അങ്ങനെ തിരുവിതാംകൂര്‍ രാജ്യത്തിലെ എല്ലാ പ്രജകള്‍ക്കുമായിട്ടുള്ള രാജപാതയിലൂടെ കീഴ്ജാതിക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം സവര്‍ണ്ണര്‍ തടയുന്നിടത്തുനിന്നാണ്, പൊതുവഴിയുടെ മേലുള്ള ജനാധിപത്യപരമായ അവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേണ്ടി അയ്യങ്കാളി വില്ലുവണ്ടിയാത്ര നടത്തുന്നത്. വഴിനടപ്പിനായുള്ള തിരുവിതാംകൂറിലെ ആദ്യ സമരമായിരുന്നു, അത്.
സെബിന്‍.എ ജേക്കബ്
മേരി എലിസബേത്ത് കിങ്ങിന്റെ വൈക്കം സത്യഗ്രഹത്തെ കുറിച്ചുള്ള ഗവേഷണഗ്രന്ഥത്തിന്റെ തിരുവനന്തപുരത്തെ പ്രകാശനച്ചടങ്ങ് ഇന്നലെയായിരുന്നു (ഒരു പുസ്തകം തന്നെ പലയിടത്തു പ്രകാശനം ചെയ്യുകയാണല്ലോ, ഒരു രീതി). പ്രസംഗമദ്ധ്യേ വൈക്കം സത്യഗ്രഹത്തില്‍ അയ്യങ്കാളി പങ്കെടുക്കാതിരുന്നതിനെ കുറിച്ച് മലയാള മനോരമയുടെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ തോമസ് ജേക്കബ് സൂചിപ്പിച്ചു.
കെ.കെ കൊച്ച് അതേക്കുറിച്ച് എഴുതിയിട്ടുള്ളതും അദ്ദേഹം എടുത്തുപറഞ്ഞു. ഏതാനും ആഴ്ചകള്‍ക്കുമുമ്പ് ട്രിവാണ്ട്രം ദളിത് സര്‍ക്കിള്‍, തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച, അയ്യങ്കാളി: ജനാധിപത്യകേരളത്തിന്റെ ശില്പി എന്ന പ്രഭാഷണത്തില്‍ സണ്ണി എം.കപിക്കാട് പറഞ്ഞ ചില കാര്യങ്ങള്‍ ഈ പശ്ചാത്തലത്തില്‍ എഴുതേണ്ടത് അനിവാര്യമാണെന്നു തോന്നുന്നു.
1893ലായിരുന്നു തന്റെ 28ാം വയസ്സില്‍ മഹാത്മാ അയ്യങ്കാളിയുടെ പ്രശസ്തമായ വില്ലുവണ്ടിസമരം നടന്നത്. ഈ സമരത്തെ കുറിച്ച് നമ്മുടെ സ്‌കൂള്‍തല ചരിത്രപഠനത്തില്‍ പരാമര്‍ശിച്ചുപോകുന്നു എന്നല്ലാതെ ഇതിന്റെ പ്രാധാന്യം എത്രമാത്രം നാം ഉള്‍ക്കൊള്ളുന്നുണ്ട് എന്നു നിശ്ചയമില്ല. അദ്ദേഹം സംഘടിപ്പിച്ച സമരങ്ങള്‍ കേവലം പുലയ സമരങ്ങളായിരുന്നില്ല എന്നും കേരളത്തെ ജനാധിപത്യവത്കരിക്കാനുള്ള സമരങ്ങളിലാണ് അദ്ദേഹം ഏര്‍പ്പെട്ടത് എന്നും നമ്മുടെ ജനാധിപത്യത്തിന് അദ്ദേഹത്തോടുള്ളത്രയും കടപ്പാട് മറ്റാരോടും ഉണ്ടാവില്ല എന്നും പറഞ്ഞുവേണം തുടങ്ങാന്‍.
എന്തായിരുന്നു വില്ലുവണ്ടിസമരത്തിന്റെ പശ്ചാത്തലം? കണ്ട പറമ്പുകളിലൂടെയും ആറ്റിറമ്പിലൂടെയും മറ്റുമുള്ള വഴിനടപ്പുകളല്ലാതെ പൊതുവഴികള്‍ ഇല്ലാതിരുന്ന രാജ്യമാണ് തിരുവിതാംകൂര്‍. കാല്‍നടസഞ്ചാരികള്‍ക്ക് എന്തിനാണു റോഡ്? പല്ലക്കിലേറി സഞ്ചരിക്കുന്നവര്‍ക്കും റോഡിന്റെ ആവശ്യമില്ല. പടയാളികള്‍ ചുമന്നുകൊള്ളും. ബ്രിട്ടീഷ് സമ്മര്‍ദ്ദങ്ങള്‍ക്കു പുറത്താണ് തിരുവിതാംകൂറില്‍ വലിയ വഴികള്‍ ഉണ്ടാകുന്നത്.
