തെലങ്കാനയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം; 12 തൊഴിലാളികള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
national news
തെലങ്കാനയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം; 12 തൊഴിലാളികള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th June 2025, 4:34 pm

ഹൈദരാബാദ്: തെലങ്കാനയിലെ ഒരു കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 12 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. സംഗറെഡ്ഡി ജില്ലയിലാണ് സ്ഫോടനമുണ്ടായത്. ഇന്ന് (തിങ്കള്‍) രാവിലെയോടെ പശമൈലാറമിലെ സിഗാച്ചി കെമിക്കല്‍ ഇന്‍ഡസ്ട്രിയിലാണ് സംഭവം.

കെട്ടിടത്തിനുള്ളില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സംഗറെഡ്ഡി പൊലീസ് സൂപ്രണ്ട് പരിതോഷ് പങ്കജ് എ.എന്‍.ഐയോട് പറഞ്ഞു. സ്ഫോടനത്തില്‍ പരിക്കേറ്റ 20ഓളം തൊഴിലാളികളെ ആശുപത്രികളിലേക്ക് മാറ്റി. ഇവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രാവിലെ 9.37നാണ് കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. പസമൈലാരം ഫേസ് ഒന്നിലെ സിഗാച്ചി ഫാര്‍മ കമ്പനിയിലാണ് സംഭവം നടന്നത്. സ്‌ഫോടനത്തെ തുടര്‍ന്ന് കെമിക്കല്‍ നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൂര്‍ണമായും തകര്‍ന്നു.

പട്ടാഞ്ചേരു, സംഗറെഡ്ഡി, കുക്കാട്ട്പള്ളി, മാധാപൂര്‍, ജീഡിമെറ്റ്ല, രാജേന്ദ്രനഗര്‍ എന്നിവയുള്‍പ്പെടെ വിവിധ സ്റ്റേഷനുകളില്‍ നിന്ന് 11 യൂണിറ്റ് ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സംസ്ഥാന ദുരന്ത നിവാരണ സേന, ദേശീയ ദുരന്ത നിവാരണ സേന, ഹൈഡ്ര ക്രെയിനുകള്‍, ലോക്കല്‍ പൊലീസ് എന്നിവരും സ്ഥലത്തുണ്ട്.

സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം കെട്ടിടത്തിലെ പതിവ് പ്രവര്‍ത്തനങ്ങള്‍ക്കിടെ ഒരു റിയാക്ടര്‍ പൊട്ടിത്തെറിച്ചതാകാമെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു.

കെട്ടിടത്തിലെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും തീയും പുകയും മൂലം കെട്ടിടത്തിനുള്ളിലേക്ക് കടക്കുന്നതില്‍ പ്രതിസന്ധിയുണ്ടെന്നും അധികൃതര്‍ പറഞ്ഞു. കൂടാതെ അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അപകടം നടക്കുമ്പോള്‍ കെട്ടിടത്തിനുള്ളില്‍ 150 തൊഴിലാളികള്‍ ഉണ്ടായിരുന്നു. അവരില്‍ 90ഓളം പേര്‍ സ്‌ഫോടനം നടന്ന സ്ഥലത്തുണ്ടായിരുന്നതായി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് സത്യനാരായണ പ്രതികരിച്ചു. കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തിന് പിന്നാലെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അനുശോചനം രേഖപ്പെടുത്തി. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കുന്നതിനും പരിക്കേറ്റവര്‍ക്ക് അടിയന്തിരമായി ചികിത്സ നല്‍കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കാനും അപകടം സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്താനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

Content Highlight: Explosion at chemical factory in Telangana; 12 workers killed, many injured