അരികില്‍ ആരോഗ്യകേന്ദ്രങ്ങള്‍, മികച്ച ആരോഗ്യപ്രവര്‍ത്തകര്‍, കോടികളുടെ പദ്ധതികള്‍; അട്ടപ്പാടിയിലെ ആരോഗ്യരംഗത്തെ സര്‍ക്കാര്‍ നവീകരിച്ചതിങ്ങനെ
Attappadi
അരികില്‍ ആരോഗ്യകേന്ദ്രങ്ങള്‍, മികച്ച ആരോഗ്യപ്രവര്‍ത്തകര്‍, കോടികളുടെ പദ്ധതികള്‍; അട്ടപ്പാടിയിലെ ആരോഗ്യരംഗത്തെ സര്‍ക്കാര്‍ നവീകരിച്ചതിങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th September 2025, 7:09 pm

പാലക്കാട്: ആരോഗ്യരംഗത്ത് കേരളം ഒരുപാട് മുന്‍പന്തിയിലായിരുന്നപ്പോഴും ആശങ്കയായി തുടര്‍ന്നിരുന്ന പാലക്കാട് ജില്ലയിലെ അട്ടപ്പാടി ഇന്ന് അത്ഭുതാവഹമായ മുന്നേറ്റമാണ് ഈ രംഗത്ത് ഉണ്ടാക്കിയിരിക്കുന്നത്. അഭിമാനകരമായ ആരോഗ്യ സൂചകങ്ങളാണ് സമീപകാലത്ത് അട്ടപ്പാടിയില്‍ നിന്നും പുറത്തെത്തുന്നത്.

നവജാതശിശുമരണ നിരക്കില്‍ ഗണ്യമായ കുറവുണ്ടായതും പോഷകാഹാരക്കുറവിനെ മറികടന്നതും ആധുനിക ചികിത്സ ഗോത്രങ്ങള്‍ക്ക് അരികില്‍ തന്നെ ലഭ്യമാകുന്നതും അട്ടപ്പാടിയുടെ ഇന്നത്തെ മികവിനെ സൂചിപ്പിക്കുന്നു.

ഏറ്റവും മികച്ച ആരോഗ്യപ്രവര്‍ത്തകരെ മാത്രം അട്ടപ്പാടിയില്‍ നിയോഗിച്ചും, മന്ത്രി വീണ ജോര്‍ജ് നിരന്തരം മിന്നല്‍ സന്ദര്‍ശനങ്ങള്‍ നടത്തിയും, ഊരുകളിലെ സ്ത്രീകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി ആശ വര്‍ക്കേഴ്‌സാക്കി മാറ്റിയും നിശബ്ദമായ വിപ്ലവം തന്നെയാണ് ആരോഗ്യവകുപ്പ് അട്ടപ്പാടിയില്‍ നടപ്പിലാക്കിയത്.

ഒരു ദിവസം കൊണ്ടോ ഒരു ഘട്ടം കൊണ്ടോ അല്ല, നിരന്തരമായ ഇടപെടലിലൂടെയാണ് എല്‍.ഡിഎഫ് സര്‍ക്കാരും ആരോഗ്യവകുപ്പും മന്ത്രി വീണ ജോര്‍ജും വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ഈ പ്രദേശത്തെ ആരോഗ്യ കേരളത്തിന്റെ അഭിമാനമാക്കി മാറ്റിയതെന്ന് കണക്കുകള്‍ തെളിയിക്കുന്നു.
സ്ത്രീകള്‍ക്കും ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമായുള്ള പ്രത്യേക സൂക്ഷ്മപാലനത്തിലൂടെ ശിശുമരണങ്ങളേയും പോഷാകാഹാര കുറവിനേയും വലിയരീതിയില്‍ മറികടക്കാനായി.

2012-13ല്‍ 28.05 ആയിരുന്ന നവജാത ശിശുമരണനിരക്ക് 2025ല്‍ 6.08 ആയി താഴ്ന്നിരിക്കുകയാണ്. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയോട് ചേര്‍ന്നുള്ള അമ്മവീട് പദ്ധതിയില്‍ ഗര്‍ഭിണികളായവര്‍ക്ക് പോഷകാഹാരം ഉറപ്പാക്കുകയും താമസിച്ച് ചികിത്സി തേടാനുള്ള സൗകര്യം നല്‍കുകയും ചെയ്യുന്നുണ്ട്.

