തൈറോയ്ഡ് കാന്‍സര്‍ അറിയേണ്ടതെല്ലാം
Health
തൈറോയ്ഡ് കാന്‍സര്‍ അറിയേണ്ടതെല്ലാം
ഡോ. മിഥുന്‍ മുരളി
Monday, 3rd April 2023, 5:55 pm

നമ്മുടെ കഴുത്തില്‍ ശബ്ദനാളത്തിനു താഴെ ആയി പൂമ്പാറ്റയുടെ ആകൃതിയില്‍ കാണുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. ഹൃദയസ്പന്ദനം, ബ്ലഡ് പ്രഷര്‍, ശരീരഭാരം, താപനില മുതലായവ നിയന്ത്രിക്കുന്ന ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. ജനിതകമാറ്റം വഴി തൈറോയ്ഡ് കോശങ്ങള്‍ അനിയന്ത്രിതമായ വളര്‍ച്ച പ്രാപിക്കുന്ന അവസ്ഥയാണ് തൈറോയ്ഡ് കാന്‍സര്‍.

ആഗോളതലത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ കണക്കുക്കള്‍ പരിശോധിക്കുകയാണെങ്കില്‍ തൈറോയ്ഡ് കാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചത് കാണുവാന്‍ കഴിയും. നമ്മുടെ രാജ്യത്ത് ഈ അര്‍ബുദം ഏറ്റവും കൂടുതലായി കണ്ടുവരുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

തൈറോയ്ഡ് കാന്‍സര്‍ വരാനുള്ള സാധ്യത പുരുഷന്മാരെ അപേക്ഷിച് സ്ത്രീകളില്‍ മൂന്നിരട്ടി കൂടുതലാണ്. നാല്പതിനും അമ്പതിനും ഇടയിലുള്ള സ്ത്രീകളിലാണ് കൂടുതലായും ഈ രോഗം കണ്ടുവരുന്നത്. എന്നിരുന്നാലും പ്രായലിംഗഭേദമന്യേ ഈ രോഗം കാണപ്പെടാം.

തൈറോയ്ഡ് കാന്‍സര്‍ വ്യത്യസ്ത തരത്തിലുണ്ട്. പാപ്പിലറി കാന്‍സര്‍ ആണ് ഏറ്റവും കൂടുതലായി കണ്ടുവരുന്നത്. എന്നാല്‍ ഏറ്റവും മികച്ച ചികിത്സാഫലം ലഭിക്കുന്ന തൈറോയ്ഡ് ക്യാന്‍സറും ഇതാണ്. ഫോളിക്കുലാര്‍ കാന്‍സര്‍, മെഡുല്ലരി കാന്‍സര്‍ മുതലായവയ്ക്കും ഭേദപ്പെട്ട ചികിത്സാഫലം ലഭിക്കുന്നു. അനാപ്ലാസ്റ്റിക് കാന്‍സര്‍ ആണ് തൈറോയ്ഡ് കാന്‍സറുകളില്‍ ഏറ്റവും അപകടകാരി.

കഴുത്തിന് മുന്നിലായി കണ്ടുവരുന്ന മുഴ ആണ് തൈറോയ്ഡ് കാന്‍സറിന്റെ പ്രധാന രോഗലക്ഷണം. എന്നാല്‍ ഇത്തരം മുഴകളെലാം കാന്‍സര്‍ ആകണമെന്നില്ല. മുഴയുടെ വലുപ്പവും രോഗവ്യാപ്തിയും അനുസരിച്ച് ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, ശ്വാസതടസം എന്നിവയും പ്രകടമാകാം. എന്നിരുന്നാലും തൈറോയ്ഡ് കാന്‍സര്‍ ബാധിച്ച മിക്ക ആളുകളും പൂര്‍ണ്ണമായും രോഗ ലക്ഷണമില്ലാത്തവരാണ്.

ഈ രോഗലക്ഷണങ്ങള്‍ കാണുന്നപക്ഷം വിദഗ്ധ ഡോക്ടറെ സമീപിക്കേണ്ടതാണ്. പ്രാരംഭ പരിശോധനയ്ക്കുശേഷം ആവശ്യം എന്ന് തോന്നുന്നപക്ഷം ഡോക്ടര്‍ ലാബ് ടെസ്റ്റുകളും സ്‌കാനിംഗ് ടെസ്റ്റുകളും നിര്‍ദ്ദേശിച്ചേക്കാം . തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി തൈറോയ്ഡ് ഫങ്ഷന്‍ ടെസ്റ്റ് എന്ന ലാബ് ടെസ്റ്റ് സഹായിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥിയിലുള്ള മുഴയുടെ വലുപ്പം, വ്യാപ്തി എന്നിവ മനസിലാക്കാന്‍ അള്‍ട്രാസൗണ്ട് സ്‌കാനിംഗ് ഉപകരിക്കും.

