ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കളുടെ നായ്ക്കള്‍ പോലും രാജ്യത്തിനായി ത്യാഗം ചെയ്തിട്ടില്ല: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
national news
ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കളുടെ നായ്ക്കള്‍ പോലും രാജ്യത്തിനായി ത്യാഗം ചെയ്തിട്ടില്ല: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th April 2025, 7:46 pm

പട്‌ന: ആര്‍.എസ്.എസ്- ബി.ജെ.പി നേതാക്കളുടെ നായ്ക്കള്‍ പോലും രാജ്യത്തിനായി ത്യാഗം ചെയ്തിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. നെഹ്‌റു 14 വര്‍ഷം രാജ്യത്തിന് വേണ്ടി ജയിലില്‍ കിടന്നുവെന്നും ഖാര്‍ഗെ പറഞ്ഞു.

ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും രാഷ്ട്രത്തിന് വേണ്ടി രക്തം നല്‍കിയെന്നും ഖാര്‍ഗെ പറഞ്ഞു. ബക്‌സൂരില്‍ നടന്ന കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദിക്കും നിതീഷ് കുമാറിനും ലക്ഷ്യം അധികാരം മാത്രമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ബീഹാറിലെ ബി.ജെ.പി- ജെ.ഡി.യു സഖ്യത്തിനെതിരെയും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. നിതീഷ് കുമാര്‍ കസേരക്ക് വേണ്ടി മാത്രം തെരഞ്ഞെടുക്കപ്പെടുന്നവനാണെന്നും അദ്ദേഹം പറഞ്ഞു.

നിതീഷ് കുമാറും ബി.ജെ.പിയും തമ്മിലുള്ള സഖ്യം അവസരവാദപരമാണെന്നും അത് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി മാത്രമായി നിതീഷ് പാര്‍ട്ടി മാറുന്നുവെന്നും മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ പ്രത്യയ ശാസ്ത്രവുമായാണ് ജെ.ഡി.യു മേധാവി കൈകോര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു.

ചിലപ്പോള്‍ നിതീഷ് കുമാര്‍ തങ്ങളുടെ അടുത്തേക്ക് കപ്പല്‍ ചാടുമെന്നും പക്ഷേ ബി.ജെ.പിക്ക് വിജയസാധ്യതയുണ്ടെന്ന് കാണുമ്പോള്‍ അദ്ദേഹം വീണ്ടും അവരുടെ മടിയിലിരിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു.

ബി.ജെ.പിയും ആര്‍.എസ്.എസും ദരിദ്രര്‍ക്കെതിരായ സംഘടനകളാണെന്നും അവര്‍ പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Even the dogs of RSS-BJP leaders have not sacrificed for the country: Mallikarjun Kharge