ഏഴിടത്ത് സ്‌ഫോടനം; വെനസ്വേലയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് മഡുറോ
World
ഏഴിടത്ത് സ്‌ഫോടനം; വെനസ്വേലയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് മഡുറോ
രാഗേന്ദു. പി.ആര്‍
Saturday, 3rd January 2026, 2:03 pm

കാരക്കാസ്: വെനസ്വേലയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് നിക്കോളാസ് മഡുറോ. രാജ്യത്തുടനീളം ഏഴ് സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.

ഇന്ന് (ശനി) പ്രാദേശിക സമയം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനമുണ്ടായത്. ഇതിനുപിന്നാലെ രാജ്യത്തെ വിമാന സര്‍വീസുകള്‍ തടസപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയാണെന്നാണ് വിവരം. തലസ്ഥാന നഗരമായ കാരക്കാസില്‍ ഉള്‍പ്പെടെയാണ് സ്‌ഫോടനം ഉണ്ടായത്. കാരക്കാസിന് പുറമെ മിറാന്‍ഡ, അരഗ്വ, ലാ ഗ്വെയ്റ എന്നിവിടങ്ങളിലാണ് സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കാരക്കാസിലെ പ്രധാന സൈനിക താവളമായ ഫോര്‍ട്ട് ടിയുനയ്ക്ക് സമീപം സ്‌ഫോടനം ഉണ്ടായതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണങ്ങൾക്ക് പിന്നിൽ യു.എസാണെന്ന് വെനസ്വേല പ്രതികരിച്ചു. എന്നാൽ ഇക്കാര്യത്തിൽ അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല. വെനസ്വേലയിലെ മയക്കുമരുന്ന് കടത്ത് കേന്ദ്രങ്ങള്‍ അക്രമിക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് നിലവിലെ സ്‌ഫോടനങ്ങള്‍.

ഇതിന് പിന്നില്‍ യു.എസാണെന്ന് അമേരിക്കന്‍ മാധ്യമങ്ങളായ സി.ബി.എസ് ന്യൂസും ഫോക്‌സ് ന്യൂസും റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ ആക്രമണങ്ങളില്‍ യു.എസിന് പങ്കുള്ളതായി വൈറ്റ് ഹൗസോ പെന്റഗണോ സ്ഥിരീകരിച്ചിട്ടില്ല.


ആക്രമണത്തെ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ അപലപിച്ചു. വെനസ്വേലയിലെ ആക്രമണം യു.എൻ ചാര്‍ട്ടറിന്റെ ലംഘനമാണെന്നും ഇത്തരം ആക്രമണങ്ങള്‍ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവനെ അപകടത്തിലാക്കുമെന്നും പെട്രോ എക്സില്‍ എഴുതി.

ലാറ്റിന്‍ അമേരിക്കയിലെയും കരീബിയന്‍ രാജ്യങ്ങളിലെയും ജനങ്ങളും സര്‍ക്കാരുകളും വെനസ്വേലയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നും പെട്രോ ആഹ്വാനം ചെയ്തു.

കഴിഞ്ഞ ദിവസം യു.എസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മഡുറോ അറിയിച്ചിരുന്നു. മാസങ്ങള്‍ നീണ്ട യു.എസ് ഉപരോധങ്ങള്‍ക്കും സൈനിക സമ്മര്‍ദങ്ങള്‍ക്കും പിന്നാലെയാണ് മഡുറോ ചര്‍ച്ചയ്ക്ക് തയ്യാറായത്. ഇതിനുപിന്നാലെയാണ് വെനസ്വേല അടിയന്തിരാവസ്ഥയിലേക്ക് നീങ്ങുന്നത്.

Content Highlight: Explosions in seven places; Maduro declares state of emergency in Venezuela

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.