ഒ.ടി.ടി റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയ കത്തിച്ച് F1, തമിഴ് റീമേക്കില്‍ ബ്രാഡ് പിറ്റിന്റെ വേഷം അജിത് ചെയ്യണമെന്ന് ആരാധകര്‍
Trending
ഒ.ടി.ടി റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയ കത്തിച്ച് F1, തമിഴ് റീമേക്കില്‍ ബ്രാഡ് പിറ്റിന്റെ വേഷം അജിത് ചെയ്യണമെന്ന് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 25th August 2025, 7:37 pm

ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമാനുഭവമെന്ന് പലരും വാഴ്ത്തിയ ചിത്രമായിരുന്നു F1. ടോപ് ഗണ്‍: മാവറിക്കിന് ശേഷം ജോസഫ് കൊസിന്‍സ്‌കി സംവിധാനം ചെയ്ത ചിത്രം മേക്കിങ് കൊണ്ടും അഭിനേതാക്കളുടെ പ്രകടനങ്ങള്‍ കൊണ്ടും ഗംഭീര ദൃശ്യാനുഭവമായി മാറി. കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചു.

ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രത്തിലെ രംഗങ്ങളുടെ എഡിറ്റഡ് വേര്‍ഷനുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. തമിഴ്, തെലുങ്ക് ഗാനങ്ങളും ബി.ജി.എമ്മും മിക്‌സ് ചെയ്ത F1ലെ കട്ട് സീനുകള്‍ പലരുടെയും സ്റ്റോറിയും സ്റ്റാറ്റസുമായി മാറിയിരിക്കുകയാണ്. എല്ലാം ഒന്നിനൊന്ന് മെച്ചമായിട്ടുള്ള എഡിറ്റാണെന്ന് പലരും അഭിപ്രായപ്പെടുന്നു.

എന്നാല്‍ ചിത്രം തമിഴില്‍ റീമേക്ക് ചെയ്യുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും ഇതോടൊപ്പം ഉയര്‍ന്നിരിക്കുകയാണ്. റീമേക്ക് ചെയ്യുകയാണെങ്കില്‍ ബ്രാഡ് പിറ്റ് അവതരിപ്പിച്ച സോണി ഹെയ്‌സ് എന്ന കഥാപാത്രം തമിഴില്‍ ചെയ്യാന്‍ അജിത് കുമാറല്ലാതെ മറ്റാരുമില്ലെന്നാണ് ഭൂരിഭാഗം സിനിമാപ്രേമികളും അഭിപ്രായപ്പെടുന്നത്. കാര്‍ റേസിങ്ങിനോട് അജിത്തിനുള്ള ഭ്രമമാണ് ഇത്തരമൊരു അഭിപ്രായത്തിലേക്ക് എല്ലാവരെയും എത്തിച്ചത്.

ഒരു റേസറുടെ എല്ലാ ഗുണങ്ങളുമുള്ള ഇന്ത്യന്‍ സിനിമയിലെ ഒരേയൊരു നടനാണ് അജിത്തെന്നാണ് ആരാധകര്‍ പറയുന്നത്. യഥാര്‍ത്ഥ ജീവിതത്തിലും അജിത്തും കാര്‍ റേസിങ്ങും തമ്മിലുള്ള ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഫോര്‍മുല 2 റേസിങ്ങില്‍ താരത്തിന്റെ റേസിങ് ടീം നേടുന്ന വിജയങ്ങള്‍ വാര്‍ത്തയാകാറുണ്ട്.

ഡാംസണ്‍ ഇദ്രിസ് അവതരിപ്പിച്ച ജോഷ്വ പിയേഴ്‌സിന്റെ വേഷം സിലമ്പരസന്‍ ചെയ്യണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. അജിത്തിന്റെ കടുത്ത ആരാധകനായ സിലമ്പരസന്‍ ഈ വേഷം ഗംഭീരമാക്കുമെന്നും രണ്ടുപേരും ഒന്നിച്ചുള്ള രംഗങ്ങളെല്ലാം മികച്ചതാകുമെന്നും ആരാധകര്‍ അവകാശപ്പെടുന്നു. കെറി കോണ്ടന്‍ അവതരിപ്പിച്ച കെയ്റ്റ് എന്ന കഥാപാത്രം നയന്‍താരക്ക് ചേരുമെന്നും അഭിപ്രായങ്ങളുണ്ട്.

റൂബനായി വേഷമിട്ട ഹാവിയര്‍ ബാര്‍ഡെത്തിന്റെ വേഷം തമിഴില്‍ മാധവന്‍ ചെയ്താല്‍ ഗംഭീരമാകുമെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ഓഫ് സ്‌ക്രീനില്‍ അജിത്തും മാധവനും തമ്മിലുള്ള സൗഹൃദം സ്‌ക്രീനില്‍ കൊണ്ടുവന്നാല്‍ തിയേറ്റര്‍ പൂരപ്പറമ്പാകുമെന്നാണ് ആരാധകര്‍ കരുതുന്നത്. ഒരു ഇന്ത്യന്‍ സിനിമക്ക് കിട്ടുന്ന വരവേല്പ് പോലെയാണ് F1ന് ലഭിക്കുന്നത്.

ആപ്പിള്‍ ടി.വി അവതരിപ്പിച്ച ചിത്രം F1 റേസുമായി ബന്ധപ്പെട്ടതാണ്. കണ്ടുശീലിച്ച കഥകളിലേതുപോലെ തോല്‍വിയുടെ പടുകുഴിയില്‍ നില്‍ക്കുന്ന ടീമിനെ കാലങ്ങളായി മത്സരരംഗത്ത് മാറിനില്‍ക്കുന്ന നായകന്‍ സഹായിക്കാനെത്തുകയും വിജയത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. എന്നാല്‍ അപാരമായ മേക്കിങ്ങിലൂടെ ചിത്രം പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കി. 600 മില്യണാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്.

Content Highlight: F1 movie edits with Tamil songs trending on Social Media