എഴുത്തച്ഛന്റെ രാമായണം, ഭരണഘടന വാഗ്ദാനം ചെയ്യുന്ന അന്തസ്സിന്റെ ലംഘനം; കെ.പി. രാമനുണ്ണിക്ക് ടി.എസ്. ശ്യാംകുമാറിന്റെ മറുപടി
Kerala
എഴുത്തച്ഛന്റെ രാമായണം, ഭരണഘടന വാഗ്ദാനം ചെയ്യുന്ന അന്തസ്സിന്റെ ലംഘനം; കെ.പി. രാമനുണ്ണിക്ക് ടി.എസ്. ശ്യാംകുമാറിന്റെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th April 2026, 11:00 am

കോഴിക്കോട്: ബ്രാഹ്‌മണരുടെ കാലിലെ പൊടി ഹൃദയം ശുദ്ധീകരിക്കുമെന്ന് പറയുന്ന എഴുത്തച്ഛന്റെ രാമായണം, ഭരണഘടന വാഗ്ദാനം ചെയ്യുന്ന അന്തസ്സിന്റെ ലംഘനമാണെന്ന് ചരിത്രകാരനും സാമൂഹ്യചിന്തകനുമായ ടി.എസ് ശ്യാംകുമാര്‍.

എഴുത്തുകാരന്‍ കെ.പി രാമനുണ്ണിയുടെ ‘അദ്ധ്യാത്മ രാമായണത്തിന്റെ സാരസ്വത രഹസ്യം’ എന്ന ലേഖനത്തെ താന്‍ ആക്ഷേപിച്ചുവെന്ന വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു ശ്യാംകുമാര്‍.

ശക്തമായ വിമര്‍ശനങ്ങള്‍ എങ്ങനെയാണ് ആക്ഷേപമാവുകയെന്ന് ചോദിച്ച അദ്ദേഹം വേദങ്ങളെ ഡൈനാമിറ്റ് വെച്ച് തകര്‍ക്കണമെന്ന് അംബേദ്കര്‍ പറഞ്ഞത് ആക്ഷേപമല്ല, മറിച്ച് വിമര്‍ശനമായിരുന്നുവെന്നും ഓര്‍മ്മിപ്പിച്ചു.

എഴുത്തച്ഛന്റെ രാമായണം ഇന്ത്യന്‍ ഭരണഘടന മുന്നോട്ട് വയ്ക്കുന്ന സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങളെ അംഗീകരിക്കുന്നില്ലെന്നും ശ്യാംകുമാര്‍ കൂട്ടിച്ചേര്‍ത്തു.

‘ബ്രാഹ്‌മണരുടെ കാലിലെ പൊടി ഹൃദയം ശുദ്ധീകരിക്കണമെന്ന് പ്രാര്‍ത്ഥിക്കുന്ന എഴുത്തച്ഛന്റെ രാമായണം, ഭരണഘടന വാഗ്ദാനം ചെയ്യുന്ന അന്തസ്സിന്റെ ലംഘനമാണ്. ഭൂമിയില്‍ ദ്വിജനായി പിറന്നാല്‍ മാത്രമേ തന്നെ പൂജിക്കാന്‍ അധികാരിയാവു എന്ന് ലക്ഷ്മണനെ ഉപദേശിക്കുന്ന രാമനും, എഴുത്തച്ഛന്റെ രാമായണ പാഠവും അയിത്തവും തൊട്ടുകൂടായ്മയും നിരോധിക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ എതിര്‍ സ്ഥാനത്താണ് നിലകൊള്ളുന്നത്.

അതുകൊണ്ട് തന്നെയാണ് അദ്ധ്യാത്മ രാമായണം ഭരണഘടനയുടെ ആശയങ്ങള്‍ക്ക് എതിരാണ് എന്ന് പറഞ്ഞത്. ഇത് വൈജ്ഞാനികമായ ഒരു വിമര്‍ശനമാണ്. ഡോ. ബി.ആര്‍. അംബേദ്കര്‍ തന്നെയും രാമായണത്തെയും രാമനെയും നിശിതമായി വിമര്‍ശിച്ചിരുന്നു. വൈജ്ഞാനിക വിമര്‍ശനങ്ങളെ കേവലം ശകാരമായി വ്യാഖ്യാനിക്കുന്ന രാമനുണ്ണി, അയ്യങ്കാളിയെ കേവലം കലഹക്കാരനായും കലാപകാരിയായും സ്ഥാപിച്ച സവര്‍ണ യുക്തിയിലാണ് ചരിത്ര പഠനങ്ങളെ നോക്കികാണുന്നത്,’ ശ്യാം കുമാര്‍ പറഞ്ഞു.

