പൂനെ: മഹാരാഷ്ട്രയിലെ ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിൽ ഹിന്ദി ഭാഷ പഠിപ്പിക്കുമെന്ന ത്രിഭാഷാ നയം സംബന്ധിച്ച ഉത്തരവുകൾ പിൻവലിച്ച് ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി സർക്കാർ.
മഹാരാഷ്ട്രയിലെ സ്കൂളുകളിൽ ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിൽ ഹിന്ദി ഭാഷ അവതരിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ത്രിഭാഷാ നയം നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള രണ്ട് സർക്കാർ പ്രമേയങ്ങൾ പിൻവലിക്കാൻ ജൂൺ 29 ഞായറാഴ്ച സംസ്ഥാന മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.
സംസ്ഥാന നിയമസഭയുടെ മൺസൂൺ സമ്മേളനത്തിന് തലേന്ന് മുംബൈയിൽ നടന്ന പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ജി.ആർ.എസ് പിൻവലിച്ചതായും ഭാഷാ നയത്തിൽ മുന്നോട്ടുള്ള വഴി നിർദേശിക്കുന്നതിനായി സാമ്പത്തിക ശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിദഗ്ദ്ധനുമായ ഡോ. നരേന്ദ്ര ജാദവിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചതായും പറഞ്ഞു.
‘ത്രിഭാഷാ നയം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രിൽ, ജൂൺ മാസങ്ങളിൽ പുറപ്പെടുവിച്ച സർക്കാർ പ്രമേയങ്ങൾ പിൻവലിക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. ത്രിഭാഷാ ഫോർമുല നടപ്പിലാക്കാൻ ശുപാർശ ചെയ്യുന്നതിനായി ഡോ. നരേന്ദ്ര ജാദവിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കും,’ ഫഡ്‌നാവിസ് പറഞ്ഞു.
ഇംഗ്ലീഷ്, മറാത്തി മീഡിയം സ്കൂളുകളിൽ പഠിക്കുന്ന ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഹിന്ദി നിർബന്ധിത മൂന്നാം ഭാഷയാക്കി ഫഡ്‌നാവിസ് സർക്കാർ ഏപ്രിൽ 16 ന് ഒരു പ്രമേയം പുറപ്പെടുവിച്ചിരുന്നു. പ്രൈമറി സ്കൂൾ തലത്തിൽ കേന്ദ്രത്തിന്റെ ദേശീയ വിദ്യാഭ്യാസ നയം 2020 ഘട്ടം ഘട്ടമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായിരുന്നു ഈ നീക്കം.
ഇതിനെതിരെ ശക്തമായ എതിർപ്പുകൾ വന്നതോടെ ഹിന്ദിയെ ഒരു ഓപ്ഷണൽ ഭാഷയാക്കി സർക്കാർ ഭേദഗതി ചെയ്ത പുതിയ പ്രമേയം പുറപ്പെടുവിക്കുകയും സ്കൂളിൽ ഒരു ക്ലാസിൽ 20 വിദ്യാർത്ഥികൾ ഹിന്ദിയല്ലാതെ മറ്റേതെങ്കിലും ഇന്ത്യൻ ഭാഷ പഠിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചാൽ അത് പഠിക്കാനുള്ള ഓപ്ഷൻ നൽകുകയും ചെയ്തു.
ജൂൺ 27 ന്, മറാത്തി ഭാഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാരിന് ശുപാർശകൾ നൽകുന്ന ഭാഷാ ഉപദേശക സമിതി, അഞ്ചാം ക്ലാസിന് മുമ്പ് ഹിന്ദി ഉൾപ്പെടെയുള്ള മൂന്നാം ഭാഷ പഠിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു പ്രമേയം പാസാക്കിയിരുന്നു.
അതേസമയം സർക്കാരിന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിർമ്മാൺ സേന (എം.എൻ.എസ്), ഉദ്ധവ് താക്കറെയുടെ ശിവസേന (യു.ബി.ടി) എന്നിവർ ജൂലൈ അഞ്ചിന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷേധ മാർച്ച് റദ്ദാക്കിയതായി അറിയിച്ചു.
Content Highlight: Facing backlash, Maharashtra withdraws Hindi language policy orders