ഇന്‍സ്റ്റഗ്രാമില്‍ വിഷ്വല്‍ സെര്‍ച്ച്; വാട്‌സ്ആപ്പിലും മാര്‍ക്കറ്റിങ് ഫീച്ചറുകള്‍ ഉടന്‍ വരുന്നതായി മാര്‍ക്ക് സുക്കര്‍ബര്‍ഗ്
World News
ഇന്‍സ്റ്റഗ്രാമില്‍ വിഷ്വല്‍ സെര്‍ച്ച്; വാട്‌സ്ആപ്പിലും മാര്‍ക്കറ്റിങ് ഫീച്ചറുകള്‍ ഉടന്‍ വരുന്നതായി മാര്‍ക്ക് സുക്കര്‍ബര്‍ഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd June 2021, 12:52 am

കാലിഫോര്‍ണിയ: ഓണ്‍ലൈന്‍ ബിസിനസ്സിനെ പിന്തുണയ്ക്കുന്നതും ഇ-ഷോപ്പിംഗ് എളുപ്പമാക്കുന്നതിനുമായി പുതിയ സവിശേഷതകള്‍ വാട്‌സ്ആപ്പിലും ഉടന്‍ വരുന്നതായി ഫേസ്ബുക്ക് സി.ഇ.ഒ. മാര്‍ക്ക് സുക്കര്‍ബര്‍ഗ്.

ഇന്‍സ്റ്റഗ്രാം വിഷ്വല്‍ സെര്‍ച്ച്, വാട്ട്സ്ആപ്പ് മാര്‍ക്കറ്റ് പ്ലേസ് ഷോപ്പുകള്‍ തുടങ്ങിയ ഫീച്ചറുകളുമായാണ് ഫേസ്ബുക്ക് എത്തുന്നത്. വരും മാസങ്ങളില്‍ ‘വിഷ്വല്‍ സെര്‍ച്ച്’ എന്ന കൃത്രിമ ഇന്റലിജന്‍സ് പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു. ചിത്രങ്ങള്‍ ഉപയോഗിച്ച് യൂസേഴ്‌സിന് ഇഷ്ടപ്പെട്ട പ്രൊഡക്ടിനെ കണ്ടെത്താന്‍ സഹായിക്കുന്നതാണ് ഇന്‍സ്റ്റഗ്രാം വിഷ്വല്‍ സെര്‍ച്ചെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു.

ഉടന്‍ തന്നെ വാട്ട്സ്ആപ്പില്‍ ഒരു ഷോപ്പ് കാണാന്‍ കഴിയുമെന്നും എന്തെങ്കിലും വാങ്ങുന്നതിന് മുമ്പ് ഉപഭോക്താവിന് കമ്പനിയുമായി ബന്ധപ്പെടാനുള്ള സൗകര്യം ഒരുക്കും. ഇ- ഷോപ്പിംഗ് സേവനത്തില്‍ വ്യക്തിഗതമായ പരസ്യങ്ങള്‍ അവതരിപ്പിക്കുന്നതിന് അവസരമൊരുക്കുമെന്നും മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു.

അതേസമയം, ഓഡിയോ ചര്‍ച്ചകളിലൂടെ വന്‍ഹിറ്റായി മാറിക്കഴിഞ്ഞ ക്ലബ് ക്ലബ് ഹൗസിന് സമാനമായ വിധത്തില്‍ ഫേസ്ബുക്ക് പുതിയ സംവിധാനം അവതരിപ്പിക്കാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഏപ്രിലില്‍, പോഡ്കാസ്റ്റുകള്‍, ഹ്രസ്വ ഓഡിയോ ഉള്ളടക്കത്തിനായുള്ള ‘സൗണ്ട്ബൈറ്റുകള്‍’ ഓഡിയോ സൃഷ്ടിക്കല്‍ ഉപകരണം, ക്ലബ്ഹൗസ് പോലുള്ള സംഭാഷണങ്ങളില്‍ ചേരുന്നതിന് ‘ലൈവ് ഓഡിയോ റൂമുകള്‍’ എന്നീ പുതിയ ഓഡിയോ ഫോര്‍മാറ്റുകള്‍ ഫേസ്ബുക്ക് പ്രഖ്യാപിച്ചിരുന്നു. ഈ സവിശേഷതകള്‍ യു.എസില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. വൈകാതെ, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഇതു വ്യാപിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Facebook expands Shops to WhatsApp, Marketplace in commerce updates