമയം കണ്ടെത്തുക,’ ഫഹദ് ഫാസില്‍ പറയുന്നു.
2020ല്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് തനിക്കൊരു ഉബര്‍ ഡ്രൈവര്‍ ആകണമെന്ന് ഫഹദ് ഫാസില്‍ പറയുന്നത്. സിനിമയില്‍ നിന്ന് വിരമിച്ചതിന് ശേഷം ബാഴ്സലോണയിലേക്ക് മാറി ആളുകളെ സ്പെയിനിലുടനീളം കൊണ്ടുപോകുന്ന ഡ്രൈവര്‍ ആകണമെന്ന് താന്‍ നസ്രിയയോട് പറഞ്ഞിട്ടുണ്ടെന്നും അന്ന് ആ അഭിമുഖത്തില്‍ ഫഹദ് പറഞ്ഞിരുന്നു.