ആഭ്യന്തര നിയമം പോലും എതിര്‍ക്കുന്നു; ഏകപക്ഷീയമായ തീരുവകള്‍ യു.എസ് റദ്ദാക്കണം: ചൈന
China And U.S
ആഭ്യന്തര നിയമം പോലും എതിര്‍ക്കുന്നു; ഏകപക്ഷീയമായ തീരുവകള്‍ യു.എസ് റദ്ദാക്കണം: ചൈന
അനിത സി
Tuesday, 24th February 2026, 11:55 am

ബീജിങ്: യു.എസ് കോടതിയുടെ നിര്‍ണായക വിധിയുടെ പശ്ചാത്തലത്തില്‍ യു.എസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഏകപക്ഷീയമായ തീരുവകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചൈന.

യു.എസ് പ്രസിഡന്റിന് അമിതമായ തീരുവ ഏര്‍പ്പെടുത്താന്‍ അധികാരമില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞയാഴ്ച വിധി പുറപ്പെടുവിച്ചിരുന്നു.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അമിതമായ തീരുവകള്‍ക്ക് പകരമായി വിദേശ രാഷ്ട്രങ്ങള്‍ക്ക് മേല്‍ 10 ശതമാനം തീരുവ മാത്രമെ ചുമത്താനാകൂവെന്ന് കോടതി വിധിച്ചിരുന്നു.

10 ശതമാനമല്ല 15 ശതമാനം തീരുവയാണ് ചുമത്തുകയെന്ന് പിന്നീട് ട്രംപ് അറിയിക്കുകയും ചെയ്തു. ചൊവ്വാഴ്ച മുതല്‍ 15 ശതമാനം തീരുവ നിലവില്‍ വരും.

ഇതിന്റെ പശ്ചാത്തലത്തിലാണ് ആഗോള തലത്തിലെ വ്യാപാര രംഗത്ത് വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ച യു.എസിന്റെ അമിത തീരുവകള്‍ ഒഴിവാക്കണമെന്ന് ചൈന ആവശ്യപ്പെട്ടിരിക്കുന്നത്.

അമിത തീരുവകള്‍ യു.എസിന്റെ ആഭ്യന്തര നിയമങ്ങള്‍ പോലും ലംഘിച്ചിരിക്കുകയാണ്. യു.എസ് കോടതി വിധിയുടെ പ്രത്യാഘാതങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്.

അമേരിക്ക തങ്ങളുടെ വ്യാപാര പങ്കാളികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന ഏകപക്ഷീയമായ തീരുവകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയാണെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം തിങ്കളാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

ഏകപക്ഷീയമായ എല്ലാതരം തീരുവ വര്‍ധനവുകളെയും ചൈന നിരന്തരം എതിര്‍ത്തിട്ടുണ്ട്. വ്യാപാര യുദ്ധത്തില്‍ വിജയികളുണ്ടാകില്ലെന്ന് ഊന്നി പറഞ്ഞിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു.

അതേസമയം, അമിത തീരുവ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന യു.എസ് നടപടികളെ വീക്ഷിക്കുകയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഉയര്‍ന്ന തീരുവ നിലനിര്‍ത്താനായി അമേരിക്ക വ്യാപാര അന്വേഷണം പോലുള്ള ബദല്‍ നടപടികള്‍ക്കുള്ള വഴി തേടുകയാണ്. ചൈന അതിനെ ശ്രദ്ധിക്കും. സ്വന്തം രാജ്യത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്നും ചെനീസ് വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചൈനീസ് സന്ദര്‍ശനത്തിന് മുന്നോടിയായാണ് ചൈനയുടെ പ്രസ്താവന. ഏപ്രിലിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ട്രംപും കൂടിക്കാഴ്ച നടത്തുക.

എന്നാല്‍, യു.എസ്-ചൈനീസ് കൂടിക്കാഴ്ച വ്യാപാരത്തെ കുറിച്ച് തര്‍ക്കിക്കാനല്ലെന്ന് യു.എസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീര്‍ പ്രതികരിച്ചിരുന്നു.

Content Highlight: Even domestic law opposes it; US should cancel unilateral tariffs: China

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.