'അവര്‍ ഇപ്പോഴും സൂര്യനെ വരയ്ക്കുന്നു'; ദല്‍ഹിയില്‍ മിനാബ് പെണ്‍കുട്ടികളുടെ കലാസൃഷ്ടികളുടെ പ്രദര്‍ശനം
national news
'അവര്‍ ഇപ്പോഴും സൂര്യനെ വരയ്ക്കുന്നു'; ദല്‍ഹിയില്‍ മിനാബ് പെണ്‍കുട്ടികളുടെ കലാസൃഷ്ടികളുടെ പ്രദര്‍ശനം
ആദര്‍ശ് എം.കെ.
Friday, 24th April 2026, 8:36 pm

 

ന്യൂദല്‍ഹി: അമേരിക്കയുടെയും ഇസ്രഈലിന്റെയും ആക്രമണത്തിന്റെ ഇരകളായ കുരുന്നുകളുടെ സ്വപ്‌നങ്ങളും കണ്ണീരും വിളിച്ചോതുന്ന ചിത്രപ്രദര്‍ശനം സന്ദര്‍ശകരെ കണ്ണീരിലാഴ്ത്തി. ന്യൂദല്‍ഹിയിലെ ഇറാനിയന്‍ എംബസിയില്‍ സംഘടിപ്പിച്ച പ്രദര്‍ശനം അകാലത്തില്‍ പൊലിഞ്ഞുപോയ ബാല്യങ്ങള്‍ക്കുള്ള ആദരസൂചകമായി മാറി.

‘മിനാബ് കുട്ടികള്‍ ഇപ്പോഴും സൂര്യനെ വരയ്ക്കുന്നു’ (Minab Children Still Draw the Sun) എന്ന പേരിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.

2026 ഫെബ്രുവരി 28ന് ഇറാനില്‍ യു.എസും ഇസ്രഈലും ഏകപക്ഷീയമായി നടത്തിയ സംഘര്‍ഷത്തില്‍ ഇറാനിലെ മിനാബിലുള്ള ഷാജറേ തയ്യിബെ ഗേള്‍സ് എലിമെന്ററി സ്‌കൂളും ആക്രമണത്തിനിരയായിരുന്നു. അഞ്ച് മുതല്‍ ഏഴ് വയസ് വരെ മാത്രം പ്രായമുള്ള ഏകദേശം 160 കുട്ടികളാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സ്‌കൂള്‍ പൂര്‍ണമായും നാമാവശേഷമാവുകയും ചെയ്തിരുന്നു.

സ്‌കൂളിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പുതഞ്ഞുപോയ കുട്ടികളുടെ സ്‌കൂള്‍ ബാഗുകളില്‍ നിന്നാണ് ഈ ചിത്രങ്ങള്‍ കണ്ടെടുത്തത്.

ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ലഭിച്ച ഈ കുഞ്ഞുചിത്രങ്ങള്‍ പിന്നീട് ഡിജിറ്റൈസ് ചെയ്യുകയും ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടുമുള്ള ഇറാനിയന്‍ മിഷനുകളിലേക്ക് പ്രദര്‍ശനത്തിനായി അയക്കുകയും ചെയ്തു.

28 ചിത്രങ്ങളാണ് ഈ എക്‌സിബിഷന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ചത്. തിളങ്ങുന്ന സൂര്യന്‍, പല നിറത്തിലുള്ള പക്ഷികള്‍, മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍, സ്‌കൂള്‍ ബസ്സുകള്‍ എന്നിങ്ങനെ കുഞ്ഞു കൈകള്‍ വരച്ച അവരുടെ ലോകം യുദ്ധമോ സംഘര്‍ഷമോ ഇല്ലാത്തതും തീര്‍ത്തും സമാധാനവും സന്തോഷവും നിറഞ്ഞതായിരുന്നു.

മിക്ക ചിത്രങ്ങളുടെയും താഴെ പേര്‍ഷ്യന്‍ ഭാഷയില്‍ ‘നമ്മുടെ കുട്ടികള്‍ക്ക് സന്തോഷം ലഭിക്കട്ടെ’ എന്ന പ്രാര്‍ത്ഥനയോടെയുള്ള വരികളും എഴുതിയിരുന്നു.

കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ക്ക് പുറമെ, പ്രദര്‍ശന ഹാളിന്റെ നടുവില്‍ സ്‌കൂള്‍ തകര്‍ക്കപ്പെട്ടതിന്റെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

കുട്ടികള്‍ക്കായി ഒരുക്കിയ ശവകുടീരങ്ങളുടെ ദൃശ്യങ്ങളും കാണികളെ കണ്ണീരണിയിച്ചു. പ്രദര്‍ശനം കാണാനെത്തിയ പലരും വിങ്ങിപ്പൊട്ടിയാണ് പുറത്തിറങ്ങിയത്.

യുദ്ധത്തിന്റെ ഇരകളാകേണ്ടവരല്ല കുട്ടികളെന്നും, ഇത്തരം ക്രൂരതകള്‍ക്കെതിരെ ലോകം ഒന്നിക്കണമെന്നും സന്ദര്‍ശകര്‍ ആവശ്യപ്പെട്ടു. പ്രദര്‍ശന സ്ഥലത്ത് വെച്ചിരുന്ന വൈറ്റ് ബോര്‍ഡുകളില്‍ സമാധാനത്തിനും ഇറാനിലെ ജനതയ്ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി സന്ദേശങ്ങളും കുറിക്കപ്പെട്ടു.

ഈ ആഴ്ച ആദ്യം അവസാനിച്ച ഈ പ്രദര്‍ശനം, യുദ്ധത്തിന്റെ ഏറ്റവും വലിയ വില നല്‍കേണ്ടി വരുന്നത് നിരപരാധികളായ കുട്ടികളാണെന്ന വലിയ സത്യം ലോകത്തിന് മുന്നില്‍ ഒരിക്കല്‍ കൂടി തുറന്നുകാട്ടുന്നതായിരുന്നു.

 

Content highlight: Exhibition of artworks by Minab girls in Delhi

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.