ചെങ്കോട്ടയ്ക്ക് സമീപം നിര്‍ത്തിയിട്ട കാറില്‍ സ്‌ഫോടനം; ദല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം
India
ചെങ്കോട്ടയ്ക്ക് സമീപം നിര്‍ത്തിയിട്ട കാറില്‍ സ്‌ഫോടനം; ദല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th November 2025, 7:35 pm

ന്യൂദല്‍ഹി: ദൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം. നിര്‍ത്തിയിട്ട കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ക്ക് തീപിടിച്ചതായാണ് വിവരം.


വൈകുന്നേരം 6.30ഓടെ ദൽഹിയിലെ ലാല്‍കില മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം. സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.

18 ഓളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. സ്‌ഫോടനത്തിന്റേതായി എക്സില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ നിന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് മനസിലാകുന്നത്.

‘റെഡ് ഫോര്‍ട്ട് മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പര്‍ ഒന്നിന് സമീപം ഒരു കാറില്‍ സ്‌ഫോടനം ഉണ്ടായതായി ഒരു ഫോണ്‍ സന്ദേശം ലഭിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് മൂന്ന് മുതല്‍ നാല് വരെ വാഹനങ്ങള്‍ക്ക് തീപിടിച്ച് കേടുപാടുകള്‍ സംഭവിച്ചു,’ ദല്‍ഹി ഫയര്‍ ഫോഴ്സ് പ്രസ്താവനയില്‍ പറഞ്ഞു.

സ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടികള്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍ ഫയര്‍ ഫോഴ്സിന്റെ ഏഴ് യൂണിറ്റുകള്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ദല്‍ഹിയിലെ പൊലീസ് സ്‌പെഷ്യല്‍ സെല്ലില്‍ നിന്നുള്ള ഒരു സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

സ്‌ഫോടനത്തെ തുടര്‍ന്ന് ദല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദല്‍ഹിയില്‍ ഉടനീളം പരിശോധന ആരംഭിച്ചതായി ദല്‍ഹി പൊലീസ് അറിയിച്ചു.

Content Highlight: Explosion in a parked car near the Red Fort; Delhi on high alert