ആധുനിക ചികിത്സയ്ക്കായി അട്ടപ്പാടി വിട്ട് പുറത്തേക്ക് പോകേണ്ടി വന്നിരുന്ന ഗോത്രജനതയ്ക്ക്, അരികിലായി തന്നെ ചികിത്സാ സഹായങ്ങള്‍ ലഭ്യമായത് വലിയ ആശ്വാസമായിരിക്കുകയാണ്. ഒപ്പം പ്രദേശത്തെ ആരോഗ്യകേന്ദ്രങ്ങള്‍ ആധുനികവത്കരിക്കുകയും ചെയ്തതോടെ നൂതന ചികിത്സാ രീതികള്‍ ഗോത്ര ജനതയ്ക്ക് സുപരിചിതവുമായി.

2016ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണത്തിലേറിയതു മുതല്‍ അട്ടപ്പാടിക്ക് പ്രത്യേക പരിഗണന നല്‍കി വരികയാണ്. 2016 മുതല്‍ 2025 വരെയുള്ള കാലത്ത് 18.2 കോടിയുടെ (ആകെ 18,22,11,000 രൂപ) വികസനപ്രവര്‍ത്തനങ്ങളാണ് അട്ടപ്പാടിയില്‍ മാത്രമായി നടപ്പിലാക്കിയത്.

ഗോത്ര മേഖലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും മികച്ച ചികിത്സയ്ക്കുമായി പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയാണ് സര്‍ക്കാര്‍ ഇന്ന് കാണുന്ന രീതിയിലേക്ക് ഈ പ്രദേശത്തെ കൈപിടിച്ചുയര്‍ത്തിയത്. ആരോഗ്യകേന്ദ്രങ്ങള്‍ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തിയതും ഗോത്ര ജനതയെ ആധുനിക ചികിത്സയിലേക്ക് കൂടുതല്‍ അടുപ്പിച്ചതുമെല്ലാം ആരോഗ്യവകുപ്പിന്റെ അട്ടപ്പാടിയോടുള്ള പ്രത്യേക കരുതലിനെ എടുത്തുകാണിക്കുന്നു.

അട്ടപ്പാടിയില്‍ 28 ജനകീയ ആരോഗ്യകേന്ദ്രങ്ങളാണ് പണികഴിപ്പിച്ചത്. ഇതോടെ ഓരോ അയ്യായിരം പേര്‍ക്കും വീടിനടുത്ത് തന്നെ ചികിത്സാസഹായം ലഭിക്കാനിടയായി. കിലോമീറ്ററുകള്‍ താണ്ടി ചികിത്സതേടിയിരുന്ന ആ കാലം ഇന്ന് അട്ടപ്പാടി ജനതയ്ക്ക് ഇന്ന് പഴങ്കഥ മാത്രമാണ്.

ഊരിലെ തന്നെ ആശവര്‍ക്കര്‍മാരെ ഉപയോഗിച്ച് ഗര്‍ഭിണികളെ കണ്ടെത്തി കൃത്യമായ ചികിത്സയും മരുന്നും ഉറപ്പാക്കിയതാണ് മാതൃ-ശിശു മരണനിരക്കില്‍ അഭിമാനമായ കുറവ് വരുത്തിയത്. 175 അങ്കണവാടികള്‍ കേന്ദ്രീകരിച്ച് അഭ്യസ്തവിദ്യരായ സ്ത്രീകളുടെയും അങ്കണവാടി – ആശപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ‘പെണ്‍ട്രികക്കൂട്ടം’ എന്ന പെണ്‍കൂട്ടായ്മയുണ്ടാക്കുകയും ഇതിലൂടെ സര്‍ക്കാര്‍ പദ്ധതികള്‍ ഗുണഭോക്താവിലേക്ക് കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പിക്കുകയും ചെയ്തു.

കൂടുതല്‍ സഹായങ്ങള്‍ ഉറപ്പാക്കുന്നതിനായി ഗോത്ര ഭാഷയില്‍ തന്നെ നിരന്തര ബോധവത്കരണവും നടത്തി. പ്രസവതീയതിക്ക് മുമ്പ് തന്നെ ഗര്‍ഭിണികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ സാധിച്ചതിലൂടെ സുരക്ഷിതമായ പ്രസവം ഉറപ്പാക്കാനായി. ഇത്തരത്തില്‍ നിരന്തര ഇടപെടലുകള്‍ നടത്തിയാണ് അട്ടപ്പാടിയുടെ ആരോഗ്യ മേഖലയെ മികവിലേക്കുയര്‍ത്തിയിരിക്കുന്നത്.

