ന്യൂദല്‍ഹി: പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘര്‍ഷ സാധ്യത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മെയ് ഏഴിന് അഭ്യാസ പ്രകടനങ്ങള്‍ നടത്താന്‍ തീരുമാനിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സിവില്‍ പ്രതിരോധത്തിനായി അഭ്യാസങ്ങള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംസ്ഥാനങ്ങളോട് അവരുടെ ഒഴിപ്പിക്കല്‍ പദ്ധതിയും അതിന്റെ റിഹേഴ്‌സലും അപ്ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുറഞ്ഞത് 244 സിവില്‍ ജില്ലകളെങ്കിലും ഈ മോക്ക് ഡ്രില്ലില്‍ പങ്കെടുക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
രാജ്യവ്യാപകമായി നടക്കുന്ന മോക്ക് ഡ്രില്ലിനുള്ള തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച കേന്ദ്രം ഒരു യോഗം വിളിച്ചിട്ടുണ്ടെന്നും സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ദേശീയ ദുരന്ത നിവാരണ സേന, റെയില്‍വേ ബോര്‍ഡ്, വ്യോമ പ്രതിരോധ പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.