റഷ്യയിലെ ജൈവായുധ ഗവേഷണ ലാബില്‍ സ്‌ഫോടനം; അപകടമുണ്ടായത് മനുഷ്യരാശിയെ ഇല്ലാതാക്കാന്‍ ശേഷിയുള്ള വൈറസുകള്‍ സൂക്ഷിച്ചിരിക്കുന്ന ലാബില്‍
World News
റഷ്യയിലെ ജൈവായുധ ഗവേഷണ ലാബില്‍ സ്‌ഫോടനം; അപകടമുണ്ടായത് മനുഷ്യരാശിയെ ഇല്ലാതാക്കാന്‍ ശേഷിയുള്ള വൈറസുകള്‍ സൂക്ഷിച്ചിരിക്കുന്ന ലാബില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th September 2019, 5:13 pm

മോസ്‌കോ: റഷ്യയിലെ ജൈവായുധ ഗവേഷണ ലാബില്‍ സ്‌ഫോടനം. സംഭവത്തെത്തുടര്‍ന്ന് ലാബില്‍ സൂക്ഷിച്ചിരുന്ന, മനുഷ്യരാശിയെ ഇല്ലാതാക്കാന്‍ ശേഷിയുള്ള അതിമാരക വൈറസുകള്‍ പുറത്തുവന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത് അധികൃതര്‍ നിഷേധിച്ചു.

സൈബീരിയയിലെ കോള്‍ട്ട്‌സ്‌വയിലുള്ള വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നറിയപ്പെടുന്ന റഷ്യന്‍ സ്റ്റേറ്റ് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ വൈറോളജി ആന്‍ഡ് ബയോടെക്‌നോളജിയിലാണ് തിങ്കളാഴ്ച സ്‌ഫോടനമുണ്ടായത്.

ആറുനിലക്കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണു സ്‌ഫോടനമുണ്ടായത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു തൊഴിലാളിക്കു പൊള്ളലേറ്റു. ഇയാളെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു.

പക്ഷിപ്പനി, പന്നിപ്പനി, എച്ച്.ഐ.വി, എബോള, ആന്ത്രാക്‌സ്, വസൂരി തുടങ്ങിയ മാരക വൈറസുകളെ ഇവിടെ വിവിധ ഗവേഷണങ്ങള്‍ക്കായി സൂക്ഷിച്ചിട്ടുണ്ട്.

മനുഷ്യരാശിക്കു കനത്ത നാശം വിതച്ച വസൂരിക്കു കാരണമായ വരിയോള വൈറസ്, ചിലതരം പ്ലേഗ് തുടങ്ങിയവയുടെ രോഗാണുക്കളെല്ലാം ലാബില്‍ ഇപ്പോഴും സുരക്ഷിതമാണെന്നാണ് വിശ്വസിക്കുന്നത്.

ശീതയുദ്ധ കാലത്ത് മാരക രോഗാണുക്കളെ ഉപയോഗിച്ചു ജൈവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ പഴയ സോവിയറ്റ് യൂണിയന്‍ 1974-ല്‍ നിര്‍മ്മിച്ചതാണ് ലാബ്. ലോകത്തില്‍ വസൂരി വൈറസുകളെ സൂക്ഷിച്ചിട്ടുള്ള രണ്ട് ലാബുകളില്‍ ഒന്നാണ് വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എബോളയ്ക്കും ഹെപ്പറ്റൈറ്റിസിനും ഉള്‍പ്പെടെ പ്രതിരോധ വാക്‌സിനുകള്‍ വികസിപ്പിച്ചെടുത്തു ശ്രദ്ധേയമായ കേന്ദ്രമാണിത്. ഇപ്പോഴും പല മാരക രോഗങ്ങള്‍ക്കമുള്ള പ്രതിരോധ മരുന്നുകളെക്കുറിച്ചു ഗവേഷണം നടക്കുന്നുണ്ട്.

മാരക വൈറസുകളെ സൂക്ഷിച്ചിട്ടുള്ള മറ്റൊരു ലാബ് അമേരിക്കയിലെ അറ്റ്‌ലാന്റയിലുള്ള യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സെന്ററാണ്.

സ്‌ഫോടനത്തില്‍ മാരക വൈറസുകള്‍ പുറത്തുവന്നെന്നുള്ള വാര്‍ത്തകള്‍ അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്. രോഗാണുക്കളെ സൂക്ഷിച്ചിട്ടുള്ള മേഖലയിലല്ല സ്‌ഫോടനമുണ്ടായത്.

അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മാരക രോഗാണുക്കളെയെല്ലാം കെട്ടിടത്തില്‍ നിന്നും മറ്റൊരിടത്തേക്കു സുരക്ഷിതമായി മാറ്റിയിരിക്കുകയാണെന്നാണ് വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന കോള്‍ട്ട്‌സ്വ സയന്‍സ് സിറ്റിയുടെ മേധാവി നിക്കോളായ് ക്രാസ്‌നികോവ് അറിയിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എബോള വാക്‌സിനുകളുടെ പരീക്ഷണം വിജയിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവെച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

സ്‌ഫോടനത്തില്‍ മാരക രോഗാണുക്കള്‍ പുറത്തെത്താനുള്ള സാധ്യത കുറവാണെന്നാണു വിദഗ്ധര്‍ പറയുന്നത്. എബോള, വസൂരി പോലുള്ള രോഗാണുക്കളെ ‘ലെവല്‍ ഫോര്‍’ ലാബുകളില്‍ പ്രത്യേക കണ്ടെയ്‌നറുകളിലാക്കി ശീതീകരിച്ചാണു സൂക്ഷിക്കുന്നത്.

അതീവ സുരക്ഷാ മേഖലയായ ഇവിടേക്കു പ്രവേശനവും നിയന്ത്രണവിധേയമായിരിക്കും. മാത്രമല്ല, സ്‌ഫോടനമുണ്ടായാലും അതേത്തുടര്‍ന്ന് ലാബില്‍ താപനില 100 ഡിഗ്രിയിലോ അതില്‍ക്കൂടുതലോ ആയി ഉയരുന്നത് വൈറസുകള്‍ നശിച്ചുപോകാന്‍ കാരണമാക്കും.

തീപ്പിടിത്തത്തെത്തുടര്‍ന്നു മാരകമായ വസ്തുക്കളൊന്നും പുറത്തേക്കു പടര്‍ന്നിട്ടില്ലെന്ന് കോള്‍ട്ട്‌സ്വ മേയറും വ്യക്തമാക്കിയിട്ടുണ്ട്. അട്ടിമറിയുണ്ടോ എന്നു പരിശോധിക്കാന്‍ അന്വേഷണത്തിന് അദ്ദേഹം ഉത്തരവിട്ടിട്ടുമുണ്ട്.