സമരത്തെ പുച്ഛിച്ച ജീവനക്കാരന് ജോലി ലഭിച്ചത് സമരങ്ങളിലൂടെ; വന്ന വഴി മറക്കരുതെന്ന് വിമര്‍ശനം
Kerala
സമരത്തെ പുച്ഛിച്ച ജീവനക്കാരന് ജോലി ലഭിച്ചത് സമരങ്ങളിലൂടെ; വന്ന വഴി മറക്കരുതെന്ന് വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th July 2025, 3:31 pm

കോഴിക്കോട്: ദേശീയ പണിമുടക്ക് ദിനത്തില്‍ സമരം ചെയ്യാനെത്തിയ സമരക്കാരും സിവില്‍ സ്റ്റേഷന്‍ ജീവനക്കാരനും തമ്മിലുള്ള സംഭാഷണം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. പണിമുടക്ക് ആയതിനാല്‍ ജോലി നിര്‍ത്തണമെന്ന്‌ സമരക്കാര്‍ ആവശ്യപ്പെട്ടിട്ടും മുക്കം സിവില്‍ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായ ധനേഷ് സുന്ദര്‍ ജോലി തുടരുകയായിരുന്നു.

ഈ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ യുവാവിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പിന്‍വാതില്‍ നിയമനത്തിലൂടെയല്ല ജോലി കിട്ടിയതെന്നും സന്ദേശം സിനിമയിലെ രംഗമല്ലേ ഇത് എന്നിങ്ങനെയുള്ള പ്രതികരണങ്ങളാണ് വിഡിയോയ്ക്ക് ലഭിച്ചിരുന്നത്.

ഇപ്പോഴിതാ ഇത്തരത്തിലുള്ള സമരങ്ങളുടെ ഭാഗമായാണ് ധനേഷിനും ജോലി ലഭിച്ചതെന്ന് മറ്റൊരു യുവാവ് ഫ്‌സ്ബുക്ക് പോസ്റ്റ് വഴി വെളിപ്പെടുത്തിയിരിക്കുകയാണ്. സ്‌പോര്‍ട്‌സ്‌ ക്വാട്ട വഴിയുള്ള നിയമനങ്ങള്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുന്ന കാലത്ത് നടന്ന സമരങ്ങളുടെ ഫലമായി ജോലി ലഭിച്ചയാളാണ് ധനേഷെന്നും കസേരയില്‍ ഇരുന്ന്‌ കഴിഞ്ഞാല്‍ വന്ന വഴി മറക്കുന്നവരാണ് ഭൂരിഭാഗം പേരെന്നും അനൂപ് എന്‍.എ എന്ന യുവാവ് ഫേസ്ബുക്കില്‍ കുറിച്ചു.

‘ഇന്നലെ മാധ്യമങ്ങളുടെ ഹീറോയും, അരാഷ്ട്രീയ പേജുകളുടെ സിംബലുമായി മാറിയ ഇദ്ദേഹത്തിന് ജോലി കിട്ടിയത് എങ്ങനെയാണെന്ന് അറിഞ്ഞാല്‍ സമരവിരോധികള്‍ ഓടി രക്ഷപ്പെടും. ഒരു വലിയ സമരത്തിന്റെ ബാക്കിപത്രമാണ് ഇദ്ദേഹത്തിന്റെ ജോലി. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ജോലി ലഭിച്ച ആളാണ് ഇദ്ദേഹം.

ഇദ്ദേഹത്തിന് അര്‍ഹതയുണ്ട് താനും. സ്‌പോര്‍ട്‌സ് ക്വാട്ടയിലെ നിയമനങ്ങള്‍ നടപ്പാക്കാതിരിക്കുന്നതില്‍ പ്രതിഷേധിച്ചുകൊണ്ട് 2011- 16 കാലത്ത് രൂക്ഷമായ സമരങ്ങള്‍ കേരളം കണ്ടിട്ടുണ്ട്. അതിന്റെ ഭാഗമായി 2016 ല്‍ പുതിയ സര്‍ക്കാര്‍ വന്നതിനുശേഷം 249 സ്‌പോര്‍ട്‌സ് ക്വാട്ട നിയമനങ്ങള്‍ നടന്നു. അതിലൊരാളാണ് ഇദ്ദേഹം.

അതായത് ഒരു സമരത്തിന്റെ റിസള്‍ട്ട് ആണ് ഇദ്ദേഹത്തിന്റെ ജോലി. കസേരയില്‍ കയറി ഇരുന്നു കഴിഞ്ഞാല്‍ വന്ന വഴി മറക്കുന്നവര്‍ ആണല്ലോ ബഹുഭൂരിപക്ഷവും? അനൂപ് ഫേസ്ബുക്കില്‍ എഴുതി.

 അനൂപിന്റെ പോസ്റ്റിനെ അനുകൂലിച്ച് നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവരുടെ വിയര്‍പ്പ് കൊണ്ടു ജോലി മേടിക്കുക, ജോലി കിട്ടി കഴിഞ്ഞാല്‍ ഇത്തരക്കാര്‍ക്ക് പുച്ഛമാണെന്നും വല്ലവനും തടി കേടാക്കി സമരം ചെയ്തത് വാങ്ങി നക്കിയിട്ട് സമരങ്ങളെ പുച്ഛിക്കുകയാണെന്നുമൊക്കെയാണ് കമന്റുകള്‍

Content Highlight: Facebook post against civil station issue in all India strike day