പ്രതിമാസം രണ്ടേകാല്‍ കോടി ചെലവ്; രാജീവ് ചന്ദ്രശേഖര്‍ വന്നതിന് ശേഷം സംസ്ഥാന ബി.ജെ.പിയില്‍ ധൂര്‍ത്തെന്ന് പരാതി
Kerala
പ്രതിമാസം രണ്ടേകാല്‍ കോടി ചെലവ്; രാജീവ് ചന്ദ്രശേഖര്‍ വന്നതിന് ശേഷം സംസ്ഥാന ബി.ജെ.പിയില്‍ ധൂര്‍ത്തെന്ന് പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th September 2025, 3:19 pm

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷൻ ആയതിനു ശേഷം ബി.ജെ.പിയിൽ ധൂർത്തെന്ന് പരാതി. പാർട്ടിയുടെ പ്രതിമാസ ചെലവ് രണ്ടേകാൽ കോടിയായി വർധിച്ചെന്നാണ് പരാതി.

അനാവശ്യ ധൂർത്താണിതെന്ന് ചൂണ്ടിക്കാട്ടി ഓഫീസ് സെക്രട്ടറിയും ട്രഷററുമാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിന് പരാതി നൽകിയത്.

കെ. സുരേന്ദ്രന്റെ കാലത്ത് 35 ലക്ഷം മുതൽ 40 ലക്ഷം വരെയായിരുന്നു ചെലവ് എന്നാൽ ഇപ്പോൾ ചെലവ് നാലിരട്ടിയായെന്നും പരാതിയിൽ പറയുന്നു.

രാജീവ് ചന്ദ്രശേഖറിന്റെ താമസം ഫൈവ് സ്റ്റാർ ഹോട്ടലുകളിലാണെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.

രാജീവ് ചന്ദ്രശേഖർ അധ്യക്ഷനായി ചുമതലയേറ്റത്തിന് ശേഷം സോഷ്യൽ മീഡിയ ടീമുകളിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്തിയിരുന്നു. ഐ.ടി, ഓൺലൈൻ, പി.ആർ മീഡിയ മേഖലകളിലായി വൻ തുകയാണ് ചെലവഴിക്കുന്നത്. ഓഫീസിലെ സംവിധാനങ്ങളിലും മാറ്റങ്ങൾ വരുത്തിയിരുന്നു.

ഒന്നരലക്ഷം രൂപ മാത്രമായിരുന്നു മുമ്പ് ഓഫീസാവശ്യങ്ങൾക്കും സോഷ്യൽ മീഡിയയിലേക്കും മീഡിയ ടീമിനുമൊക്കെയായി പ്രതിമാസം ചെലവഴിച്ചിരുന്നത്.

35 കോടി രൂപ മാത്രമാണ് ഇപ്പോൾ അക്കൗണ്ടിൽ ബാക്കിയുള്ളത്. അതാണ് ചെലവിനായി ഉപയോഗിക്കുന്നതെന്നും ഇതേ തരത്തിൽ തന്നെ ആറ് മാസം കൂടി ഉപയോഗിച്ചാൽ ഓഫീസിലെ ജീവനക്കാർക്കുപോലും പണം നൽകാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തുമെന്നും പരാതിക്കാർ പറയുന്നു.

എന്നാല്‍ ചെലവ് വര്‍ധിച്ചത് സംബന്ധിച്ച ചോദ്യങ്ങളോട് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ക്ഷുഭിതനായി. ബി.ജെ.പിയുടെ ചെലവ് വര്‍ധിച്ചെന്ന് നിങ്ങളാണോ പറയേണ്ടതെന്നും വേറെ എന്തേലും പണി നോക്കൂ എന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Content Highlight: Expenses of Rs 2.5 crore per month; Complaint of embezzlement in state BJP after Rajiv Chandrasekhar’s arrival