താന്‍ പ്രകോപിതനായാണ് സംസാരിച്ചതെന്ന രാമനുണ്ണിയുടെ പ്രസ്താവനയ്ക്ക് പിന്നില്‍ വ്യക്തമായ സവര്‍ണ്ണ തന്ത്രമുണ്ടെന്നും ശ്യാംകുമാര്‍ പറഞ്ഞു.

അടിത്തട്ട് സമൂഹത്തിലുള്ളവരുടെ വിമര്‍ശനങ്ങള്‍ പ്രകോപനങ്ങളാണെന്ന സവര്‍ണ്ണ തന്ത്രം ഇന്ത്യയില്‍ നിലവിലുള്ളതാണ്. കീഴോര്‍ സമൂഹങ്ങള്‍ വൈജ്ഞാനികത കൊണ്ടല്ല, രോഷം കൊണ്ടാണ് സംസാരിക്കുന്നത് എന്ന് പ്രസ്താവിച്ചു കൊണ്ട് അവരുടെ വൈജ്ഞാനിക വിമര്‍ശനങ്ങളെ തമസ്‌കരിക്കുന്ന മേല്‍ക്കോയ്മാ ജാതി ബോധമാണ് പ്രകോപന സിദ്ധാന്തത്തിന്റെ ഉള്ളടക്കമെന്നും ടി.എസ് ശ്യാം കുമാര്‍ പറഞ്ഞു.

‘രാമനുണ്ണിയുടെ ലേഖനത്തെ വിമര്‍ശിച്ച് സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവ വേദിയിലും, മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് എറണാകുളത്തും സാരസ്വത രഹസ്യം ലേഖനത്തെ വിമര്‍ശിച്ച് തന്നെ ഞാന്‍ പരസ്യമായി സംസാരിച്ചിരുന്നു. ഈ വീഡിയോകളൊന്നും ഞാന്‍ പുറത്തിറക്കിയതല്ല. എന്റെ പ്രസംഗങ്ങള്‍ റെക്കോഡ് ചെയ്തവര്‍ തന്നെ പുറത്ത് വിട്ടിട്ടുള്ളതുമാണ്. അത് ഞാന്‍ തന്നെ പുറത്ത് വിട്ടതാണെങ്കിലും ഒരു ജനാധിപത്യ രാജ്യത്ത് അത് അനുവദനീയവുമാണ്’ , ശ്യാം കുമാര്‍ പറഞ്ഞു.

രാമനുണ്ണിയുടെ മറ്റൊരു വാദം തന്റെ വാദങ്ങളെ സാരസ്വത രഹസ്യം എന്ന തന്റെ ലേഖനത്തില്‍ പൊളിച്ച് കൈയില്‍ കൊടുത്തു എന്നാണ്. എന്നാല്‍ താന്‍ ഉന്നയിച്ച , ഇപ്പോഴും ഉന്നയിച്ചു കൊണ്ടിരിക്കുന്ന ഒരു ചോദ്യങ്ങള്‍ക്കും മറുപടി പറയാതെയാണ് പൊളിക്കല്‍ സിദ്ധാന്തം രാമനുണ്ണി അവതരിപ്പിക്കുന്നതെന്നും ശ്യാം കുമാര്‍ ചൂണ്ടിക്കാട്ടി.

ബാബ്‌റി മസ്ജിദ് അനന്തരകാലത്ത് ഈ ‘പൊളിക്കല്‍ ‘ പ്രയോഗം അത്രമേല്‍ നിഷ്‌കളങ്കവുമല്ലെന്ന് പറഞ്ഞ ശ്യാം കുമാര്‍ ആറ് പ്രധാന ചോദ്യങ്ങളും രാമനുണ്ണിയ്ക്കായി ഉയര്‍ത്തി.

1. ബ്രാഹ്‌മണരുടെ കാലിലെ പൊടി ഹൃദയം ശുദ്ധീകരണമെന്ന് പറയുന്ന എഴുത്തച്ഛന്റെ വാക്യങ്ങള്‍ എങ്ങനെയാണ് ഭരണഘടനയുമായി യോജിക്കുന്നത് ?

2. ഗുഹനെ കെട്ടിപിടിച്ചതാണ് മഹത്തരമെങ്കില്‍, തന്നെ പൂജിക്കാന്‍ ദ്വിജനായി ജനിച്ചവര്‍ക്ക് മാത്രമേ കഴിയൂ എന്ന് രാമന്‍ പറയുന്നതെന്തുകൊണ്ട് ?

