ന്യൂദല്‍ഹി: കേണല്‍ സോഫിയ ഖുറേഷിക്കതിരായ വിദ്വേഷ പരാമര്‍ശത്തില്‍ ബി.ജെ.പി മന്ത്രി കുന്‍വാര്‍ വിജയ് ഷാക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. പറയുന്ന ഓരോ വാക്കിലും മന്ത്രിക്ക് ഉത്തരവാദിത്തമുണ്ടാകണെമെന്ന് കോടതി പറഞ്ഞു.
വിദ്വേഷ പരാമര്‍ശത്തില്‍ വിജയ് ഷാക്കെതിരെ കേസെടുക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി ഇന്നലെ (ബുധന്‍) ഉത്തരവിട്ടിരുന്നു. പ്രസ്തുത വിധിയെ ചോദ്യം ചെയ്ത് ബി.ജെ.പി മന്ത്രി നല്‍കിയ ഹരജി അടിയന്തിരമായി പരിഗണിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം.
ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി, ജസ്റ്റിസ് എ.ജി. മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
‘പാക് ഭീകരര്‍ നമ്മുടെ സഹോദരിമാരുടെയും പെണ്‍മക്കളുടെയും സിന്ദൂരം മായ്ച്ചു. ഭീകരര്‍ ഹിന്ദുക്കളെ വിവസ്ത്രരാക്കി കൊലപ്പെടുത്തി. എന്നാല്‍ മോദിജി അവരുടെ തന്നെ സഹോദരിയെ അങ്ങോട്ടേക്കയച്ച് പ്രതികാരം ചെയ്തു. അങ്ങനെ പാകിസ്ഥാനെ പാഠം പഠിപ്പിച്ചു,’ എന്നായിരുന്നു വിജയ് ഷായുടെ പ്രസ്താവന.
എന്നാല്‍ ഇത് ഭരണഘടനാ പദവിയില്‍ ഇരുന്നുകൊണ്ട് നടത്താവുന്ന പ്രസ്താവനയല്ലെന്നും മന്ത്രിസ്ഥാനത്ത് ഇരിക്കുന്നവരില്‍ നിന്ന് കുറച്ച് കൂടി മാന്യത പ്രതീക്ഷിക്കുന്നുവെന്നും സുപ്രീം കോടതി വിമര്‍ശിച്ചു.
മധ്യപ്രദേശിലെ ഗോത്രകാര്യ മന്ത്രിയായ വിജയ് ഷാ ചൊവ്വാഴ്ച ഇന്‍ഡോര്‍ ജില്ലയിലെ മൗവില്‍ നടന്ന സാംസ്‌കാരിക പരിപാടിയില്‍ സംസാരിക്കവേയാണ് കേണല്‍ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയത്.
തുടര്‍ന്ന് ബി.ജെ.പി മന്ത്രിക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് പൊലീസ് കേസെടുത്തത്. നിലവില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന മന്ത്രിയുടെ ആവശ്യം നാളെ (വെള്ളി) പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.
അതേസമയം സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശത്തില്‍ ഖേദപ്രകടനം നടത്തിയതായി വിജയ് ഷാ കോടതിയെ അറിയിച്ചു. കൂടാതെ മന്ത്രിയുടെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും ഹൈക്കോടതി അമിതാധികാരം ഉപയോഗിച്ചുവെന്നും വിജയ് ഷായുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
എന്നാല്‍ ഹരജിയില്‍ ഇടക്കാല ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ സുപ്രീം കോടതി വിസമ്മതിക്കുകയായിരുന്നു. ഇതിനോടകം ഹൈക്കോടതി പരിഗണിച്ച കേസായതിനാലാണ് സുപ്രീം കോടതി നടപടിയെടുക്കാന്‍ വിസമ്മതിച്ചത്.
Content Highlight: ‘Expect a little more respect’: Supreme Court slams BJP minister for hate speech against Sophia Qureshi