സര്‍ക്കാര്‍ ആര്‍ദ്രം പദ്ധതിയിലൂടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയിരുന്നു. പുതൂര്‍ എഫ്.എച്ച്.സിയില്‍ 11 ലക്ഷത്തിന്റെ നവീകരണമാണ് സര്‍ക്കാര്‍ നടത്തിയത്. ആനക്കട്ടി എഫ്.എച്ച്.സിയില്‍ 15.5 ലക്ഷവും ഷോളയൂര്‍ എഫ്. എച്ച്.സിയില്‍ 14 ലക്ഷത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളും നടത്തി ചികിത്സാകേന്ദ്രങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമാക്കി. അഗളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തി. 35 ലക്ഷത്തിന്റെ പദ്ധതിയാണ് ഇവിടെ നടപ്പിലാക്കിയത്.

കോട്ടത്തറ അട്ടപ്പാടി ട്രൈബല്‍ താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ അടിസ്ഥാന സൗകര്യവികസനം നടത്തി ഒ.പി ബ്ലോക്ക് നവീകരിക്കുകയും ഡയാലിസിസ്, കീമോ തെറാപ്പി കേന്ദ്രങ്ങളും ആധുനിക സൗകര്യങ്ങളോടെ ലേബര്‍ റൂം, ഫിസിയോ തെറാപ്പി ബില്‍ഡിങും പണികഴിപ്പിച്ചു. 15 ഓക്‌സിജന്‍ ബെഡുകളും നാല് എച്ച്.ഡി.യുകളും രണ്ട് ഐ.സി.യുകളുംഒരുക്കി.

പുതിയ ഒ.പി ബ്ലോക്ക് 34 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മിച്ചത്. 31 ലക്ഷം ചിലവഴിച്ച് സ്‌ക്രീനിങ് ബ്ലോക്ക്, 40 ലക്ഷം രൂപ ചെലവില്‍ ഫിസിയോതെറാപ്പി യൂണിറ്റ്, 21 ലക്ഷം ചെലവഴിച്ച് കാന്റീന്‍ സ്റ്റോര്‍, ഒരു കോടി രൂപ ചെലവില്‍ ഡയാലിസിസ് സെന്റര്‍, കീമോ തെറാപ്പി കേന്ദ്രം, മൂന്ന് കോടി രൂപ ചെലവില്‍ സി.ടി സ്‌കാന്‍ കേന്ദ്രം, 2.36 കോടി ചെലവില്‍ ലേബര്‍ റൂം നവീകരണം, 96 ലക്ഷം രൂപ ചെലവില്‍ ലഹരിവിരുദ്ധ കേന്ദ്രം, വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ 68 ലക്ഷം രൂപ ചെലവില്‍ 250 കെ.വി ഹൈ ടെന്‍ഷന്‍ ട്രാന്‍സ്‌ഫോര്‍മര്‍ തുടങ്ങിയവയാണ് ഈ ആശുപത്രിയില്‍ മാത്രം നടപ്പിലാക്കിയത്.

ഇത്തരത്തിലുള്ള മികച്ച ഇടപെടലിലൂടെ ഒരിക്കല്‍ നിരന്തരം വേദനിപ്പിക്കുന്ന വാര്‍ത്തകളിലൂടെ മാത്രം അറിഞ്ഞിരുന്ന അട്ടപ്പാടിയെ അഭിമാനിക്കുന്ന ആരോഗ്യ സൂചകങ്ങള്‍ സമ്മാനിക്കുന്ന ഒരിടമാക്കി മാറ്റിയിരിക്കുകയാണ് കേരള സര്‍ക്കാര്‍.

അട്ടപ്പാടി കോട്ടത്തറ താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ 13 കോടി 66,83000 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു.

കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സംസ്ഥാനത്തെ ശിശുമരണ നിരക്ക് കുറയ്ക്കാനായെന്ന് ട്രൈബല്‍ ആശുപത്രിയില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി വീണ ജോര്‍ജ് സംസാരിച്ചു. ‘അട്ടപ്പാടിയിലെ ജനതയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ ഒപ്പം നില്‍ക്കുന്നുണ്ട്.

ഉന്നതികളിലെ ഗര്‍ഭിണികളായ സ്ത്രീകള്‍ക്കായി 17 ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ അട്ടപ്പാടിയില്‍ തുടങ്ങാന്‍ കഴിഞ്ഞു. 174 അങ്കണവാടികള്‍ കേന്ദ്രീകരിച്ച് ‘പെണ്‍ട്രിക ‘കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ ഉന്നതികളില്‍ നടക്കുന്നുണ്ട്. കോട്ടത്തറ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ആധുനിക സജ്ജീകരണങ്ങള്‍ പ്രദേശത്തിന് പുറത്തുള്ളവര്‍ക്കും ആശ്രയമാവുന്നു.അട്ടപ്പാടിക്ക് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ട്’, മന്ത്രി പറഞ്ഞു.

 

Content Highlight: Health centers nearby, excellent health workers, projects worth crores; How the government has revamped the health sector in Attappadi