തിരുവിതാംകൂറിനെ ഒരറ്റത്തുനിന്നു മറ്റേയറ്റംവരെ ബന്ധിപ്പിക്കുന്ന ഒരു പാതയുടെ നിര്‍മ്മാണം ആരംഭിക്കേണ്ടതിനെ കുറിച്ച് പൊതുമരാമത്തുവകുപ്പിലെ ബ്രിട്ടീഷ് എഞ്ചിനീയര്‍ രാജാവിനോടു പറയുമ്പോള്‍ പത്മനാഭസ്വാമീക്ഷേത്രത്തില്‍ മുറജപം തുടങ്ങാന്‍ പോവുകയാണെന്നും അതിനാല്‍ വഴിപ്പണിക്കു തൊഴിലാളികളെ വിട്ടുനല്‍കാനാവില്ലെന്നുമാണ് രാജാവുണര്‍ത്തിക്കുന്നത്.
മുറജപത്തിന് നാനാജാതിക്കാരില്‍ നിന്നും പലവിധത്തിലുള്ള നികുതി പിരിച്ച് പണം സ്വരുക്കൂട്ടുകയാണ് ചെയ്യുന്നത്. ഒടുവില്‍ ബ്രിട്ടീഷുകാര്‍ രാജാവിനെ വിരട്ടിയാണ്, ഇതിനുള്ള അനുമതിയില്‍ തുല്യം ചാര്‍ത്തിക്കുന്നത്. അതേ വരെ തിരുവിതാംകൂര്‍ ചരിത്രത്തില്‍ ഊഴിയവേലയായിരുന്നു. അതായത് ഓരോ ജാതിക്കാരും അവരവര്‍ക്ക് കല്പിതമായിരിക്കുന്ന കുലത്തൊഴില്‍ കൂലിയില്ലാതെ ചെയ്തുകൊള്ളണം.
പ്രതിഫലമായി മറ്റു സാധനങ്ങള്‍ in kind നല്‍കും. വസ്ത്രധാരണം പരിമിതമായിരുന്നു. ഭക്ഷ്യധാന്യങ്ങളായിരുന്നു പ്രധാനമായും നല്‍കിയിരുന്നത്. അതിനൊരു മാറ്റം വരുന്നത് ഈ റോഡ് പണിയോടുകൂടിയാണ്. തൊഴിലാളികള്‍ക്ക് കൂലി കൊടുത്താണ് റോഡ് വെട്ടിയത്. (മൂന്നാറില്‍ കണ്ണന്‍ ദേവന്‍ പ്ലാന്റേഷനും ഇതേ പോലെ ഊഴിയവേലയ്ക്കു പകരം കൂലിവേല നടപ്പാക്കിയ ഇടമാണ്. ref: പ്രൊഫ. കാര്‍ത്തികേയന്‍നായര്‍)
പ്രധാനയിടങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന രാജപാതകളും വലിയ ഭൂസ്വാമിമാരുടെ സ്വകാര്യയിടങ്ങളിലേക്കുള്ള പ്രൈവറ്റ് റോഡുകളും അങ്ങനെയുണ്ടായി. തീണ്ടലും തൊടീലും നിലനില്‍ക്കുന്നുവെങ്കിലും രാജപാതയെന്നാല്‍ രാജാവിനു സഞ്ചരിക്കാനുള്ള പാത എന്നായിരുന്നില്ല, പൊതുവഴി എന്നു തന്നെയായിരുന്നു, അര്‍ത്ഥം. ആ നിലയ്ക്കായിരുന്നു, വിളംബരം.
അങ്ങനെ തിരുവിതാംകൂര്‍ രാജ്യത്തിലെ എല്ലാ പ്രജകള്‍ക്കുമായിട്ടുള്ള രാജപാതയിലൂടെ കീഴ്ജാതിക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം സവര്‍ണ്ണര്‍ തടയുന്നിടത്തുനിന്നാണ്, പൊതുവഴിയുടെ മേലുള്ള ജനാധിപത്യപരമായ അവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേണ്ടി അയ്യങ്കാളി വില്ലുവണ്ടിയാത്ര നടത്തുന്നത്. വഴിനടപ്പിനായുള്ള തിരുവിതാംകൂറിലെ ആദ്യ സമരമായിരുന്നു, അത്.
