തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ് ദിവസം തന്നെ ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരം നടത്തുന്നതില്‍ ബി.സി.സി.ഐയെ വിമര്‍ശിച്ച് മുന്‍ ക്രിക്കറ്റര്‍ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍. തെരഞ്ഞെടുപ്പ് ദിവസം ബി.സി.സി.ഐ മത്സരം ഷെഡ്യൂള്‍ ചെയ്യരുതായിരുന്നുവെന്നും തമിഴ്‌നാട് താരങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നല്‍കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വര്‍ഷവും നടക്കുന്ന ഐ.പി.എല്ലിനേക്കാള്‍ ഒരു സംസ്ഥാനത്തിന്റെ ഭാവി നിര്‍ണയിക്കുന്ന അഞ്ച് വര്‍ഷത്തിലൊരിക്കല്‍ എത്തുന്ന തെരഞ്ഞെടുപ്പിനാണ് പ്രാധാന്യം നല്‍കേണ്ടിയിരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
BCCI should not have had a game today. They should have allowed all the Tamil Nadu based players to vote. IPL comes every year. Elections which comes once in 5 years to determine the future of the state and country should be given more importance
— Laxman Sivaramakrishnan (@LaxmanSivarama1) April 23, 2026
സി.എസ്.കെയില്‍ തമിഴ്‌നാട് താരങ്ങളില്ലെന്ന് അവര്‍ കരുതി മറ്റ് ടീമുകള്‍ക്ക് അവധി നല്‍കുകയായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ വിമര്‍ശനമുന്നയിച്ചത്.
‘ബി.സി.സി.ഐ ഇന്ന് ഐ.പി.എല്ലില്‍ ഒരു മത്സരം ഷെഡ്യൂള്‍ ചെയ്യരുതായിരുന്നു. അവര്‍ തമിഴ്‌നാട് താരങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നല്‍കണമായിരുന്നു. ഐ.പി.എല്‍ എല്ലാ വര്‍ഷവും ഉണ്ടാവാറുണ്ട്. എന്നാല്‍, തെരഞ്ഞെടുപ്പ് അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് നടക്കുന്നത്. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ഭാവി നിര്‍ണയിക്കപ്പെടുന്ന തെരഞ്ഞെടുപ്പിനായിരുന്നു കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടിയിരുന്നത്.
അല്ലെങ്കില്‍ സി.എസ്.കെയില്‍ തമിഴ്‌നാട് താരങ്ങളില്ലെന്ന് അവര്‍ കരുതിയോ? മറ്റ് ടീമുകളില്‍ കളിക്കുന്ന താരങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ ചെന്നൈയിലേക്ക് പോവാന്‍ അവധി നല്‍കാമെന്ന് അവര്‍ ചിന്തിച്ചോ? എനിക്ക് ഒന്നും മനസിലാവുന്നില്ല. ഞാന്‍ ആകെ കണ്‍ഫ്യൂസ്ഡ് ആണ്,’ ശിവരാമകൃഷ്ണന്‍ പറഞ്ഞു.
ചെന്നൈ താരങ്ങൾ.
ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് മുംബൈ ഇന്ത്യന്‍സിനെ നേരിടുകയാണ്. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഈ മത്സരത്തിന് മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴായായിരുന്നു ശിവരാമകൃഷ്ണന്റെ വിമര്‍ശനം.