ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ റിഷബ് പന്തിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കണമെന്ന് മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം ഫാഫ് ഡു പ്ലെസി. പന്ത് അസാമാന്യ പ്രതിഭയുള്ള താരമാണെന്നും ടെസ്റ്റില്‍ അതിവേഗം റണ്‍സ് അടിച്ചുകൂട്ടുന്ന താരത്തിന്റെ ടി – 20 സ്‌ട്രൈക്ക് റേറ്റ് 130ന് അടുത്താണെന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ടി – 20യില്‍ തിളങ്ങാന്‍ കൃത്യമായ പ്ലാന്‍ ആവശ്യമാണെന്നും അതിനാല്‍ നിക്കോളാസ് പൂരനെ താഴെക്കിയിറക്കി പന്തിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കുന്നത് ഉചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിയോ ഹോട്ട്സ്റ്റാറില്‍ സംസാരിക്കുകയായിരുന്നു ഡു പ്ലെസി.
ഫാഫ് ഡു പ്ലെസി. Photo: Crictracker
‘റിഷബ് പന്ത് അസാമാന്യ പ്രതിഭയാണ്. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും സിക്സര്‍ അടിക്കാന്‍ കഴിയുന്ന താരത്തിന്റെ കൈയില്‍ നിരവധി ഷോട്ടുണ്ട്. ഏത് പന്തും സിക്‌സര്‍ അടിക്കാമെന്ന ചിന്ത പലപ്പോഴും അവനെ സമ്മര്‍ദത്തിലാക്കുന്നു. എന്നാല്‍, ടി – 20യില്‍ കൃത്യമായ പ്ലാന്‍ ആവശ്യമുണ്ട്.
ടെസ്റ്റില്‍ അതിവേഗം റണ്‍സ് അടിച്ചുകൂട്ടുന്ന താരത്തിന്റെ ടി – 20 സ്‌ട്രൈക്ക് റേറ്റ് 130ന് അടുത്താണെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ടോപ് ഓര്‍ഡറില്‍ എല്‍.എസ്.ജിക്ക് പന്തിനൊപ്പം ഏയ്ഡന്‍ മര്‍ക്രം, മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പൂരന്‍ എന്നിവരുണ്ട്.
കഴിഞ്ഞ സീസണില്‍ മര്‍ക്രമും മാര്‍ഷും ഓപ്പണിങ്ങില്‍ മികച്ച പ്രകടനമാണ് നടത്തിയത്. അതിനാല്‍ പൂരനെ നാലാം നമ്പറിലേക്ക് ഇറക്കി പന്തിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കുന്നതാണ് ഉചിതം. ആ സ്ഥാനത്ത് കളിപ്പിക്കുന്നത് അവനെ മികച്ച താരമാകാകാന്‍ സഹായിക്കും,’ ഡു പ്ലെസി പറഞ്ഞു.
2016 മുതല്‍ ഐ.പി.എല്ലില്‍ കളിക്കുന്ന പന്ത് ടൂര്‍ണമെന്റില്‍ 3553 റണ്‍സെടുത്തിട്ടുണ്ട്. ദല്‍ഹി ക്യാപിറ്റല്‍സിനും ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനുമായി ഇറങ്ങിയ താരം 147.61 സ്‌ട്രൈക്ക് റേറ്റാണുള്ളത്. എന്നാല്‍, താരത്തിനുള്ളത് അന്താരാഷ്ട്ര ടി – 20കളില്‍ 127. 26 സ്‌ട്രൈക്ക് റേറ്റ് മാത്രമാണ്.
Content Highlight: Faf Du Plessis suggest new position for Rishabh Pant in IPL 2026