തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് സാധ്യത പ്രവചിച്ച് ഭൂരിഭാഗം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. 140 അംഗ നിയമസഭയില്‍ യു.ഡി.എഫ് 70 മുതല്‍ 90 വരെ സീറ്റുകള്‍ നേടി വ്യക്തമായ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് വിവിധ ഏജന്‍സികളുടെ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

പ്രധാന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍

ഇന്ത്യാ ടുഡേ – ആക്‌സിസ് മൈ ഇന്ത്യ യു.ഡി.എഫിന് 78 മുതല്‍ 90 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് പ്രവചിക്കുന്നു. എല്‍.ഡി.എഫിന് 49-62 സീറ്റുകളിലേക്ക് ചുരങ്ങുമ്പോള്‍ മൂന്ന് സീറ്റുകള്‍ വരെ ബി.ജെ.പി നേടുമെന്നാണ് ഇവരുടെ പ്രവചനം.

സി.എന്‍.എന്‍. ന്യൂസ് 18 യു.ഡി.എഫിന് 70-80 സീറ്റുകളും എല്‍.ഡി.എഫിന് 58-68 സീറ്റുകളും ബി.ജെ.പിക്ക് നാല് സീറ്റുകള്‍ വരെയും ലഭിക്കുമെന്ന് പ്രവചിക്കുന്നു.

ടൈംസ് നൗ – ജെ.വി.സിയുടെ സര്‍വേയില്‍ യു.ഡി.എഫ് 72-84 സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുമ്പോള്‍ എല്‍.ഡി.എഫിന് 52-61 സീറ്റുകളിലാണ് സാധ്യത കല്‍പിക്കുന്നത്.

മാട്രിസ്, പീപ്പിള്‍സ് പള്‍സ് എന്നിവര്‍ യു.ഡി.എഫിന് 75 മുതല്‍ 85 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് പ്രവചിക്കുന്നു

മിക്ക സര്‍വേകളും ബി.ജെ.പിക്ക് മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റുകള്‍ പ്രവചിക്കുമ്പോള്‍, പീപ്പിള്‍സ് ഇന്‍സൈറ്റ് ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സഖ്യം കേരളത്തില്‍ പത്ത് മുതല്‍ 14 സീറ്റുകള്‍ വരെ നേടിയേക്കുമെന്ന് കണക്കുകൂട്ടുന്നു.

ആര് മുഖ്യമന്ത്രിയാകണം എന്ന ചോദ്യത്തിന് ഇപ്പോഴും പിണറായി വിജയനാണ് ജനങ്ങള്‍ക്കിടയില്‍ മുന്‍തൂക്കം. എന്നാല്‍ യുഡിഎഫ് നേതാക്കളില്‍ വി.ഡി. സതീശനാണ് ഒന്നാമത്. കൂടാതെ, കന്നി വോട്ടര്‍മാരും യുവാക്കളും യു.ഡി.എഫിനൊപ്പമാണെന്നും മുതിര്‍ന്ന പൗരന്മാര്‍ എല്‍.ഡി.എഫിനൊപ്പമാണെന്നും ആക്‌സിസ് മൈ ഇന്ത്യ സര്‍വേ വ്യക്തമാക്കുന്നു.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ യു.ഡി.എഫ് കേന്ദ്രങ്ങള്‍ ആവേശത്തിലാണ്. ഭരണമാറ്റം ഉറപ്പാണെന്നും തരംഗമുണ്ടായാല്‍ 90 സീറ്റുകള്‍ കടക്കുമെന്നും യു.ഡി.എഫ് നേതാക്കള്‍ അവകാശപ്പെടുന്നു.

എന്നാല്‍ എക്‌സിറ്റ് പോളുകളെ തള്ളിയ എല്‍.ഡി.എഫ്, നേരിയ ഭൂരിപക്ഷത്തോടെയാണെങ്കിലും ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. മെയ് നാലിനാണ് വോട്ടെണ്ണല്‍.

 

Content highlight:  Exit polls predict UDF to take power in Kerala