ഇസ്രഈലി സമൂഹത്തിലെ വംശീയതയ്‌ക്കെതിരെ പ്രതിഷേധവുമായി ഇസ്രഈലി എത്യോപ്യന്‍ ജൂതര്‍
Daily News
ഇസ്രഈലി സമൂഹത്തിലെ വംശീയതയ്‌ക്കെതിരെ പ്രതിഷേധവുമായി ഇസ്രഈലി എത്യോപ്യന്‍ ജൂതര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th May 2015, 11:32 am

israelജറുസലേം: ഇസ്രഈലി സമൂഹത്തിലെ വംശീയതയ്‌ക്കെതിരെ പ്രതിഷേധവുമായി ഇസ്രഈലി എത്യോപ്യന്‍ ജൂതര്‍. 1,000 ത്തോളം ജൂതന്മാരാണ് ടെല്‍ അഴിവില്‍ നടന്ന പ്രതിഷേധ റാലിയില്‍ പങ്കെടുത്തത്.

തിങ്കളാഴ്ച രാത്രി നടന്ന റാലി പൊതുവെ സമാധാനപരമായിരുന്നെന്ന് പോലീസ് വക്താവ് പറഞ്ഞു. “സാമൂഹ്യ നീതി”യ്ക്കുവേണ്ടിയും “വംശീയരായ പോലീസുകാരെ അറസ്റ്റു ചെയ്യണമെന്നും” മുദ്രാവാക്യമുയര്‍ത്തിയാണ് റാലി നടന്നത്.

പോലീസ് ക്രൂരതയ്ക്കും വംശീയതയ്ക്കും എതിരെ കഴിഞ്ഞ ആഴ്ചകളില്‍ ഇസ്രഈലിലെ എത്യോപ്യന്‍ ജൂതര്‍ നിരവധി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. സുരക്ഷാ സൈന്യവുമായി വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് ചില റാലികള്‍ അക്രമാസക്തമായിരുന്നു.

ഇസ്രാഈലി പട്ടാളക്കാരനെ രണ്ട് പോലീസ് ഓഫീസര്‍മാര്‍ മര്‍ദ്ദിക്കുന്ന വീഡിയോ ഈമാസമാദ്യം പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് മെയ് നാലിന് ടെല്‍ അവിവില്‍ എത്യോപ്യന്‍ ജൂതരുടെ ശക്തമായ പ്രതിഷേധം അരങ്ങേറിയിരുന്നു.

സമാധാനപരമായി നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ക്കുനേരെ പോലീസ് ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചതോടെ റാലി അക്രമാസക്തമായി. നിരവധിയാളുകള്‍ക്ക് പരുക്കേറ്റിരുന്നു.

ഈ പ്രതിഷേധത്തെ തുടര്‍ന്ന് ഇസ്രഈലില്‍ റാസിസം അനുവദിക്കുന്നില്ല പ്രധാനമന്ത്രി  ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു.