സത്‌നാംസിങ് മരണം: സര്‍ക്കാര്‍ അഭിഭാഷകനെ കേസില്‍ നിന്ന് മാറ്റി
Kerala
സത്‌നാംസിങ് മരണം: സര്‍ക്കാര്‍ അഭിഭാഷകനെ കേസില്‍ നിന്ന് മാറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th April 2014, 9:01 am

[share]

[] കൊച്ചി: അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്നാരോപിക്കപ്പെട്ട ബിഹാര്‍ സ്വദേശി സത്‌നാംസിങിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നടന്ന ക്രൈംബ്രാഞ്ച് അന്വേഷണം സത്യസന്ധമല്ലെന്ന് ഹൈക്കോടതിയില്‍ വെളിപ്പടുത്തിയ സര്‍ക്കാര്‍ അഭിഭാഷകനെ കേസിന്റെ ചുമതലയില്‍ നിന്ന് നീക്കി.

തിരുവനന്തപുരം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് സത്‌നാംസിങ് മരണപ്പെട്ടതുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ അന്വേഷണം നടന്നിട്ടില്ലെന്ന് കഴിഞ്ഞ ദിവസം പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍ സുരേഷ് കോടതയിയെ അറിയിച്ചിരുന്നു. കേസ് അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ അടങ്ങുന്ന കേസ് ഡയറി പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും സര്‍ക്കാറിന് വേണ്ടി ഹാജറായ എന്‍. സുരേഷ് പറഞ്ഞിരുന്നു.

അഡ്വക്കറ്റ് ജനറല്‍ കെ.പി ദണ്ഡപാണി നേരിട്ട് ഇടപെട്ടാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍ സുരേഷിനെ കേസ് നടത്തിപ്പിന്റെ ചുമതലയില്‍ നിന്ന് നീക്കിയത്. കേസ് നടത്തിപ്പ് അഡ്വക്കറ്റ് ജനറല്‍ ഏറ്റെടുക്കുകയാണെന്നും ഹരജി മധ്യവേനല്‍ അവധിക്ക് ശേഷം മാറ്റണമെന്നും മറ്റൊരു ഗവണ്‍മെന്റ്  പ്ലീഡര്‍ കോടതിയിലെത്തി ആവശ്യപ്പെടുകയായിരുന്നു. കേസിലെ ഹരജി ഭാഗത്തെ അറിയിക്കാതെയാണ് അഡ്വക്കേറ്റ് ജനറലിന് വേണ്ടി ഹാജരായ ഗവണ്‍മെന്റ് പ്ലീഡര്‍ കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ടതെന്ന ആരോപണവും ഉണ്ട്.

സത്‌നാംസിങിന്റെ മരണം സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും  കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് സത്‌നാംസിങിന്റെ പിതാവ് ഹരീന്ദ്രവാല്‍ സിങ് സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി പരിണിയ്ക്കുന്നത്.

കരുനാഗപ്പള്ളി അമൃതാനന്ദമയി മഠത്തിലുണ്ടായ സംഭവത്തെ തുടര്‍ന്ന് സത്‌നാംസിങിനെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ വെച്ചുള്ള  സത്നംസിങിന്റെ മരണവും ഈ കേസുമായി ബന്ധപ്പെടുത്തി അന്വേഷണം നടന്നിട്ടില്ലെന്നായിരുന്നു സുരേഷ് കോടതിയെ അറിയിച്ചത്.

സത്‌നാമിനെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ക്രിമിനല്‍ പശ്ചാത്തല മുള്ളവരോടൊപ്പമാണ് പാര്‍പ്പിച്ചതെന്നും അവിടെ നടന്ന കൊലപാതകത്തിന് മറ്റാരുടെയെങ്കിലും ഇടപെടലുണ്ടോയെന്ന്ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടില്ലെന്നും പ്രോസിക്യൂട്ടര്‍ വിശദീകരിച്ചിരുന്നു.

തുടര്‍ന്ന് ക്രൈംബ്രാഞ്ചിന്റെ കേസ് ഡയറി പരിശോധിക്കാനായി ജസ്റ്റിസ് കെ രാമകൃഷ്ണന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ അഡ്വക്കറ്റ് ജനറലിന്റെ നിര്‍ദേശപ്രകാരം മറ്റൊരു ഗവ പ്ലീഡര്‍ കോടതയില്‍ ഹാജരായി കേസ് മധ്യ വേനല്‍ അവധിക്ക് ശേഷം മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടത്.

സത്‌നാംസിങിന്റെ മരണകാരണം മാനസികാരോഗ്യ കേന്ദ്രത്തില്‍ ജീവനക്കാരും സഹതടവുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തിലേറ്റ പരിക്കാണെന്ന നിലപാടാണ് വിശദീകരണത്തിലുള്ളത്. 77 മുറിവുകള്‍ മൃതദേഹത്തിലുണ്ടായിരുന്നെന്നും ഇത് മരണത്തിന് 24 മണിക്കൂര്‍ മുമ്പുണ്ടായതാണെന്നും വ്യക്തമാക്കുന്നു.

മാനസികാസ്വാസ്ഥ്യമുണ്ടായിരുന്ന സത്‌നാം സിങ്ങിനെ ജയിലില്‍ പാര്‍പ്പിച്ച രീതിയില്‍ അസ്വാഭാവികതയുണ്ടെന്നും  പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ക്രിമിനലുകളായ മൂന്ന് പേര്‍ക്കൊപ്പം മുണ്ടുമാത്രം ധരിപ്പിച്ച് സത്‌നാമിനെ താമസിപ്പിക്കുകയായിരുന്നെന്നും സുരേഷ് പറഞ്ഞു. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്നത് കണ്ടെത്തേണ്ടതുണ്ട്. െ്രെകംബ്രാഞ്ച് തുടരന്വേഷണം നടത്തുന്നതിലൂടെ ഫലം കാണാനാകുമെന്ന് കരുതാനാകാത്തതിനാല്‍ മറ്റേതെങ്കിലും ഏജന്‍സിയുടെ പുനരന്വേഷണമാണ് ഇക്കാര്യത്തില്‍ വേണ്ടത് – സുരേഷ് കോടതിയെ അറിയിച്ചിരുന്നു.