ഇതു നടന്ന് മുപ്പത്തിയൊന്നാണ്ടുകള്‍ക്കു ശേഷമാണ് 1924ല്‍ വൈക്കം സത്യാഗ്രഹം ആരംഭിക്കുന്നത്. മൂന്നുപതിറ്റാണ്ടിനു മുന്നേ ഈ അവകാശം പിടിച്ചുവാങ്ങിയ ഒരാളെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അപ്രസക്തമായിരുന്നു, ആ സമരം. 1925 ഓടുകൂടി ഗാന്ധി ഇടപെട്ട് സമരത്തെ നാശകോശമാക്കി എന്നതും കൂടെപ്പറയണം. അതിനെ നമ്പൂതിരിമാര്‍ക്ക് മനഃപരിവര്‍ത്തനമുണ്ടാക്കാനായി ഹിന്ദുമതത്തിലെ സവര്‍ണ്ണര്‍ നടത്തേണ്ട സമരമാക്കി ഗാന്ധി ചുരുക്കി.
ജോര്‍ജ് ജോസഫിനെയും അതുപോലെ പലരെയും ഗാന്ധി പറഞ്ഞുവിട്ടു. സമരത്തില്‍ ചേരാന്‍ പഞ്ചാബില്‍ നിന്നെത്തിയവരെ തടഞ്ഞു സ്വദേശത്തേക്ക് തിരിച്ചയച്ചു. അങ്ങനെ പൊതുവഴിക്കുവേണ്ടിയുള്ള ആ സമരത്തിന്റെ ഉള്ളടക്കത്തെ belittle ചെയ്യുകയായിരുന്നു, ഗാന്ധി. പെരിയാര്‍ ഇ.വി രാമസ്വാമി നായ്ക്കരും മറ്റും ഇക്കാരണത്താല്‍ ഗാന്ധിയുമായി തെറ്റുന്നുമുണ്ട്. ഇങ്ങനെ ആലോചിക്കുമ്പോള്‍ ഗാന്ധിയേക്കാള്‍ എത്രമാത്രം ജനാധിപത്യവാദിയായിരുന്നു, അയ്യങ്കാളി എന്നും കാണാം.
(സണ്ണി എം.കപിക്കാടിന്റെ പ്രഭാഷണം പൂര്‍ണ്ണരൂപത്തില്‍ ഇവിടെ നിന്നു കേള്‍ക്കാം സമയം കണ്ടെത്തി കേള്‍ക്കുന്നത് ചരിത്രകുതുകികള്‍ക്കും ജനാധിപത്യവാദികള്‍ക്കും ഒരു നഷ്ടമാവില്ല. https://www.youtube.com/watch?v=-ptfr_ZAJM0 )
ഈ സമരം നടക്കുന്നതിനും എത്രയോ വര്‍ഷം മുമ്പ് 1853ല്‍ തന്നെ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ജാതിവിലക്കു ലംഘിച്ച് വൈക്കം ശിവക്ഷേത്രത്തിനുള്ളില്‍ കടന്നുകയറുകയും ക്ഷേത്രരീതികള്‍ മനസ്സിലാക്കി അതേപോലെ ഒരു ക്ഷേത്രം തണ്ണീര്‍മുക്കത്തോ തലയോലപ്പറമ്പിലോ മറ്റോ പണിയുകയും ചെയ്യുന്നുണ്ട്. (ref: മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍)
അതുകൊണ്ടുതന്നെ ക്ഷേത്രത്തില്‍ കയറുക എന്നതോ ക്ഷേത്രാചാരം ലംഘിക്കുക എന്നതോ പോലെയുള്ള ഉല്പതിഷ്ണുതയായിരുന്നില്ല, ക്ഷേത്രത്തിനു മുന്നിലൂടെയുള്ള നായ്ക്കും നരിക്കും നടക്കാനും പെടുക്കാനും കഴിയുന്ന പൊതുവഴിയിലൂടെ എല്ലാ ജാതിമതസ്ഥര്‍ക്കും സഞ്ചരിക്കുന്നതിനുള്ള ജനാധിപത്യ അവകാശത്തിനുവേണ്ടിയായിരുന്നു ഈ സമരം എന്നത് മറന്നുപോയിക്കൂടാ. ആ അവകാശമാണ് അയ്യങ്കാളി 31 വര്‍ഷം മുമ്പ് കൃത്യമായി പിടിച്ചുവാങ്ങിയതും.
മേരി എലിസബേത്ത് കിങ്ങിന്റെ വൈക്കം സത്യഗ്രഹത്തെ കുറിച്ചുള്ള ഗവേഷണഗ്രന്ഥത്തിന്റെ തിരുവനന്തപുരത്തെ പ്രകാശനച്ചടങ്ങു് ഇന്നലെയ…
Posted by Sebin A Jacob on Thursday, 17 September 2015
