'ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും' ഫേസ്ബുക്ക് ഗ്രൂപ്പ് എക്‌സൈസ് വകുപ്പിന്റെ നിരീക്ഷണത്തില്‍
kERALA NEWS
'ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും' ഫേസ്ബുക്ക് ഗ്രൂപ്പ് എക്‌സൈസ് വകുപ്പിന്റെ നിരീക്ഷണത്തില്‍
ന്യൂസ് ഡെസ്‌ക്
Friday, 6th July 2018, 5:42 pm

കൊച്ചി: ഫേസ്ബുക്കില്‍ വന്‍ഹിറ്റായ ജി.എന്‍.പി.സി(ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) പേജ് സര്‍ക്കാര്‍ നിരീക്ഷണത്തില്‍. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് എക്‌സൈസ് വകുപ്പ് ജി.എന്‍.പി.സിയെ നിരീക്ഷിക്കുന്നത്.

ഗ്രൂപ്പിലെ പല പോസ്റ്റുകളും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതായിട്ടാണ് ആരോപണം. കൂടാതെ സോഷ്യല്‍ മീഡിയയിലൂടെ ലഹരിയുടെ ഉപയോഗം ജി.എന്‍.പി.സി പ്രോത്സാഹിപ്പിക്കുന്നുണ്ടോയെന്നും എക്സൈസ് അന്വേഷിക്കുന്നുണ്ട്.


Read:  ക്രിസ്ത്യാനികളെല്ലാം ബ്രിട്ടീഷുകാര്‍, അവര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ല: ബി.ജെ.പി എം.പി (വീഡിയോ)


ഇതു സംബന്ധിച്ച അന്വേഷണത്തിന് എക്സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ആരോപണം ജി.എന്‍.സി.പി നിഷേധിച്ചു. ഗ്രൂപ്പിന്റെ ലക്ഷ്യം ഉത്തരവാദിത്തമുള്ള മദ്യപാനം പിന്തുടരുന്നത് ശീലിപ്പിക്കുകയെന്നതാണെന്നും അഡ്മിന്‍ ടിഎല്‍ അജിത് കുമാര്‍ പറയുന്നു.

ചുരുങ്ങിയ കാലം കൊണ്ട് ഹിറ്റായ ഈ ഗ്രൂപ്പില്‍ 17 ലക്ഷം ആളുകളാണ് അംഗങ്ങള്‍ ആയിട്ടുള്ളത്. യാത്ര, മദ്യം, ഭക്ഷണം എന്നിവയെ കുറിച്ചുള്ള അനുഭവങ്ങളും കുറിപ്പുകളും പങ്കുവെയ്ക്കാനുള്ള ഇടമാണ് ജി.എന്‍.പി.സി ഗ്രൂപ്പ്.

കേരളത്തിലെ കള്ളുഷാപ്പുകള്‍, ബാറുകള്‍, ഹോട്ടലുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ ഗ്രൂപ്പിലുണ്ട്. ഭക്ഷണ സാധനങ്ങളുടെ രുചി വൈവിധ്യങ്ങളും മദ്യ ബ്രാന്‍ഡുകളുടെ ലഹരി ചര്‍ച്ചകളും സജീവമായ ഗ്രൂപ്പില്‍ ദിവസവും ആയിരക്കണക്കിന് പോസ്റ്റുകളാണ് വരുന്നത്.


Read:  ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ സക്കറിയ ആര്‍.എസ്.എസുകാരില്‍ നിന്ന് അടി വാങ്ങിക്കും; ഭീഷണിയുമായി ബി. ഗോപാലകൃഷ്ണന്‍


നിലവില്‍ കേരളത്തിലെ നൂറോളം ഹോട്ടലുകളും ബാറുകളും ജി.എന്‍.പി.സി അംഗങ്ങള്‍ക്ക് ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. ഇത് സംബന്ധിച്ച് ഓഫറുകള്‍ ഗ്രൂപ്പില്‍ പ്രസിദ്ധീകരിക്കാറുണ്ട്. 18 മോഡറേറ്റര്‍മാരാണ് ഗ്രൂപ്പിനുള്ളത്.