കണ്ണൂർ: കണ്ണൂരിൽ ഏഴ് ദിവസത്തേക്ക് സ്ഫോടകവസ്തുക്കൾ, പടക്കങ്ങൾ, ഡ്രോൺ എന്നിവക്ക് നിരോധനം. ജില്ലാ കളക്ടറാണ് പടക്കങ്ങളുടെയും സ്‌ഫോടക വസ്തുക്കളുടെയും വില്പനക്കും ഉപയോഗത്തിനും നിരോധനം ഏർപ്പെടുത്തിയത്. പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് മുതൽ ഏഴ് ദിവസങ്ങളിലേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് പൊതുവായി നിലനിൽക്കുന്ന സാഹചര്യങ്ങൾ മുൻനിർത്തി സുരക്ഷാ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിരോധങ്ങൾ നടപ്പാക്കിയിരിക്കുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യങ്ങൾ കണ്ണൂരിൽ ഇല്ലെങ്കിലും സുരക്ഷ മുൻനിർത്തി നടപടികൾ നടപ്പാക്കുകയാണെന്ന് ജില്ലാ ഭരണകൂടം പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഭാരതീയ ന്യായ സംഹിത 163 പ്രകാരമാണ് ജില്ലാ കളക്ടർ ഇത്തരമൊരു നടപടി നടപ്പിലാക്കുന്നത്. ഉത്തരവ് വരുന്നതോടുകൂടി ജില്ലയിൽ അടുത്ത ഒരാഴ്ച്ചത്തേക്ക് പടക്കങ്ങളുടെയും സ്‌ഫോടക വസ്തുക്കളുടെയും വില്പന പൂർണമായും നിരോധിക്കപ്പെട്ടിരിക്കുകയാണ്. ഇവ വിൽക്കുന്നതിനും വാങ്ങുന്നതിനും നിരോധനമുണ്ട്.
ഉത്സവങ്ങളിലും മറ്റും പടക്കങ്ങൾ ഉപയോഗിക്കുന്നതുൾപ്പടെയുള്ള പരിപാടികൾക്ക് ഈ നിരോധനം ബാധകമാകും. അതേസമയം ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അനുമതിയോടുകൂടി ഔദ്യോഗിക പരിപാടികൾക്കോ മറ്റ് പരിപാടികൾക്കോ ഡ്രോണുകൾ ഉപയോഗിക്കാൻ സാധിക്കും. ഏതെങ്കിലും തരത്തിൽ ഈ നിരോധനം ലംഘിക്കുന്ന സാഹചര്യം ഉണ്ടായാൽ കർശന നടപടികളിലേക്ക് കടക്കുമെന്നും ജില്ലാ കളക്ടർ അരുൺ കെ. വിജയൻ അറിയിച്ചിട്ടുണ്ട്.
Content Highlight: Explosives, fireworks, and drones banned in Kannur for seven days