പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; നവ്‌ജോത് കൗര്‍ സിദ്ദു പാര്‍ട്ടി വിട്ടു
India
പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; നവ്‌ജോത് കൗര്‍ സിദ്ദു പാര്‍ട്ടി വിട്ടു
രാഗേന്ദു. പി.ആര്‍
Sunday, 1st February 2026, 8:01 am

ചണ്ഡീഗഡ്: മുന്‍ പഞ്ചാബ് എം.എല്‍.എ നവ്‌ജോത് കൗര്‍ സിദ്ദു കോണ്‍ഗ്രസ് വിട്ടു. പഞ്ചാബ് പി.സി.സി അധ്യക്ഷന്‍ അമരീന്ദര്‍ സിങ് രാജ വാറിങ്ങിനെ വിമര്‍ശിച്ചുകൊണ്ടാണ് രാജി. ഇന്നലെ (വെള്ളി) എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് കൗര്‍ രാജി അറിയിച്ചത്.

മുഖ്യമന്ത്രി ഭഗവന്ത് മാനുമായി ചേര്‍ന്ന് അമരീന്ദര്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് വിമര്‍ശനം. അമരീന്ദര്‍ സിങ് പാര്‍ട്ടിയെ അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും എന്നാല്‍ അത് പുറത്തുവിടാന്‍ താത്പര്യമില്ലെന്നും നവ്ജോത് കൗര്‍ സിദ്ദു എക്സില്‍ എഴുതി.

ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വെച്ച് യാതൊരു കഴിവുമില്ലാത്ത കോണ്‍ഗ്രസ് അധ്യക്ഷനാണ് അമരീന്ദര്‍. മുഖ്യമന്ത്രിയുമായി സഖ്യമുണ്ടാക്കി ജയിലില്‍ നിന്ന് സ്വയം രക്ഷപ്പെട്ട നേതാവ്. ആം ആദ്മി പാര്‍ട്ടിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ അമരീന്ദര്‍ സിങ് പാര്‍ട്ടിയെ നിസാര നേട്ടങ്ങള്‍ക്കായി വിറ്റുവെന്നും നവ്ജോത് ആരോപിക്കുന്നുണ്ട്.

മുന്‍ ലോക്‌സഭാ എം.പിയും കൗറിന്റെ പങ്കാളിയുമായ നവ്ജോത് സിങ് സിദ്ദുവിനെ തോല്‍പിച്ച 12 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ സ്ഥിതി എന്താണെന്നും പോസ്റ്റില്‍ ചോദ്യമുണ്ട്. നവ്ജോതിനെ തോല്‍പ്പിച്ച നേതാക്കള്‍ക്കെല്ലാം കോണ്‍ഗ്രസ് വലിയ പദവികള്‍ നല്‍കിയെന്നും കൗര്‍ ആരോപിക്കുന്നു.

നവ്ജോതിനെ അപമാനിക്കും വിധത്തിലുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും കൗര്‍ ആവശ്യപ്പെട്ടു. അമരീന്ദര്‍ സിങ് അടക്കമുള്ള നേതാക്കളെയും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെയും പരസ്യമായി വിമര്‍ശിച്ചവര്‍ക്കെതിരെ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്നും നവ്ജോത് കൗര്‍ ചോദിച്ചു.

രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചുകൊണ്ടും കൗര്‍ പ്രതികരിച്ചിട്ടുണ്ട്. നേരത്തെ കോണ്‍ഗ്രസ് പഞ്ചാബ് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ നവ്ജോത് കൗറിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.

പഞ്ചാബില്‍ മുഖ്യമന്ത്രി സീറ്റിന് 500 കോടി നല്‍കണമെന്നും സംസ്ഥാന നേതൃത്വത്തിലെ പ്രമുഖരായ അഞ്ച് നേതാക്കള്‍ അധികാര കൊതിയന്മാരാണെന്നും നവ്ജോത് കൗര്‍ വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കൗര്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടത്.

‘പഞ്ചാബില്‍ 500 കോടി രൂപ നല്‍കുന്നവര്‍ക്ക് മുഖ്യമന്ത്രി കസേര ലഭിക്കും. എന്നാല്‍, ഒരു പാര്‍ട്ടിക്കും മുഖ്യമന്ത്രി സ്ഥാനത്തിനായി നല്‍കാന്‍ ഞങ്ങളുടെ കൈവശം പണമില്ല. പഞ്ചാബിനെ ഒരു സുവര്‍ണ സംസ്ഥാനമാക്കി മാറ്റാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്. പഞ്ചാബിനും പഞ്ചാബ് സ്വത്വത്തിനും വേണ്ടിയാണ് തങ്ങള്‍ സംസാരിക്കുന്നത്,’ എന്നായിരുന്നു കൗറിന്റെ വാക്കുകള്‍.

കോണ്‍ഗ്രസ് പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സിദ്ദുവിനെ പ്രഖ്യാപിച്ചാല്‍ അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുമെന്നും നവ്‌ജോത് കൗര്‍ പറഞ്ഞിരുന്നു.

Content Highlight: Explosion in Punjab Congress; Navjot Kaur Sidhu leaves the party

 

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.