വടക്കൻ കേരളത്തിൽ അതിതീവ്ര മഴ; നാല് ജില്ലകളിൽ റെഡ് അലേർട്ട്
Weather Forecast
വടക്കൻ കേരളത്തിൽ അതിതീവ്ര മഴ; നാല് ജില്ലകളിൽ റെഡ് അലേർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th July 2025, 7:13 am

തിരുവനന്തപുരം: കേരളത്തിൽ മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരുന്ന സാഹചര്യമാണുള്ളത്. അഞ്ച് ജില്ലകളിൽ റെഡ‍് അലേർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്.

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ്, മലപ്പുറം ജില്ലകളിലാണ് റെ‍ഡ് അലേർട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലേര്‍ട്ടുമുണ്ട്.

നഗര മേഖലകളിൽ ഇടവിട്ട് ഇടവിട്ടുള്ള മഴ പെയ്യുന്നുണ്ട്. അതേസമയം മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

തീരദേശ മേഖലയിലും കനത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തീരദേശ മേഖലയിൽ മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. കൂടാതെ 3.2 മീറ്റർ ഉയരത്തിലുള്ള തിരമാലകൾക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

അതേസമയം സംസ്ഥാനത്ത് മഴ കനക്കുന്നതിനാല്‍ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.

വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ മുന്നറിയിപ്പ് തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജില്ലയിലെ റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചത്.

പ്രൊഫഷണല്‍ കോളേജുകള്‍ക്കും, മതപഠന സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും, ട്യൂഷന്‍ സെന്ററുകള്‍ക്കും,സ്‌പെഷ്യല്‍ ക്ലാസുകള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

 

Content Highlight: Extremely heavy rain in North Kerala; Red alert in four districts