ന്യൂദല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം പടുത്തുയര്‍ത്തിയ വലിയൊരു കോട്ടയായിരുന്നു ‘ഇന്ത്യ’ മുന്നണി. എന്നാല്‍ രൂപീകരിച്ച് കേവലം മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ ആ കോട്ടയുടെ അടിത്തറയിളകി അത് തകര്‍ന്നുവീഴുകയാണോ എന്ന ചോദ്യമാണ് ദല്‍ഹിയില്‍ ഇന്നലെ നടന്ന ഇന്ത്യാ സഖ്യത്തിന്റെ നിര്‍ണായക യോഗം അവശേഷിപ്പിക്കുന്നത്.
സമീപകാലത്തെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലേറ്റ കടുത്ത തിരിച്ചടികള്‍ക്ക് പിന്നാലെ, കടുത്ത ആഭ്യന്തര ഭിന്നതകളുടെയും ഈഗോകളുടെയും നിഴലിലാണ് ഇന്ത്യാ ബ്ലോക്ക് നേതാക്കള്‍ ദല്‍ഹിയില്‍ ഒത്തുകൂടിയത്.
ഒരുവശത്ത് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയും വിലക്കയറ്റവും മൂലം കേന്ദ്ര സര്‍ക്കാര്‍ കടുത്ത പ്രതിരോധത്തിലായിരിക്കുമ്പോള്‍, ആ ജനവികാരം അനുകൂലമാക്കാന്‍ കഴിയാതെ സ്വയം തകരുന്ന ഇന്ത്യാ മുന്നണിയേയാണ് രാജ്യം കാണുന്നത്.
234 എന്ന ശക്തമായ നിലയില്‍ നിന്നിരുന്ന ഇന്ത്യാ മുന്നണിക്ക് ഒറ്റയടിക്ക് അമ്പതോളം എം.പിമാരെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇത് മുന്നണിയുടെ നട്ടെല്ലൊടിക്കുന്ന തിരിച്ചടിയാണെന്നതില്‍ സംശയമില്ല.
മുന്നണിയിലെ ഏറ്റവും വലിയ ശക്തികളിലൊന്നായ 30 എം.പിമാരുള്ള തമിഴ്നാട്ടിലെ ഡി.എം.കെ ഇതിനകം തന്നെ ഗ്രൂപ്പില്‍ നിന്ന് വേര്‍പിരിഞ്ഞു കഴിഞ്ഞു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം, നടന്‍ വിജയ്‌യുടെ ടി.വി.കെയ്ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കിയതാണ് ഡി.എം.കെയെ ചൊടിപ്പിച്ചത്. ഇത് കോണ്‍ഗ്രസ് ചെയ്ത ‘ചതി’യാണെന്ന് ഡി.എം.കെ തുറന്നടിച്ചുകഴിഞ്ഞു. ഇന്നലത്തെ യോഗം ഡി.എം.കെ ബഹിഷ്‌ക്കരിച്ചിട്ടുമുണ്ട്.
28 എം.പിമാരുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി യോഗത്തിനെത്തിയെങ്കിലും പശ്ചിമ ബംഗാളില്‍ അവര്‍ക്ക് 20 എം.പിമാരുടെ പിന്തുണ ഇതിനകം നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ രാഷ്ട്രീയ തിരിച്ചടികളില്‍ സഖ്യകക്ഷികള്‍ ആരും തന്നെ തനിക്കൊപ്പം അണിനിരന്നില്ലെന്ന കടുത്ത അമര്‍ഷവും മമതയ്ക്കുണ്ട്.
തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന്റെ 5 സീറ്റുകള്‍ വാങ്ങി പിന്തുണ ഉറപ്പാക്കിയ നടന്‍ വിജയ്‌യുടെ ടി.വി.കെയും യോഗത്തില്‍ പങ്കെടുത്തില്ലെന്നതാണ് മറ്റൊരു കാര്യം. കേന്ദ്ര സര്‍ക്കാരിനെ പിണക്കാന്‍ താല്പര്യമില്ലെന്ന വ്യക്തമായ സൂചനയാണ് വിജയ് ഇതിലൂടെ നല്‍കുന്നതെന്ന് പറയേണ്ടി വരും.
ആം ആദ്മി പാര്‍ട്ടി തലവന്‍ അരവിന്ദ് കെജ്‌രിവാള്‍ യോഗത്തിനെത്താത്തതിന് കാരണം വ്യക്തമാണ്. പഞ്ചാബില്‍ അവരുടെ മുഖ്യശത്രു കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് നയിക്കുന്ന ഒരു യോഗത്തില്‍ രണ്ടാം സ്ഥാനക്കാരനായോ മൂന്നാം സ്ഥാനക്കാരനായോ മൂലയിലിരിക്കാന്‍ കെജ്‌രിവാളിന്റെ രാഷ്ട്രീയം അനുവദിക്കുന്നില്ല. മാത്രമല്ല ആം ആദ്മിയുടെ ഏഴ് എം.പിമാര്‍ ഉള്‍പ്പെടെ കൂറുമാറി ബി.ജെ.പിക്കൊപ്പം പോയതും ഇതിനൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.
