ജോണ്‍ ബ്രിട്ടാസിന്റെ രാജ്യസഭാംഗത്വം; ഇടത് അനുകൂല പ്രൊഫൈലുകളില്‍ നിന്ന് വ്യാപക വിമര്‍ശനം
Kerala News
ജോണ്‍ ബ്രിട്ടാസിന്റെ രാജ്യസഭാംഗത്വം; ഇടത് അനുകൂല പ്രൊഫൈലുകളില്‍ നിന്ന് വ്യാപക വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th April 2021, 3:14 pm

തിരുവനന്തപുരം: കൈരളി ടി.വി എം.ഡി ജോണ്‍ ബ്രിട്ടാസിനെ രാജ്യസഭാ സീറ്റിലേക്ക് നിര്‍ദ്ദേശിച്ച സി.പി.ഐ.എം നടപടിയ്‌ക്കെതിരെ വിമര്‍ശനവുമായി ഇടത് അനുകൂലികള്‍. ഫേസ്ബുക്കിലെ ഇടതുപക്ഷ അനുകൂല പ്രൊഫൈലുകളില്‍ നിന്നാണ് വിമര്‍ശനമുയരുന്നത്.

ബ്രിട്ടാസിനെ ശരിക്കും രാജ്യസഭയിലേക്ക് അയയ്ക്കുന്നത് ശരിയല്ലെന്നും നിയമസഭയില്‍ മത്സരിപ്പിച്ച് മുഖ്യമന്ത്രിയാക്കേണ്ടിയിരുന്നുവെന്നാണ് ചിലര്‍ ഫേസ്ബുക്കിലെഴുതിയത്. ബ്രിട്ടാസിനെ ഉള്‍ക്കൊള്ളേണ്ട സ്ഥിതിയല്ല പാര്‍ലമെന്റിന് ഇപ്പോള്‍ എന്നും കെ.കെ രാഗേഷ് തന്നെ വീണ്ടും വരണമെന്നായിരുന്നു മറ്റ് ചില കമന്റുകള്‍.

പാര്‍ലമെന്റില്‍ ഒരു കമ്മ്യൂണിസ്റ്റിനെ പ്രതിനിധാനം ചെയ്യാന്‍ ബ്രിട്ടാസിന് യോഗ്യതയില്ലെന്നും ദേശീയ തലത്തില്‍ സമര പങ്കാളിയായ വിജു കൃഷ്ണന്‍ എം.പിയായിരുന്നെങ്കില്‍ ഗുണം ചെയ്‌തേനെയെന്നും ചിലര്‍ ഫേസ്ബുക്കിലെഴുതി.

വളരെ മികച്ച തീരുമാനം. എം.വി ശ്രേയാംസ് കുമാറിന് നല്ലൊരു കൂട്ടായിരിക്കും രാജ്യ സഭയില്‍ (കല്‍പ്പറ്റയില്‍ തോറ്റാല്‍). ദല്‍ഹി കേന്ദ്രീകരിച്ച് ഇടത് അനുകൂല വാര്‍ത്തകളുടെ കുത്തൊഴുക്ക് ആയിരിക്കും ഇനി. കര്‍ഷക സമരവും കാല്‍നട ജാഥയും ഒക്കെ നടത്തുന്ന വിജു കൃഷ്ണനൊക്കെ ഇനിയും സമയമുണ്ട് പാര്‍ലമെന്ററി ജനാധിപത്യത്തിലേക്ക് പ്രവേശിക്കാന്‍. ജനങ്ങള്‍ പാര്‍ട്ടിയെ തിരുത്തുകയില്ല കാരണം പാര്‍ട്ടി പൊതുജനങ്ങളെക്കാള്‍ ഉയര്‍ന്ന രാഷ്ട്രീയ ബോധത്തിന്റെ ആവിഷ്‌കാരമാണ് എന്ന് താത്വികമെന്ന് ചിലര്‍ കമന്റ് ചെയ്തു.

അതേസമയം ജോണ്‍ ബ്രിട്ടാസ് ലീഗിന്റെ നോമിനി ആയ അബ്ദുല്‍ വഹാബിനെക്കാളും ഭേദമാണെന്നും ചിലര്‍ കമന്റ് ചെയ്തു. എ.വി ശ്രേയാംസ് കുമാറിനെക്കാള്‍ ഭേദമാണെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.

