ബ്രസല്‍സ്: ഇറാനുമായുള്ള സൈനിക സംഘര്‍ഷം ആഗോള തലത്തില്‍ പ്രതിഫലിക്കുന്നതിനിടെ അമേരിക്കയുടെ സൈനിക നീക്കങ്ങളില്‍ പങ്കാളികളാകില്ലെന്ന് വ്യക്തമാക്കി യൂറോപ്യന്‍ രാജ്യങ്ങള്‍.
ഹോര്‍മുസ് കടലിടുക്കില്‍ നാവികസേനയെ വിന്യസിക്കണമെന്ന വാഷിങ്ടണിന്റെ ആവശ്യം യൂറോപ്യന്‍ യൂണിയന്‍ തള്ളി. ഇറാനുമായി നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലിന് തങ്ങള്‍ക്ക് താല്പര്യമില്ലെന്നാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ നിലപാട്.
ബ്രസല്‍സില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം വിദേശനയ മേധാവി കജ കല്ലാസാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.
‘അവസാനമില്ലാത്ത ഒരു യുദ്ധത്തില്‍ ഏര്‍പ്പെടാന്‍ യൂറോപ്പിന് താല്പര്യമില്ല. ഇറാനെതിരെ സജീവമായ സൈനിക നടപടികളിലേക്ക് നീങ്ങാന്‍ രാജ്യങ്ങള്‍ ആഗ്രഹിക്കുന്നില്ല.’, അവര്‍ പറഞ്ഞു.
ചെങ്കടലിലെ നിലവിലെ സുരക്ഷാ ദൗത്യങ്ങള്‍ ഹോര്‍മുസ് കടലിടുക്കിലേക്ക് വ്യാപിപ്പിക്കാന്‍ താല്പര്യമില്ലെന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി അന്റോണിയോ തയാനിയും വ്യക്തമാക്കി.
പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് സേനയെ അയക്കില്ലെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിച്ച് മെര്‍സും അറിയിച്ചിട്ടുണ്ട്. ‘ഇത് ഞങ്ങള്‍ തുടങ്ങിയ യുദ്ധമല്ല, ഈ വിഷയത്തില്‍ ഒരു നയതന്ത്ര പരിഹാരമാണ് കാണേണ്ടത്’ ജര്‍മ്മന്‍ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് പറഞ്ഞു.
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറും അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാന്‍ തയ്യാറായിട്ടില്ല. ഒരു വലിയ യുദ്ധത്തിലേക്ക് ബ്രിട്ടനെ വലിച്ചിഴയ്ക്കരുത് എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇറാനെതിരെയുള്ള നീക്കത്തില്‍ അമേരിക്കയ്ക്കും ഇസ്രഈലിനുമൊപ്പം ചേരില്ലെന്ന് ബെല്‍ജിയം പ്രധാനമന്ത്രി ബാര്‍ട്ട് ഡി വീവറും പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു. എന്നാല്‍, റഷ്യയുമായുള്ള ബന്ധം സംബന്ധിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
യൂറോപ്പ് സായുധ ശക്തി വര്‍ദ്ധിപ്പിക്കണമെന്നും എന്നാല്‍ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി റഷ്യയുമായുള്ള ബന്ധം സാധാരണ നിലയിലാക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ഇത് ‘പുടിന് മുന്നിലുള്ള കീഴടങ്ങലാണോ’ എന്ന ചോദ്യത്തിന് പുടിനുമായുള്ള ചര്‍ച്ചകള്‍ അനിവാര്യമാണെന്നും എന്നാല്‍ ഉക്രൈനും യൂറോപ്യന്‍ യൂണിയനും അംഗീകരിക്കുന്ന ഒരു സമാധാന കരാര്‍ ഇല്ലാതെ ബന്ധം പഴയപടിയാകില്ല. ചര്‍ച്ചകള്‍ നടത്തുക എന്നതിനര്‍ത്ഥം ഉക്രൈനെ കൈവിടുക എന്നല്ല. എങ്കിലും എന്നും ശത്രുക്കളായി തുടരാന്‍ ആര്‍ക്കും കഴിയില്ലല്ലോ.’ അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് സൈനിക സഹായത്തിനുള്ള അഭ്യര്‍ത്ഥനകള്‍ വന്നാലും സഭയില്‍ ചര്‍ച്ച ചെയ്ത് മാത്രമേ തീരുമാനമെടുക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോളണ്ട് വിദേശകാര്യ മന്ത്രി റാഡോസ്ലാവ് സിക്കോര്‍സ്‌കിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു.
നാറ്റോയെ ഒറ്റപ്പെടുത്തുകയും അതേസമയം യൂറോപ്യന്‍ രാജ്യങ്ങളുടെ സൈനിക സഹായം ആവശ്യപ്പെടുകയും ചെയ്യുന്ന ട്രംപിന്റെ രീതി അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ജര്‍മ്മനി, ഫ്രാന്‍സ്, യു.കെ തുടങ്ങിയ രാജ്യങ്ങള്‍ തുടക്കത്തില്‍ തന്നെ ഇറാനെതിരായ സൈനിക ഇടപെടലിന് വിസമ്മതിച്ചിരുന്നു. യു.കെയുടെ കാര്യത്തില്‍, താന്‍ ‘ആശ്ചര്യപ്പെടുന്നു’ എന്നായിരുന്നു ഇതിനോടുള്ള ട്രംപിന്റെ മറുപടി.
തങ്ങള്‍ക്ക് ആരെയും ആവശ്യമില്ലെന്നും ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രമാണ് യു.സെ് എന്നും ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ സൈന്യം അമേരിക്കയ്ക്ക് ഉണ്ടെന്നും ട്രംപ് പറഞ്ഞു.
‘നമുക്ക് അവരെ ആവശ്യമുള്ളതുകൊണ്ടല്ല, അവര്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാന്‍ വേണ്ടിയാണ്,’ എന്നായിരുന്നു ട്രംപിന്റെ മറുപടി.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തില്‍ ഇറാന്റെ മുന്‍ പരമോന്നത നേതാവ് അലി ഖാംനഇ ഉള്‍പ്പെടെ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചത്.
Content Highlight: Europe rejects US call to send naval forces in Strait of Hormuz