3. ക്ഷത്രധര്‍മമനുസരിച്ചാണ് രാമന്‍ ഗുഹനില്‍ നിന്ന് ഫലമൂലാദികള്‍ സ്വീകരിക്കാതിരുന്നതെന്ന് രാമായണം തന്നെ പറയുന്നുണ്ട്. ചാതുര്‍വര്‍ണ്യ യുക്തിയാണ് ഗുഹന്റെ ഫലം സ്വീകരിക്കുന്നതില്‍ നിന്ന് തടഞ്ഞത്. കാര്യമിങ്ങനെയിരിക്കെ ആലിംഗനം ചെയ്തതിന്റെ കഥ പറഞ്ഞതു കൊണ്ട് എന്ത് കാര്യം?

4. വര്‍ണാശ്രമധര്‍മം തന്നെ ഉപദേശിക്കാന്‍ പാര്‍വതി ശിവനോട് ആവശ്യപ്പെടുന്ന ഉമാമഹേശ്വര സംവാദത്തോടെയാണ് എഴുത്തച്ഛന്റെ രാമായണം ആരംഭിക്കുന്നത്. വര്‍ണാശ്രമം എന്നാല്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥയാണ്. ഈ ചാതുര്‍വര്‍ണ്യത്തെ ഇല്ലാതാക്കാന്‍ അംബേദ്കറുടെ നേതൃത്വത്തില്‍ രചിക്കപ്പെട്ട ഭരണഘടനയും ചാതുര്‍വര്‍ണ്യത്തെ സ്ഥാപിക്കാന്‍ എഴുതപ്പെട്ട രാമായണവും തമ്മില്‍ എങ്ങനെയാണ് യോജിക്കുക ?

5. അച്ഛന്റെ ഇച്ഛയാണ് തന്റെ ഇച്ഛ എന്നും, ഭര്‍ത്താവിന്റെ ഉച്ഛിഷ്ടം തനിക്ക് അമൃതമാണ് എന്നും പറയുന്ന സീതാവാക്യം ത്രൈവര്‍ണിക പുരുഷാധിപത്യത്തിന് സ്ത്രീകളെ അടിമപ്പെടുത്തുകയാണ് ചെയ്യുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതാ സങ്കല്പത്തിന് എതിരാണ് രാമായണത്തിലെ സ്ത്രീഭാവനകള്‍ എന്നിരിക്കെ അത് ഭരണഘടനയെ തളര്‍ത്തുകയല്ലേ ചെയ്യുന്നത്?

6. കര്‍മ പുനര്‍ജന്മ സിദ്ധാന്തം അവതരിപ്പിക്കുന്നതിലൂടെ ജാതിവ്യവസ്ഥയെ നീതികരിക്കുന്ന രാമായണത്തിന് ജാതിനിര്‍മൂലനത്തിന് ആഹ്വാനം ചെയ്യുന്ന ഭരണഘടനയുമായി എന്ത് ബന്ധമാണുള്ളത് ?

ഇതിനൊപ്പം പതിനാറാം നൂറ്റാണ്ടില്‍ എഴുത്തച്ഛന്‍ ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമായി നടത്തിയ പഠനക്കളരിയുടെയും അവിടെ പഠിച്ച വിദ്യാര്‍ത്ഥികളുടെയും പേര് വിവരങ്ങള്‍ കൂടി രാമനുണ്ണി പുറത്ത് വിടാന്‍ തയ്യാറാവണമെന്നും ശ്യാം കുമാര്‍ ആവശ്യപ്പെട്ടു.

വിപ്ലവകാരിയും, ദലിതര്‍ക്ക് അന്തസാര്‍ന്ന ജീവിതത്തിനായി ജ്ഞാന സമരം ചെയ്യുകയും ചെയ്ത, ആധുനിക കേരളത്തിന് അടിത്തറ പാകിയ വീരനായ അയ്യങ്കാളിയുടെ തലതൊട്ടപ്പനാണ് ബ്രാഹ്‌മണരുടെ കാലിലെ പൊടി ഹൃദയം ശുദ്ധീകരിക്കാന്‍ പറഞ്ഞ, ചാതുര്‍വര്‍ണ്യ വ്യവസ്ഥക്കായി വാദിച്ച എഴുത്തച്ഛനെന്നുള്ള, രാമനുണ്ണിയുടെ ‘ചരിത്ര ബോധ്യത്തിന്’ നല്ല നമസ്‌കാരമെന്ന് പറഞ്ഞാണ് ടി.എസ് ശ്യാംകുമാര്‍ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

നെപ്ട്യൂണ്‍ വെബ് മാഗസീനില്‍ കെ.പി. രാമനുണ്ണി തന്റെ പേര് പരാമര്‍ശിച്ച് മുന്നോട്ട് വച്ച വാദങ്ങള്‍ക്കുള്ള മറുപടിയാണ് ശ്യാം കുമാറിന്റെ ഈ മറുപടി കുറിപ്പ്.

Content Highlight: Ezhuthachan’s Ramayana, a violation of the dignity promised by the Constitution; T.S. Shyamkumar’s reply to K.P. Ramanunni