ഏപ്രില്‍ 16നാണ് രാജ്യസഭാ സീറ്റിലേക്കുള്ള സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്.
കൈരളി ടി.വി എം.ഡി ജോണ്‍ ബ്രിട്ടാസും എസ്.എഫ്.ഐ മുന്‍ ദേശീയ ഭാരവാഹിയും സി.പി.ഐ.എം സംസ്ഥാന സമിതി അംഗവുമായ ഡോ. വി. ശിവദാസനുമാണ് സ്ഥാനാര്‍ത്ഥികളാകുന്നത്.

നേരത്തെ സി.പി.ഐ.എമ്മിന്റെ സാധ്യതപ്പട്ടികയിലുണ്ടായിരുന്നവരാണ് ജോണ്‍ ബ്രിട്ടാസും വി.ശിവദാസനും. ജോണ്‍ ബ്രിട്ടാസിനെ രാജ്യസഭയിലെത്തിക്കാന്‍ നേരത്തെയും സംസ്ഥാന നേതൃത്വം ശ്രമിച്ചിരുന്നു. പക്ഷെ പാര്‍ട്ടി നേതാക്കള്‍ തന്നെ വേണമെന്ന് കേന്ദ്രം നിര്‍ദേശിച്ചതിനെ തുടര്‍ന്ന് സീറ്റ് ലഭിച്ചിരുന്നില്ല. എന്നാല്‍ ഇപ്രാവശ്യം ബ്രിട്ടാസിന് മുന്‍ വര്‍ഷങ്ങളേക്കാള്‍ സാധ്യതകള്‍ വര്‍ധിച്ചിട്ടുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം, ടേം പൂര്‍ത്തിയാക്കുന്ന കെ. കെ രാഗേഷിന് ഒരു തവണ കൂടി അവസരം നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. കിസാന്‍സഭ ദേശീയ നേതാവെന്ന നിലയില്‍ കര്‍ഷകപ്രതിഷേധത്തിലടക്കമുള്ള രാഗേഷിന്റെ പ്രവര്‍ത്തനങ്ങളും മികച്ച രാജ്യസഭാംഗമെന്ന റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടിയാണ് രാഗേഷിന് തുടരാന്‍ അവസരം നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്നത്. എന്നാല്‍ രാഗേഷിന് വീണ്ടും അവസരം നല്‍കേണ്ടതില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കുകയായിരുന്നു.

ചെറിയാന്‍ ഫിലിപ്പായിരുന്നു സാധ്യത കല്‍പ്പിച്ചിരുന്ന മറ്റൊരു നേതാവ്. രാജ്യസഭ സീറ്റ് നല്‍കുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിന് നിമയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതിരുന്നതെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. സി.പി.ഐ.എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം. എം വര്‍ഗീസാണ് സാധ്യതാപ്പട്ടികയിലുണ്ടായിരുന്ന മറ്റൊരാള്‍.

കേരള മന്ത്രിസഭയില്‍ നിന്ന് ഒഴിയുന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി ജയരാജന്‍, എ.കെ ബാലന്‍, തോമസ് ഐസക് തുടങ്ങിയവരെയും പരിഗണിക്കുന്നുവെന്നാിയിരുന്നു റിപ്പോര്‍ട്ടുകള്‍. രണ്ട് തവണ തുടര്‍ച്ചയായി എം.എല്‍.എയായവരെ നിയമസഭാ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ നിന്നും സി.പി.ഐ.എം ഒഴിവാക്കിയിരുന്നു.

മുതിര്‍ന്ന നേതാവായ ജി.സുധാകരന്റെയും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും കിസാന്‍സഭ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമായ വിജു കൃഷ്ണന്റെ പേരുകളും ഉയര്‍ന്നുകേട്ടിരുന്നു.

അതേസമയം, യു.ഡി.എഫില്‍ നിന്നും പി.വി അബ്ദുള്‍ വഹാബ് രാജ്യസഭയിലേക്കെത്തുമെന്ന് തന്നെയാണ് അവസാന ഘട്ടത്തിലും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മറ്റാരുടെയും പേര് സാധ്യതപ്പട്ടികയില്‍ ഉയര്‍ന്നിട്ടില്ല. അടുത്ത ചൊവ്വാഴ്ച വരെയാണ് പത്രിക നല്‍കാനുള്ള സമയം. ഏപ്രില്‍ 30നാണ് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനകം രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Facebook Posts Aganist John Britta’s Rajyasabha Candidateship