തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പൊട്ടിത്തെറി; അനസ്‌തേഷ്യ ടെക്‌നീഷ്യന് തലയോട്ടിക്ക് പരിക്ക്
Kerala News
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പൊട്ടിത്തെറി; അനസ്‌തേഷ്യ ടെക്‌നീഷ്യന് തലയോട്ടിക്ക് പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th May 2025, 11:36 am

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പൊട്ടിത്തെറിച്ച് ജീവനക്കാരന് പരിക്ക്. അനസ്‌തേഷ്യ ടെക്‌നീഷ്യനായ പാലക്കാട് സ്വദേശി അഭിഷേകിനാണ് തലയോട്ടിക്ക് പരിക്കേറ്റത്.

ഇന്നലെ (വെള്ളിയാഴ്ച്ച) ഉച്ചയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ അഭിഷേകിനെ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ച് ചികിത്സ നല്‍കി താമസസ്ഥലത്തേക്ക് പറഞ്ഞയച്ചിരുന്നു.

ഇതിന് പിന്നാലെ രാത്രി ഛര്‍ദിയും മറ്റ് ശാരീരിക അസ്വസ്ഥകളും കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ വിദഗ്ദ പരിശോധനയിലാണ് തലയിലെ പൊട്ടല്‍ കണ്ടെത്തിയത്. നിലവില്‍ അഭിഷേക്  ഐ.സി.യുവില്‍ ചികിത്സയില്‍ തുടരുകയാണ്.

അടുത്തിടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും വലിയൊരു പൊട്ടിത്തെറി ഉണ്ടായിരുന്നു. യു.പി.എസ് റൂമിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍.

Content Highlight: Explosion at Thiruvananthapuram Medical College; Anesthesia technician suffers skull injury