എഫ്.എ കപ്പ് ഫൈനല്‍ ഇന്ന്
DSport
എഫ്.എ കപ്പ് ഫൈനല്‍ ഇന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th May 2013, 10:43 am

ലണ്ടന്‍ : ഫുട്ബാള്‍ ലോകം കണ്ണു മിഴിച്ച് കാത്തിരുന്ന എഫ്.എ കപ്പ്  ഫൈനല്‍ പോരാട്ടം ഇന്ന്.[]

ഇന്ത്യന്‍ സമയം രാത്രി 9.30 മുതല്‍ ഇംഗ്ലണ്ടിലെ വെംബ്ലിയിലെ പുല്‍മൈതാനിയിലാണ് ആവേശം ജ്വലിപ്പിക്കുന്ന പോരാട്ടം  നടക്കുന്നത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പ്രീമിയര്‍ ലീഗ് കിരീടം അടിയറവെച്ചശേഷം എഫ്.എ. കപ്പ് ഫൈനലില്‍ ശനിയാഴ്ച വീഗന്‍ അത്‌ലറ്റിക്കുമായി കൊമ്പുകോര്‍ക്കുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും മാഞ്ചസ്റ്റര്‍സിറ്റി മാനേജര്‍ റോബര്‍ട്ടോ മഞ്ചീനിക്കും സംഘത്തിനും സ്വീകാര്യമല്ല.

കഴിഞ്ഞയാഴ്ച വാര്‍ത്തകളില്‍ നിറഞ്ഞ യുണൈറ്റഡ് മാനേജര്‍ ഫെര്‍ഗൂസന്റെ അപ്രതീക്ഷിത വിരമിക്കലിനുമപ്പുറത്തേക്ക് ചരിത്രമെഴുതാന്‍ എഫ്.എ. കപ്പ് കിരീടം മാത്രമാണ് സിറ്റിയ്ക്കുള്ള ഏക ആശ്രയം.

വീഗനെതിരെ വിജയിച്ചാല്‍ കഴിഞ്ഞ മൂന്ന് സീസണുകളില്‍ മൂന്ന് പ്രധാന കിരീടങ്ങള്‍ നേടിയ ടീമെന്ന ഖ്യാതിയും സിറ്റിക്ക് കിട്ടും.

2011ലെ എഫ്.എ. കപ്പ് നേട്ടം പോലൊരു വിജയമാണ് ഇക്കുറി സിറ്റി ആരാധകരുടേയും മനസ്സിലുള്ളത്.

ഇത് കൈവരിക്കാനായാല്‍ ഫെര്‍ഗൂസന്റെ വിരമിക്കലിനുമപ്പുറത്തേക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ ക്ലബിന്റെ പെരുമ ഉയര്‍ത്താനാകുമെന്ന ആത്മവിശ്വാസത്തിലേക്കാണ് മാഞ്ചീനിയുടെ സംഘം ഇറങ്ങുക.