വാഷിങ്ടണ്‍: ഫ്രാന്‍സ് അടക്കം യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായി കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ക്ക് കാരണം കുടിയേറ്റമാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതിര്‍ത്തികള്‍ അടച്ച് കുടിയേറ്റക്കാരെ നാട് കടത്തിയില്ലെങ്കില്‍ യൂറോപിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാവുമെന്ന് ട്രംപ് അവകാശപ്പെട്ടു.

താന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനോട് അതിര്‍ത്തിയടക്കാന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും കുടിയേറ്റക്കാരെ പുറത്താക്കണമെന്നും ട്രംപ് പറഞ്ഞു.

‘ ഫ്രാന്‍സിലെ പ്രധാന പ്രശ്‌നം കുടിയേറ്റമാണ്. വിദ്യാഭ്യാസ പ്രശ്‌നങ്ങളോ ആഭ്യന്തര നയങ്ങളോ അവിടെ പ്രശ്‌നമേയല്ല,’ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. രാജ്യത്തെ സ്‌നേഹിക്കാത്തവരാണ് ഫ്രാന്‍സിലേക്ക് കുടിയേറി വരുന്നതെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു.

‘ അമേരിക്ക അതിര്‍ത്തി അടച്ചപ്പോള്‍ ഫ്രാന്‍സും അടക്കേണ്ടതായിരുന്നു. അന്ന് അവര്‍ അതിന് തയ്യാറായില്ല. ഊര്‍ജ മേഖലയിലും ഫ്രാന്‍സ് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്,’ ട്രംപ് പറഞ്ഞു.

യൂറോപ്യന്‍ രാജ്യങ്ങള്‍ കുടിയേറ്റക്കാരെ പുറത്താക്കി അതിര്‍ത്തി അടച്ചില്ലെങ്കില്‍ മുഴുവന്‍ യൂറോപ്പും അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായ ഫ്രാന്‍സില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

Content Highlight: Europe will come to an end if borders are not closed; migrants have no love for the country: Trump