തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. മലയാളത്തിലാണ് പ്രധാനമന്ത്രി സംസാരിച്ച് തുടങ്ങിയത്. വിഴിഞ്ഞം പദ്ധതിയുടെ നേട്ടങ്ങളും സാധ്യതകളും ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി ഇനി രാജ്യത്തിന്റെ പണം രാജ്യത്തിനാണെന്നും അത് രാജ്യത്തിന് പുറത്തേക്ക് ഒഴുകില്ലെന്നും വ്യക്തമാക്കി.
മുക്കാല്‍ മണിക്കൂറോളം പ്രസംഗിച്ച പ്രധാനമന്ത്രി വിഴിഞ്ഞത്തിനായി എന്തെങ്കിലും പ്രഖ്യാപനം നടത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഒന്നും തന്നെയുണ്ടായില്ല. അനന്ത പദ്മനാഭന്റെ മണ്ണില്‍ എത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ശങ്കരാചാര്യരേയും തന്റെ പ്രസംഗത്തില്‍ അനുസ്മരിച്ചു. വിഴിഞ്ഞം പദ്ധതി കേരളത്തിനും രാജ്യത്തിനും പുതിയ സാമ്പത്തിക സ്ഥിരത നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇതുവരെ ഇന്ത്യയുടെ 70% ട്രാന്‍ഷിപ്പ്മെന്റും നടന്നത് മറ്റ് തുറമുഖങ്ങളിലൂടെയാണ്. എന്നാല്‍ വിഴിഞ്ഞം യാഥാര്‍ത്ഥ്യമാവുന്നതോടെ ആ പണം ഇന്ത്യയ്ക്ക് തന്നെ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഉദ്ഘാടന പ്രസംഗത്തിനിടെ കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളേയും പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ ചരക്ക് നീക്കം വര്‍ധിച്ചെന്ന് പറഞ്ഞ മോദി തുറമുഖങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സാധിച്ചെന്നും അവകാശപ്പെട്ടു. പദ്ധതി യാഥാര്‍ത്ഥ്യമാക്കിയ സംസ്ഥാന സര്‍ക്കാരിനേയും മോദി അഭിനന്ദിച്ചു.
അതേസമയം കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പിയെ വേദിയിലിരുത്തി മുഖ്യമന്ത്രിയെ ഇന്ത്യ സഖ്യത്തിന്റെ നെടുംതൂണ്‍ ആണെന്നും പ്രധാനമന്ത്രി വിശേഷിപ്പിക്കുകയുണ്ടായി. പിണറായി ഇന്ത്യ മുന്നണിയുടെ നെടുംതൂണാണെന്നും ശശി തരൂര്‍ ഇവിടെയിരിക്കുന്നുണ്ടെന്നും ഇന്നത്തെ പരിപാടി കുറേയാളുകളുടെ ഉറക്കം നഷ്ടപ്പെടുത്തുമെന്നും പ്രധാനമന്ത്രി പരിഹസിക്കുന്നുണ്ട്.
അതേസമയം സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പോര്‍ട്ടിന്റെ ഉടമകളായ അദാനി ഗ്രൂപ്പിനെ പുകഴ്ത്തിയത് മോദി ആയുധമാക്കിയെടുക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് മന്ത്രി അദാനി തങ്ങളുടെ പങ്കാളിയാണെന്ന് പറയുന്നുണ്ടെന്നും ഇതാണ് മാറ്റമെന്നും സ്വകാര്യ നിക്ഷേപത്തെ സ്വാഗതം ചെയ്യുന്നത് നല്ല കാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം അദാനി വളരെ വേഗത്തില്‍ നമ്മുടെ വിഴിഞ്ഞം പോര്‍ട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയതില്‍ ഗുജറാത്തിലെ ജനങ്ങള്‍ ദേഷ്യപ്പെടുമെന്നും മോദി തമാശരൂപേണ പറയുന്നുണ്ട്. കഴിഞ്ഞ 30 വര്‍ഷമായി ഗുജറാത്തില്‍ അദാനിയുടെ തുറമുഖം പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇത്രയും വലിയ തുറമുഖം അദ്ദേഹം നിര്‍മിച്ചത് കേരളത്തിലെ വിഴിഞ്ഞത്തിനുവേണ്ടിയാണെന്ന് പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
Content Highlight: Expected an announcement for Vizhinjam port but nothing happened; Modi took advantage of Vasavan praising Adani