അരട്ടൈ തമിഴ് വാക്ക് ഉച്ചരിക്കാനും പ്രയാസം; പേര് മാറ്റണമെന്ന് ഹിന്ദി പ്രൊഫൈലുകൾ; ചർച്ച
India
അരട്ടൈ തമിഴ് വാക്ക് ഉച്ചരിക്കാനും പ്രയാസം; പേര് മാറ്റണമെന്ന് ഹിന്ദി പ്രൊഫൈലുകൾ; ചർച്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th September 2025, 8:41 pm

ചെന്നൈ: ചെന്നൈ ആസ്ഥാനമായുള്ള ടെക് കമ്പനി സോഹോ കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത അരട്ടൈ ആപ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. വാട്സപ്പിന്റെ സ്വകാര്യ നയത്തിൽ മാറ്റങ്ങൾ പ്രഖ്യാപിച്ച ശേഷം 2021 ജനുവരിയിലാണ് അരട്ടൈ ആപ് ആരംഭിച്ചത്.

അരട്ടൈ എന്നത് തമിഴ് വാക്കാണെന്നും അത് ഉച്ചരിക്കാൻ പ്രയാസമാണെന്നും ചില ഹിന്ദി പ്രൊഫൈലുകൾ സോഷ്യൽ മീഡിയയിൽ പറയുന്നു.

അരട്ടൈ തമിഴ്‌നാടിനുവേണ്ടി മാത്രം നിർമിച്ചതാണെങ്കിൽ പ്രാദേശികമായി ആപ് ഉപയോഗിക്കാമെന്നും എന്നാൽ ഇന്ത്യ മുഴുവൻ വ്യാപിപ്പിക്കാനാണെങ്കിൽ ഇത് ലളിതമാക്കണവുമെന്നാണ് പ്രൊഫൈലുകളുടെ പരാമർശം.

ഇന്ത്യയിലെ എല്ലാവർക്കും ഉച്ചരിക്കാൻ കഴിയുന്ന വാക്ക് ഉപയോഗിക്കണമെന്നും സോഷ്യൽ മീഡിയയിൽ പരാമർശമുണ്ട്. മീഷോ, സോമാറ്റോ, സ്വിഗി തുടങ്ങിയ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാമർശം. വണക്കം, സന്ദേശ് എന്ന പേരുകളും നിർദേശങ്ങളായി ഉയർത്തുന്നുണ്ട്.

എന്നാൽ ഈ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് ഇതിനെതിരെ വരുന്നത്. തമിഴ് വാക്കായതിന് പ്രശ്നമെന്താണെന്നും നൗകരി വെബ്‌സൈറ്റിൽ നൗകരി എന്ന വാക്ക് ഹിന്ദിയാണെന്നും അത് ഇന്ത്യ മുഴുവൻ ഉച്ചരിക്കുന്നില്ലേയെന്നും ആളുകൾ ചോദിക്കുന്നു. സ്വന്തമായി ഒരു സോഷ്യൽ മീഡിയ പ്ലാറ്റഫോം ഉണ്ടാക്കി പേരിടാനും ഇത്തരത്തിൽ സോഹോ ടീമിന് നൽകുന്ന ഉപദേശങ്ങൾ നിർത്താനും കമന്റുകൾ ഉണ്ട്.

അതേസമയം അരട്ടൈ ആപ് ഇന്ത്യയുടെ തദ്ദേശീയ മെസേജിങ് ആപ് സ്റ്റോറുകളിൽ ഒന്നാം സ്ഥാനത്തെത്തി.

ഉപയോക്താക്കളോട് സ്വദേശി പ്ലാറ്റഫോമായ അരട്ടൈയിലേക്ക് മാറാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ആവശ്യപ്പെട്ടിരുന്നു. ‘ഇന്ത്യയിൽ നിർമിച്ച അരട്ടൈ ആപ് സൗജന്യവും സുരക്ഷിതവും ഉപയോഗിക്കാൻ എളുപ്പവുമാണ്,’ ധർമേന്ദ്ര പ്രധാൻ പറഞ്ഞു.

തമിഴിൽ അരട്ടൈ എന്ന വാക്കിനർത്ഥം കാഷ്വൽ ചാറ്റ് എന്നാണ്. വാട്സപ്പിന്റേതിന് സമാനമായ സേവനങ്ങളാണ് ഈ ആപ്പും നൽകുന്നത്. സ്മാർട്ട്‌ഫോൺ, ടാബ്‌ലെറ്റ്, ഡെസ്‌ക്‌ടോപ്പ് ആൻഡ്രോയിഡ് ടി.വി തുടങ്ങിയ ഉപകരണങ്ങളിൽ ഒരേ സമയം ഈ ആപ്പ് ലോഗിൻ ചെയ്യാൻ കഴിയുന്നു.

അരട്ടൈ ആപ്ലിക്കേഷനിലെ വോയ്‌സ്, വീഡിയോ കോളുകൾ പൂർണമായും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആണെന്നാണ് കമ്പനി അവകാശപ്പെടുന്നത് എന്നാൽ സന്ദേശമയയ്ക്കൽ എൻക്രിപ്ഷൻ ഇതുവരെ പൂർണമായി പുറത്തിറക്കിയിട്ടില്ല.

വോയ്‌സ്, വീഡിയോ കോളിങ്, ഗ്രൂപ്പ് ചാറ്റുകൾ, ചാനലുകൾ, സ്റ്റോറികൾ, ഓൺലൈൻ മീറ്റിംഗുകൾ തുടങ്ങിയ സേവനങ്ങൾ അരട്ടൈ ആപ് നൽകുന്നു. കേന്ദ്ര മന്ത്രിമാരടക്കം സോഷ്യല്‍ മീഡിയയില്‍ ആപിന് പിന്തുണ നൽകി.

Content Highlight: Even the Tamil word Aratai is difficult to pronounce; Hindi profiles want to change the name; Aratai App