Film News
കിങ് ഓഫ് കൊത്തക്ക് എന്താണ് പറ്റിയത്?
ദുല്‍ഖര്‍ സല്‍മാന്റെ പാന്‍ ഇന്ത്യന്‍ റീച്ച് കൊണ്ട് വമ്പന്‍ ഹൈപ്പുയര്‍ന്ന ചിത്രമാണ് കിങ് ഓഫ് കൊത്ത. അക്ഷരാര്‍ത്ഥത്തില്‍ ഈ സിനിമക്കായി പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നു. ഇന്ത്യയിലെ പല നഗരങ്ങള്‍ ഇളക്കി മറിച്ച പ്രൊമോഷന് ശേഷമാണ് ചിത്രം റിലീസ് ചെയ്തത്. എന്നാല്‍ ആദ്യദിനം മുതല്‍ തന്നെ സമ്മിശ്ര പ്രതികരണമായിരുന്നു കിങ് ഓഫ് കൊത്തക്ക് ലഭിച്ചത്.
ഒ.ടി.ടി റിലീസായി നെറ്റ്ഫ്‌ളിക്‌സിലും കിങ് ഓഫ് കൊത്ത സ്ട്രീമിങ് ആരംഭിച്ചിരുന്നു. പിന്നാലെ കൂടുതല്‍ പരിഹാസങ്ങള്‍ക്കാണ് ചിത്രം വിധേയമാവുന്നത്. എന്താണ് കിങ് ഓഫ് കൊത്തയെ പിന്നോട്ടടിച്ചത്? അതിന് പല കാരണങ്ങളുണ്ട്.

മാസ് ആക്ഷന്‍ മൂവി എന്ന ലേബലിലാണ് കിങ് ഓഫ് കൊത്ത തിയേറ്ററുകളിലേക്ക് എത്തിയത്. ഇതുവരെ പുറത്തുവന്നിട്ടുള്ള മാസ് സിനിമകളുടെ അതേ അച്ചിലാണ് ചിത്രം എഴുതിയിരിക്കുന്നത്. ഒരു ഗ്യാങ്സ്റ്ററിന്റെ ഉദയം, പ്രണയം, ചതി, പ്രതികാരം, തിരിച്ചടി എന്നീ നിലകളിലൂടെയെല്ലാം ചിത്രം പോകുന്നുണ്ട്.
ദുല്‍ഖര്‍ എന്ന താരത്തെ രാജു എന്ന കഥാപാത്രമായി ചിത്രത്തില്‍ ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്. ദുല്‍ഖര്‍ ഫാന്‍സിന് KOK ഒരു ഫെസ്റ്റ് തന്നെയാണ്. എന്നാല്‍ രാജു എന്ന കഥാപാത്രത്തെ എലവേറ്റ് ചെയ്യുന്നതില്‍ കാണിച്ച ശ്രദ്ധ കഥക്ക് ലഭിച്ചിട്ടില്ല. രാജുവിനെ അവതരിപ്പിക്കാനായി ഓരോ രംഗവും അടുക്കിവെച്ചതുപോലെയുണ്ടായിരുന്നു.

രാജു എന്ന നായകന് സുഹൃത്തിനോടും കാമുകിയോടും കുടുംബത്തോടുമുള്ള തീവ്രമായ ബന്ധവും അതിലുണ്ടാകുന്ന വഴിത്തിരിവുകളും ചിത്രത്തില്‍ കാണിക്കുന്നുണ്ട്. ഇവര്‍ ഓരോരോത്തരുമായി രണ്ടോ മൂന്നോ രംഗങ്ങളുണ്ട്. എന്നാല്‍ അത് കാണുന്നവര്‍ക്ക് കണക്ടാകാന്‍ മാത്രം പര്യാപ്തമായിരുന്നില്ല. ടീസറിലും ട്രെയ്ലറിലും രോമാഞ്ചത്തോടെ കണ്ടിരുന്ന രംഗങ്ങള്‍ക്കൊന്നും സിനിമയില്‍ ആ എഫക്ട് തരാനായില്ല.
നായകന്‍ അതിശക്തനാണെന്ന് വില്ലന് തന്നെ അറിയാം. എന്നാലും അയാള്‍ തോല്‍ക്കാനായി വീണ്ടും വീണ്ടും ശ്രമങ്ങള്‍ നടത്തുകയാണ്. മാസ് സിനിമകളിലെ വില്ലന്മാര്‍ ശക്തരാവുമ്പോള്‍ അത് കഥയെ കൂടുതല്‍ ഉയര്‍ത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ രാജുവിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒരു നീക്കം നടത്താന്‍ അയാള്‍ക്കാവുന്നില്ല. സെക്കന്‍ഡ് ഹാഫില്‍ അത്തരമൊരു നീക്കമുണ്ടാവുന്നുണ്ടെങ്കിലും അത് രാജു പുല്ലുപോലെ മറികടക്കുന്നുണ്ട്. വില്ലനും നായകനും തമ്മിലുള്ള പോരാട്ടം ശക്തമാവുമ്പോള്‍ സിനിമ കൂടുതല്‍ ശക്തമാവുകയാണ് ചെയ്യുന്നത്.

സംഭാഷണങ്ങളിലും ഈ പ്രശ്നമുണ്ട്. ഒരു മാസ് സിനിമയില്‍ പഞ്ച് ഡയലോഗുകള്‍ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. എന്നാല്‍ കൊത്ത കണ്ടുകഴിഞ്ഞിറങ്ങുമ്പോള്‍ മനസിലിരിക്കുന്ന ഒരു ഡയലോഗ് പോലുമുണ്ടാവില്ല. തന്നെയുമല്ല ഒ.ടി.ടിയില്‍ പരിഹാസം ഏറ്റുവാങ്ങുന്നത് ചിത്രത്തിലെ ഡയലോഗുകളാണ്.

അതേസമയം പ്രൊഡക്ഷന്‍ ക്വാളിറ്റിയില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ചിത്രം സ്വീകരിച്ചിരിക്കുന്നത്. ഒരു നാട് മുഴുവനും പ്രേക്ഷകന് വിശ്വസിക്കാവുന്ന രീതിയില്‍ പണിതെടുക്കുന്നത് അത്ര എളുപ്പമല്ല. ആക്ഷന്‍ രംഗങ്ങളും മികവുറ്റതാണ്. ചിത്രത്തില്‍ ഏറ്റവും മികച്ച ഘടകങ്ങളിലൊന്നും ആക്ഷനാണ്. ജേക്ക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതവും ചിത്രത്തെ എലവേറ്റ് ചെയ്യുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം അള്‍ട്ടിമേറ്റ്ലി കഥക്ക് പിന്നിലെ വരുകയുള്ളു. കണ്ടന്റാണ് കിങ്, പ്രത്യേകിച്ച് മലയാളം സിനിമയില്‍. ആ ഏരിയയിലാണ് കിങ് ഓഫ് കൊത്തക്ക് പാളിച്ച പറ്റിയതും.
ഡൂള്‍ ന്യൂസിന്റെ വാട്‌സ് ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Factors behind the backlash of King of Kotha