എട്ട് ലക്ഷം വരുമാനമുള്ളവര്‍ക്ക് സംവരണം ലഭിക്കുമെങ്കില്‍ രണ്ടര ലക്ഷമുള്ളവര്‍ എന്തിന് ആദായനികുതി അടക്കണം? കേന്ദ്രത്തിന് നോട്ടീസയച്ച് മദ്രാസ് ഹൈക്കോടതി
national news
എട്ട് ലക്ഷം വരുമാനമുള്ളവര്‍ക്ക് സംവരണം ലഭിക്കുമെങ്കില്‍ രണ്ടര ലക്ഷമുള്ളവര്‍ എന്തിന് ആദായനികുതി അടക്കണം? കേന്ദ്രത്തിന് നോട്ടീസയച്ച് മദ്രാസ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd November 2022, 5:35 pm

ചെന്നൈ: എട്ട് ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള ആളുകളെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മദ്രാസ് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ചു.

മുന്നാക്ക സംവരണം അംഗീകരിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി അടിസ്ഥാനമാക്കി ആദായ നികുതി പിരിക്കുന്നത് 2.5 ലക്ഷം ആക്കി നിശ്ചയിച്ചതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഹൈക്കോടതിയുടെ നോട്ടീസ്.

മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ആര്‍. മഹാദേവന്‍, ജസ്റ്റിസ് സത്യനാരായണ പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് തിങ്കളാഴ്ച കേന്ദ്ര നിയമ-നീതി മന്ത്രാലയം, പെന്‍ഷന്‍ മന്ത്രാലയം തുടങ്ങിയവക്ക് നോട്ടീസ് അയച്ചത്. നാലാഴ്ചക്കകം മറുപടി നല്‍കാനും കോടതി നിര്‍ദേശിച്ചു.

103ാം ഭരണഘടനാ ഭേദഗതി അനുസരിച്ച് മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിലക്കുന്ന എട്ട് ലക്ഷം വരെ വരുമാന പരിധിയുള്ള ആളുകള്‍ക്കാണ് 10 ശതമാനം സംവരണം ലഭിക്കുക.

ഇതിന്റെ അടിസ്ഥാനത്തില്‍ എട്ട് ലക്ഷത്തില്‍ താഴെ വരുമാനമുള്ളവരെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യമാണ് ഹൈക്കോടതി നോട്ടീസില്‍.

ഡി.എം.കെ അസറ്റ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ അംഗം കുന്നൂര്‍ ശ്രീനിവാസന്‍ നല്‍കിയ ഹരജിയിലാണ് കോടതി നടപടി.

അതേസമയം, നവംബര്‍ ഏഴിനാണ് മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് തൊഴിലിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ 2019ലെ നിയമം സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയില്‍ ശരിവെച്ചത്.

എന്നാല്‍, മുന്നാക്ക സംവരണത്തിന് സുപ്രീം കോടതി ശരിവെച്ച വ്യവസ്ഥകള്‍ അംഗീകരിക്കാനാകുന്നതല്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചിരുന്നു.

സാധാരണക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ വേതനമായി പറയുന്നത് മൂന്നര ലക്ഷം രൂപയാണ്. മുന്നാക്ക സംവരണത്തിന്റെ പരിധി എട്ട് ലക്ഷം രൂപയായി സ്വീകരിച്ചാല്‍ അര്‍ഹതയില്ലാത്തവര്‍ക്കും സംവരണം ലഭിക്കുമെന്നുമാണ് യെച്ചൂരി പറഞ്ഞത്.

ഭൂമിയുടെ കാര്യത്തിലും ഇത് ബാധകമാണ്. സംവരണത്തിന്റെ അനുപാതത്തിനെതിരെ എതിര്‍പ്പുകള്‍ ഉയരുന്നത് സ്വാഭാവികമാണെന്നും ഇനി ജാതി സെന്‍സസ് എന്ന ആവശ്യം ഉയരുമെന്നും യെച്ചൂരി പറഞ്ഞിരുന്നു.

Content Highlight: Exempt All Persons With Less Than ₹8 L Annual Income From Income Tax In The Light Of EWS Criteria : Madras High Court has sent notice to Central Ministries