നിലവില്‍ ഏഴ് സംസ്ഥാനങ്ങളില്‍ ഭരണമുണ്ടായിരുന്ന ഇന്ത്യാ മുന്നണി ഇപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന വെറും നാല് സംസ്ഥാനങ്ങളിലേക്ക് ചുരുങ്ങിപ്പോയിരിക്കുന്നു!
ജാര്‍ഖണ്ഡില്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഹേമന്ത് സോറന്‍ വിട്ടുനിന്നത്. ഉദ്ധവ് താക്കറെ ഓണ്‍ലൈന്‍ വഴി മാത്രമാണ് യോഗത്തില്‍ ഭാഗമായത്.
കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും സ്വീകരിച്ച നിലപാടുകളിലുള്ള കടുത്ത അതൃപ്തി സി.പി.ഐ.എം, കോണ്‍ഗ്രസ് മേധാവി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നേരിട്ട് അറിയിച്ചു കഴിഞ്ഞു. കേരളത്തില്‍ എല്‍.ഡി.എഫും ബി.ജെ.പിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന കോണ്‍ഗ്രസ് ആരോപണമാണ് ഇടതുപക്ഷത്തെ ചൊടിപ്പിച്ചത്.
(ഇതേത്തുടര്‍ന്ന് സി.പി.ഐ.എം മുതിര്‍ന്ന നേതാവ് എം.എ. ബേബി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും, പ്രതിനിധിയായി ജോണ്‍ ബ്രിട്ടാസ് എം.പി മാത്രമാണ് പങ്കെടുക്കുകയും ചെയ്തത്.)
‘ലോക്സഭയിലെ പ്രധാന പ്രതിപക്ഷ കക്ഷിയെന്ന നിലയില്‍, സഖ്യകക്ഷികള്‍ക്കിടയില്‍ മാന്യത നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് ഉത്തരവാദിത്തമുണ്ട്. പാര്‍ലമെന്റില്‍ ഞങ്ങള്‍ സഹകരിക്കുമെങ്കിലും, പാര്‍ലമെന്റിന് പുറത്തുള്ള രാഷ്ട്രീയ സഹകരണം കോണ്‍ഗ്രസിന്റെ മനോഭാവം അനുസരിച്ച് മാത്രമേ തീരുമാനിക്കൂ.’ എന്നാണ് എം.എ. ബേബി പ്രതികരിച്ചത്.
യഥാര്‍ത്ഥത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പ്രതിരോധത്തിലായിരിക്കുന്ന, ഏറ്റവും ദുര്‍ബലമായിരിക്കുന്ന ഒരു നിമിഷമാണിത്. നീറ്റ് പരീക്ഷയിലെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച, സി.ബി.എസ്.ഇ, സി.യു.ഇ.ടി പരീക്ഷകളിലെ കടുത്ത പാളിച്ചകള്‍… രാജ്യം മുഴുവന്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തെരുവിലാണ്. കേന്ദ്രം ഇത്രയും കാലം കെട്ടിപ്പടുത്ത ‘സത്ഭരണത്തിന്റെ’ ആ ഫാന്റസി ലോകം പൂര്‍ണ്ണമായും ഒലിച്ചുപോയ അവസ്ഥ!
സാഹചര്യങ്ങള്‍ ഇത്രയധികം പ്രതിപക്ഷത്തിന് അനുകൂലമായിട്ടും, ജനവികാരം കേന്ദ്രത്തിന് എതിരായിട്ടും, ആ ജനവികാരത്തെ ഒന്നിച്ച് നിര്‍ത്തി മുതലാക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് കഴിയുന്നില്ല എന്നതാണ് ഏറ്റവും വലിയ പരാജയം.
ഇവിടെ ഈഗോയും പ്രാദേശിക താല്പര്യങ്ങളും മാറ്റിവെച്ച് ഒരുമിച്ച് നില്‍ക്കാന്‍ കഴിയാത്തത് തന്നെയാണ് പ്രതിപക്ഷത്തിന്റെ ശാപം.
കേന്ദ്രത്തിന്റെ വീഴ്ചകള്‍ക്ക് മുന്നിലും പ്രതിപക്ഷം ഇങ്ങനെ സ്വയം തകരുമ്പോള്‍, നഷ്ടപ്പെടുന്നത് രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷകളാണ്.
എസ്.പി നേതാവ് അഖിലേഷ് യാദവും ആര്‍.ജെ.ഡി മേധാവി തേജസ്വി യാദവും യോഗത്തില്‍ പങ്കെടുത്ത് ‘ബന്ധു രാഷ്ട്രം’ എന്ന ആശയത്തിനായി ഒന്നിച്ച് നില്‍ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും, ഉയര്‍ന്നുവരുന്ന ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഒരു പൊതു നിലപാടിലെത്താന്‍ സഖ്യത്തിന് സാധിച്ചിട്ടില്ല.
സാഹചര്യങ്ങള്‍ ഇത്രയധികം പ്രതിപക്ഷത്തിന് അനുകൂലമായിട്ടും ജനവികാരത്തെ ഒന്നിച്ച് നിര്‍ത്തി മുതലാക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് കഴിയുന്നില്ല എന്നതാണ് ഏറ്റവും വലിയ പരാജയം.
Content Highlight: Exam paper leaks, skyrocketing fuel prices: Union Government in the dock; Losing 50 MPs, INDIA bloc weakened.