സക്കര്‍ബര്‍ഗ് മുട്ടുമടക്കി; ഡാറ്റാ സംരക്ഷണ വിഷയത്തില്‍ യു.എസ് സഭയില്‍ നേരിട്ട് ഹാജരാവും
Cambridge Analytica
സക്കര്‍ബര്‍ഗ് മുട്ടുമടക്കി; ഡാറ്റാ സംരക്ഷണ വിഷയത്തില്‍ യു.എസ് സഭയില്‍ നേരിട്ട് ഹാജരാവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th April 2018, 8:46 pm

ഡാറ്റാ സംരക്ഷണ വിഷയത്തില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് യു.എസ് പ്രതിനിധി സഭയില്‍ ഹാജരാവും. തനിക്ക് പകരം ഫേസ്ബുക്കിനെ പ്രതിനിധീകരിച്ച് മറ്റൊരാളെ അയക്കുമെന്നായിരുന്നു സക്കര്‍ബര്‍ഗ് നേരത്തേ അറിയിച്ചത്. എന്നാല്‍ ഡേറ്റാ ചോര്‍ച്ച വിവാദം ശക്തമായതോടെ സക്കര്‍ബര്‍ഗ് തന്നെ നേരിട്ടെത്താന്‍ തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍ 11നാണ് അദ്ദേഹം ഹാജരാവുക.

കേംബ്രിഡ്ജ് അനലിറ്റിക്ക അമ്പത് ദശലക്ഷം ആളുകളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്ത സംഭവത്തില്‍ ഫേസ്ബുക്കിനെ കൂട്ടുപ്രതിയാക്കി യു.എസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍ സക്കര്‍ബര്‍ഗ് ഉപഭോക്താക്കളോട് മാപ്പുപറഞ്ഞിരുന്നു. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ വീഴ്ച സംഭവിച്ചു എന്നാണ് സക്കര്‍ബര്‍ഗ് കുറ്റസമ്മതം നടത്തിയത്.


Read Also: കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ചട്ടവിരുദ്ധ പ്രവേശനം സാധുവാക്കിയുള്ള നിയമഭേദഗതി ആര്‍ക്കുവേണ്ടി?


വ്യക്തികളുടെ അനുമതിയില്ലാതെ അവരുടെ വിവരങ്ങള്‍ ശേഖരിച്ച് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുകയെന്ന കേംബ്രിഡ്ജ് അനലിറ്റിക്കയുടെ പ്രചരണ തന്ത്രം “ന്യൂയോര്‍ക്ക് ടൈംസും” “ഒബ്സര്‍വറും” ചേര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വ്യക്തമായത്. സംഭവവുമായി ബന്ധപ്പെട്ട് തെളിവുകള്‍ നല്‍കാന്‍ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക സക്കര്‍ബര്‍ഗിനോട് ബ്രിട്ടണ്‍ പാര്‍ലമെന്റും യൂറോപ്യന്‍ പാര്‍ലമെന്റും ആവശ്യപ്പെട്ടിട്ടുണ്ട്.


Read Also: അഞ്ചു ശൂദ്രന്മാരെ കൊല്ലുന്നത് ഒരു അശ്വമേധയാഗത്തിനു തുല്യമായ പുണ്യകര്‍മ്മം; ആര്‍.എസ്.എസുകാരിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ തോമസ് ഐസക്ക്


ഉപഭോക്താക്കളുടെ വിവരങ്ങളെ ചൂഷണം ചെയ്തും വിറ്റുമാണ് ഫേസ്ബുക്ക് പണം സമ്പാദിക്കുന്നതെന്ന വിമര്‍ശനം മുന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി ഉദ്യോഗസ്ഥനും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പൗരന്‍മാരുടെ വ്യക്തിവിരങ്ങള്‍ ചോര്‍ത്തുന്നതായി വെളിപ്പെടുത്തുകയും ചെയ്ത എഡ്വേഡ് സ്നോഡന്‍ ആരോപണം ഉന്നയിച്ചിരുന്നു. വിഷയം ആഗോളതലത്തില്‍ തന്നെ വന്‍ വിവാദമായതിനെ തുടര്‍ന്നാണ് സക്കര്‍ബര്‍ഗ് നേരിട്ടെത്തുന്നത്.