അതിര്‍ത്തി കടന്നുള്ള ഭീകരവാദമാണ് പ്രധാന ഭീഷണി; മുത്താഖിയുമായുള്ള കൂടിക്കാഴ്ചയില്‍ പാകിസ്ഥാനെതിരെ ഇന്ത്യ
India
അതിര്‍ത്തി കടന്നുള്ള ഭീകരവാദമാണ് പ്രധാന ഭീഷണി; മുത്താഖിയുമായുള്ള കൂടിക്കാഴ്ചയില്‍ പാകിസ്ഥാനെതിരെ ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th October 2025, 4:25 pm

ന്യൂദൽഹി : അഫ്ഗാനിസ്ഥാനും ഇന്ത്യയും നേരിടുന്ന പൊതുവായ ഭീഷണിയാണ് അതിർത്തികടന്നുള്ള ഭീകരവാദമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. പാകിസ്ഥാനെ ലക്ഷ്യം വെച്ചായിരുന്നു വിദേശകാര്യ മന്ത്രിയുടെ പരാമർശം.

അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്താഖിയുമായി ദൽഹിയിൽ കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു പ്രതികരണം.

2021 ഓഗസ്റ്റിൽ താലിബാൻ സർക്കാർ അധികാരത്തിൽ വന്നതിനുശേഷമുള്ള ആദ്യത്തെ ഔദ്യോഗിക ഇടപെടലായിരുന്നു മുത്താഖിയുടെ ഈ സന്ദർശനം. പുനർനിർമ്മാണം, മാനുഷിക സഹായം, സുരക്ഷാ സഹകരണം, വ്യാപാരമുൾപ്പടെയുള്ള
കാര്യങ്ങൾ ഇരുപക്ഷവും ചർച്ച ചെയ്തു.

കാബൂളിലെ സാങ്കേതിക ദൗത്യത്തെ എംബസി പദവിയിലേക്ക് ഉയർത്തുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു.

‘കാബൂളിലെ ഇന്ത്യയുടെ സാങ്കേതിക ദൗത്യത്തെ ഇന്ത്യൻ എംബസി പദവിയിലേക്ക് ഉയർത്തുന്നതിൽ സന്തോഷമുണ്ട്. അഫ്ഗാൻ ജനതയോടും അവരുടെ ഭാവിയോടുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നീക്കം,’ ജയശങ്കർ പറഞ്ഞു.

ഇന്ത്യ അഫ്ഗാൻ ആശുപത്രികൾക്ക് എം.ആർ.ഐ, സി.ടി സ്കാൻ മെഷീനുകൾ നൽകുകയും രോഗപ്രതിരോധത്തിനും കാൻസർ മരുന്നുകൾക്കുമുള്ള വാക്സിനുകൾ വിതരണം ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

അതേസമയം അടുത്തിടെ ഉണ്ടായ ഭൂകമ്പത്തിൽ അഫ്ഗാനിസ്ഥാനെ സഹായിച്ച ഇന്ത്യയെ അടുത്ത സുഹൃത്തെന്നാണ് മുത്താഖി വിശേഷിപ്പിച്ചത്. തന്റെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ ഏപ്രിൽ 22 ന് നടന്ന പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചു കൊണ്ടുള്ള മുത്താഖിയുടെ നിലപാടിനെ വിദേശകാര്യമന്ത്രി ജയശങ്കർ അഭിനന്ദിച്ചിരുന്നു.

ജനുവരിയിൽ ദുബായിൽ വെച്ച് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയുമായി മുത്താഖി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഇന്ത്യ ഇതുവരെ താലിബാൻ സർക്കാരിന് ഔദ്യോഗിക അംഗീകാരം നൽകിയിട്ടില്ല.

Content Highlight: External Affairs Minister S. Jaishankar says cross-border terrorism is a common threat facing Afghanistan and India