ടെൽ അവീവ്: അഴിമതിക്കേസിൽ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രഈൽ പ്രസിഡന്റിന് കത്തയച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മാപ്പ് ചോദിച്ച നടപടിയിൽ ഇസ്രഈലിൽ പ്രതിഷേധം.
ഇസ്രഈൽ പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ വസതിക്ക് പുറത്ത് നടത്തിയ പ്രതിഷേധത്തിൽ നെതന്യാഹുവിന്റെ നീക്കത്തെ പൊതുജനം അപലപിച്ചു. ഈ നീക്കം നിയമവാഴ്ചയ്‌ക്കെതിരെയുള്ള അക്രമണമാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
വാഴപ്പഴത്തിന്റെ കൂമ്പാരത്തിന് മുകളിൽ ക്ഷമിക്കണം എന്ന് ലേബൽ ചെയ്തിട്ടുള്ള ബോർഡുകൾ സ്ഥാപിച്ചാണ് പ്രതിഷേധം നടത്തിയത്. ഈ നീക്കത്തെ ബനാന റിപ്പബ്ലിക്കിനോടാണ് പ്രതിഷേധക്കാർ ഉപമിച്ചത്.
ഇസ്രഈലിൽ നടന്ന പ്രതിഷേധം Photo: Screen Grab @Palestine Highlights
ദീർഘകാലമായി നിലനിൽക്കുന്ന അഴിമതി ആരോപണങ്ങളിൽ ഇസ്രഈൽ പ്രസിഡന്റിനോട് കഴിഞ്ഞ ദിവസം നെതന്യാഹു മാപ്പ് ചോദിച്ചിരുന്നു.
നെതന്യാഹുവിന് മാപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ ഇസ്രഈൽ പ്രസിഡന്റിന് കത്തയച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നെതന്യാഹു മാപ്പ് ചോദിച്ചിരിക്കുന്നത്.
തനിക്കെതിരെ ദീർഘകാലമായി നിലനിൽക്കുന്ന അഴിമതി ആരോപണം രാജ്യത്തെ ശിഥിലമാക്കുമെന്നും കേസുകളിൽ നിന്നും തന്നെ കുറ്റവിമുക്തനാക്കണമെന്നും നെതന്യാഹു ആവശ്യപ്പെട്ടിരുന്നു.
കുറ്റം പൂർണമായും സമ്മതിക്കുക, രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കുക എന്നീ വ്യവസ്ഥകൾ നെതന്യാഹു പാലിക്കുന്നില്ലെങ്കിൽ ഇസ്രഈൽ പ്രസിഡന്റ് അദ്ദേഹത്തിന്റെ മാപ്പ് നിരസിക്കണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.
Protesters gathered outside of Israeli regime’s president Isaac Herzog’s house in Tel Aviv, demanding that he reject Netanyahu’s request for a pardon in the three corruption charges against him.
‘തെറ്റ് ചെയ്തതായി സമ്മതിക്കുകയും, അതിൽ വിഷമം തോന്നുകയും, രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കുകയും ചെയ്താൽ മാത്രമേ മാപ്പ് നൽകാവൂ,’ ഇസ്രഈൽ പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് പറഞ്ഞു.
കുറ്റവാളികൾ മാത്രമേ മാപ്പ് തേടാറുള്ളുവെന്നും എട്ട് വർഷത്തെ നിയമനടപടികൾക്ക് ശേഷം നെതന്യാഹു ഇപ്പോഴാണ് മാപ്പ് ചോദിക്കുന്നതെന്നും ഡെമോക്രാറ്റിക് പാർട്ടി തലവൻ യെയർ ഗോലൻ പറഞ്ഞു.
പിരിമുറുക്കങ്ങൾ ആളിക്കത്തിക്കുന്നതിനുപകരം, കത്തിച്ച തീ കെടുത്തുകയും ജനാധിപത്യത്തെ ദ്രോഹിക്കുന്നത് നിർത്തുകയും തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുക അതിനുശേഷം മാത്രമേ മാപ്പ് പരിഗണിക്കുകയുള്ളുവെന്ന് നാഷണൽ യൂണിറ്റി പാർട്ടി ചെയർമാൻ ബെന്നി ഗാന്റ്സ് വ്യക്തമാക്കി.
ഗസയിലെ വംശഹത്യയ്ക്ക് പിന്നാലെ നെതന്യാഹുവിനെതിരെയുള്ള അഴിമതിക്കേസുകളിൽ നടപടി പുനരാരംഭിക്കുമെന്നുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.
ഇസ്രഈൽ കോടതികളിൽ അഴിമതി, തട്ടിപ്പ്, വിശ്വാസവഞ്ചന ഉൾപ്പടെയുള്ള നിരവധി കേസുകളാണ് നെതന്യാഹുവിനെതിരെയുള്ളത്.
Content Highlight: Even if he apologizes, he won’t let go; Protests in Israel against Netanyahu