പ്രിയദര്‍ശന് 'അം', ഫാസിലിന് ചന്ദ്രകല ; വൈറലായി ചിത്രങ്ങളുടെ പേരിലെ സാദൃശ്യം
Malayalam Cinema
പ്രിയദര്‍ശന് 'അം', ഫാസിലിന് ചന്ദ്രകല ; വൈറലായി ചിത്രങ്ങളുടെ പേരിലെ സാദൃശ്യം
അശ്വിന്‍ രാജേന്ദ്രന്‍
Sunday, 1st March 2026, 12:19 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരും ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരില്‍ രണ്ടുപേരുമാണ് പ്രിയദര്‍ശനും ഫാസിലും. പൂച്ചക്കൊരു മൂക്കുത്തി എന്ന മലയാള ചിത്രം സംവിധാനം ചെയ്ത് കൊണ്ട് തുടങ്ങിയ പ്രിയദര്‍ശന്‍ മലയാളത്തിന് പുറമെ ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം ഇന്‍ഡസ്ട്രിയായ ബോളിവുഡിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഹെര ഫേരി, ഹംഗാമ, ഹുല്‍ച്ചുല്‍, ഭൂല്‍ ഭുലയ്യ തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളാണ് പ്രിയദര്‍ശന്‍ ഹിന്ദിയില്‍ നിര്‍മിച്ചിട്ടുള്ളത്. അതേസമയം 1980 ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ഫാസില്‍ സംവിധാന കുപ്പായം അണിയുന്നത്.

പ്രിയദര്‍ശനും ഫാസിലും. Photo: Wikipedia

ഇപ്പോഴിതാ ഇരുവരും ചെയ്ത് ഹിറ്റടിച്ച മലയാളം ചിത്രങ്ങളുടെ പേരിലെ സാമ്യതയാണ് ഫേസ്ബുക്കിലെ സിനിമാ പേജുകളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. പേരുകള്‍ അവസാനിക്കുന്ന രീതിയിലെ സാദൃശ്യമാണ് ഇത്തരത്തിലൊരു താരതമ്യത്തിന് കാരണമായത്. പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ ‘അം’ എന്ന ശബ്ദത്തില്‍ അവസാനിക്കുമ്പോള്‍ ഫാസിലിന്റെ പല ഹിറ്റ് ചിത്രങ്ങളും ചന്ദ്രക്കലയോട് കൂടി അവസാനിക്കുന്നു എന്നതാണ് പ്രേക്ഷകരെ ആശ്ചര്യപ്പെടുത്തുന്നത്.

പ്രിയദര്‍ശന്റെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളുടെ പേരുകള്‍ പങ്കുവെച്ചുകൊണ്ടാണ് സിനിമാ പേജില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. താളവട്ടം, ചിത്രം, വന്ദനം, കിലുക്കം, മിഥുനം, മിന്നാരം, മേഘം, കിളിച്ചുണ്ടന്‍ മാമ്പഴം, വെട്ടം, ഒപ്പം തുടങ്ങിയവയാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘അം’ ല്‍ അവസാനിക്കുന്ന ചിത്രങ്ങള്‍. പോസ്റ്റ് വൈറലായതോടെയാണ് ഇത്തരത്തില്‍ ഫാസിലിന്റെ ചിത്രങ്ങള്‍ ചന്ദ്രക്കലയില്‍ അവസാനിക്കുന്നുവെന്ന വസ്തുത ചിലര്‍ കണ്ടുപിടിച്ചത്.

സംവിധായകന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ മണിച്ചിത്രത്താഴ്, എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, എന്റെ സൂര്യപുത്രിക്ക്, പപ്പയുടെ സ്വന്തം അപ്പൂസ്, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, വിസ്മയത്തുമ്പത്ത് തുടങ്ങിയ ചിത്രങ്ങളാണ് ഈ പാറ്റേണ്‍ പിന്തുടരുന്നത്. ഇത്തരത്തില്‍ പേരുകള്‍ വന്നതിന് പിന്നില്‍ പ്രത്യേക കാരണങ്ങളില്ലെങ്കിലും മലയാളത്തിലെ മറ്റ് സംവിധായയകരുടെ സിനിമാ പേരുകളും ഇതിന് താഴെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

Photo: JIO Saavan/ Reddit

തമിഴ് സംവിധായകന്‍ ശങ്കറിന്റെ ചിത്രങ്ങള്‍ ‘ന്‍’ ല്‍ ആണ് അവസാനിക്കുന്നതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ജെന്റില്‍മാന്‍, കാതലന്‍, അന്യന്‍, എന്തിരന്‍ തുടങ്ങിയവയാണ് സംവിധായകന്റെ ഒരുപോലെ അവസാനിക്കുന്ന ചിത്രങ്ങള്‍. അതേസമയം പ്രിയദര്‍ശന്റെ ചിത്രങ്ങളുടെ പേരുകള്‍ അവസിനിക്കുന്നത് ഒരുപേലെയാണെങ്കിലും ചിത്രത്തിന്റെ കഥയുമായി ഈ പേരുകള്‍ക്ക് പ്രത്യേകിച്ച് ബന്ധമൊന്നുമുണ്ടാവില്ലെന്നാണ് പലരുടെയും അഭിപ്രായം.

മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടായ സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്ത ചിത്രങ്ങളുടെ ഭൂരിഭാഗവും ഇംഗ്ലീഷ് വാക്കുകളാണെന്ന സവിശേഷതയും ചിലര്‍ പങ്കുവെക്കുന്നുണ്ട്. റാംജി റാവു സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, തുടങ്ങിയ ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ പെടുന്നു.

 

Content Highlight: Facebook post about similarities in the titles of Priyadarshan and Fazil directed movies

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.