മേല്‍ പറഞ്ഞ ടെസ്റ്റുകളുടെ ഫലത്തെ ആസ്പദമാക്കി ആവശ്യമെങ്കില്‍ തൈറോയ്ഡില്‍ സൂചി കൊണ്ട് കുത്തിപരിശോധന വേണ്ടി വന്നേക്കാം. ഇതിനു ഫൈന്‍ നീഡില്‍ ആസ്പിരേഷന്‍ സൈറ്റോളജി എന്നു പറയുന്നു. ഇതിലൂടെ തൈറോയ്ഡ് കാന്‍സര്‍ സ്ഥിതീകരിക്കാവുന്നതാണ്.

തൈറോയ്ഡ് കാന്‍സറിന്റെ ചികിത്സയില്‍ ശസ്ത്രകിയ ആണ് ഏറ്റവും ഫലപ്രദവും കൃത്യവുമായ ചികിത്സാരീതി. രോഗകാഠിന്യം അനുസരിച്ച് തൈറോയ്ഡ് ഗ്രന്ഥി മുഴുവനായോ അല്ലാതെയോ നീക്കം ചെയേണ്ടി വന്നേക്കാം. ശസ്ത്രക്രിയക്കുശേഷമുള്ള പാത്തോളജി റിപോര്‍ട്ടനുസരിച്ച് തുടര്‍ചികിത്സ ആവശ്യം വരാം.

പാപ്പിലറി കാന്‍സര്‍ , ഫോളിക്കുലാര്‍ കാന്‍സര്‍ മുതലായവയില്‍ ശസ്ത്രക്രിയക് ശേഷം റേഡിയോ-അയോഡിന്‍ ചികിത്സ ആവശ്യമായി വരാം. ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ സാധിക്കാത്ത തൈറോയ്ഡ് കാന്‍സര്‍ കോശങ്ങള്‍ നശിപ്പിക്കാന്‍ റേഡിയോ-അയോഡിന്‍ ചികിത്സ സഹായിക്കുന്നു.

ചില പ്രത്യേക സാഹചര്യങ്ങളില്‍ പരമ്പരാഗത റേഡിയേഷന്‍ ചികിത്സയും ആവശ്യം വന്നേക്കാം . പൊതുവെ കീമോതെറാപ്പി തൈറോയ്ഡ് കാന്‍സറില് ഉപയോഗിക്കാറില്ലെങ്കിലും, അനാപ്ലാസ്റ്റിക് കാന്‍സറില് കീമോതെറാപ്പി ഉപയോഗിച്ച് വരാറുണ്ട്.
ചികിത്സ കഴിഞ്ഞതിനു ശേഷം നിശ്ചിതകാലയളവിലുള്ള തുടര്‍പരിശോധനയും ആവശ്യമാണ്.

തൈറോയ്ഡ് ഫങ്ഷന്‍ ടെസ്റ്റ്, തൈറോഗ്ലോബുലിന്‍, ആന്റി തൈറോഗ്ലോബുലിന്‍ ആന്റിബോഡി എന്നുള്ള രക്തപരിശോധനയും, അള്‍ട്രാസൗണ്ട് സ്‌കാനിംഗ് എന്നിവയാണു തുടര്‍പരിശോധനയില്‍ ചെയ്യേണ്ടി വരുന്ന പ്രധാന പരിശോധനകള്‍.

തൈറോയ്ഡ് ഗ്രന്ഥി മുഴുവനായും നീക്കം ചെയ്ത രോഗിക്കു ജീവിതകാലം തൈറോയ്ഡ് ഹോര്‍മോണ്‍ ഗുളിക കഴിക്കേണ്ടി വരും. യഥാസമയമുള്ള രോഗനിര്‍ണയവും വിദഗ്ധ ചികിത്സയും വഴി തൈറോയ്ഡ് കാന്‍സറിനെ നമ്മുക്ക് അതിജീവിക്കാം.

content highlight: Everything you need to know about thyroid cancer

ഡോ. മിഥുന്‍ മുരളി
കൺസൾട്ടന്റ് റേഡിയേഷൻ ഓങ്കോളജിസ്റ്റ് അമേരിക്കൻ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ട്, ബിഎംഎച്ച്, കോഴിക്കോട്