ഞാൻ സെന്റിമെന്റൽ സീൻ എഴുതിയാലും കോമഡിയാകും, എഴുത്ത് ചലഞ്ചിങ്ങാണ്: അൽത്താഫ് സലിം
Malayalam Cinema
ഞാൻ സെന്റിമെന്റൽ സീൻ എഴുതിയാലും കോമഡിയാകും, എഴുത്ത് ചലഞ്ചിങ്ങാണ്: അൽത്താഫ് സലിം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th August 2025, 8:21 am

പ്രേമത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് അൽത്താഫ് സലിം. പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ അൽത്താഫ് അവതരിപ്പിച്ചു. അഭിനയത്തിന് പുറമെ സംവിധാനത്തിലും അൽത്താഫ് തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെ സംവിധായക കുപ്പായമണിഞ്ഞ അൽത്താഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഓടും കുതിര ചാടും കുതിര. ചിത്രം നാളെ മുതൽ തിയേറ്ററിലെത്തും. ഇപ്പോൾ തന്റെ കഥയെഴുത്തിനെക്കുറിച്ച് സംസാരിക്കുകയാണ് അൽത്താഫ്. താൻ സെന്റിമെന്റൽ സീൻ എഴുതിക്കഴിഞ്ഞാലും കോമഡിയായി മാറുമെന്ന് അൽത്താഫ് പറയുന്നു.

‘ഞാനൊരു സെന്റിമെന്റൽ സീൻ എഴുതിക്കഴിഞ്ഞാലും അടുത്തത് കൗണ്ടർ വരും. ഓപ്പോസിറ്റ് നിൽക്കുന്ന ക്യാരക്ടർ അത് ബ്രേക്ക് ചെയ്യും. അത് എനിക്ക് ഭയങ്കര ചലഞ്ച് ആണ്. എന്തെഴുതിയാലും പെട്ടെന്ന് സ്‌പൊണ്ടേനിയസ് ആയിട്ട് സെന്റി മാറിയിട്ട് അത് കോമഡിയായി മാറും,’ അൽത്താഫ് പറയുന്നു.

നർമരസത്തിൽ പൊതിഞ്ഞ് സിനിമ അവതരിപ്പിക്കുന്ന രീതിയാണ് വുഡി അലൻ, അലക്സാണ്ടർ പെയ്ൻ എന്നീ സംവിധായകർക്കുള്ളതെന്നും അവരെ ഇഷ്ടമുള്ളതുകൊണ്ടായിരിക്കും തന്റെ എഴുത്തിലേക്കും തമാശ കയറിവന്നതെന്നും അൽത്താഫ് കൂട്ടിച്ചേർത്തു.

ഇൻട്രോവേർട് ആയിരുന്നത് കൊണ്ട് ഒരു മത്സരത്തിനും സ്റ്റേജിൽ കയറിയിട്ടില്ലെന്നും ഒന്നോ രണ്ടോ വട്ടം കഥാ രചനയിൽ പങ്കെടുത്തത് മാത്രമാണ് ഈ രംഗത്തെ ആകെ പരിചയമെന്നും അൽത്താഫ് സലിം പറയുന്നു.

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമ ചെയ്യുന്ന സമയത്ത് തനിക്ക് കോൺഫിഡൻസ് ഉണ്ടായിരുന്നെന്നും അടുത്ത പടത്തെക്കുറിച്ച് താൻ ചിന്തിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇന്നായിരുന്നു ആ സിനിമയെങ്കിൽ ചെയ്യാൻ സാധ്യത വളരെ കുറവാണെന്നും അൽത്താഫ് കൂട്ടിച്ചേർത്തു.

എന്നാൽ ഓടും കുതിര ചാടും കുതിര എന്ന സിനിമ കൊമേഷ്യലി തന്നെ ചെയ്യണമെന്നുണ്ടായിരുന്നെന്നും ആ രീതിയിൽ തന്നെ എക്‌സിക്യൂട്ട് ചെയ്യാൻ ശ്രമിച്ചുവെന്നും പറഞ്ഞ അദ്ദേഹം, വിജയകരമായി വന്നിട്ടുണ്ടെന്നാണ് തോന്നുന്നതെന്നും കൂട്ടിച്ചേർത്തു. ക്യൂ സ്റ്റുഡിയോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Content Highlight: Even if I write a sentimental scene, it will still be a comedy  says Althaf Salim