ദൃശ്യം എന്ന ജീത്തു ജോസഫ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ അഭിനേത്രിയാണ് എസ്തര്‍ അനില്‍. ഇന്ത്യന്‍ സിനിമയില്‍ പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും മികച്ച ത്രില്ലര്‍ ചിത്രങ്ങളിലൊന്നായി മാറിയ ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് റീമേക്കുകളിലും ഇതേ കഥാപാത്രമായി താരം പ്രത്യക്ഷപ്പെട്ടിരുന്നു. കമല്‍ ഹാസന്‍ വെങ്കടേശ് തുടങ്ങിയ വമ്പന്‍ താരങ്ങളുടെ മകളായി വേഷമിടാനുള്ള അവസരമാണ് താരത്തിന് റീമേക്കിലൂടെ ലഭിച്ചിരുന്നത്.
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം ഫ്രാഞ്ചൈസിലെ മൂന്നാം ഭാഗം മെയ് 22ന് റിലീസിനൊരുങ്ങുന്ന സാഹചര്യത്തില്‍ ജിഞ്ചര്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് എസ്തര്‍ അനില്‍ നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. അഭിമുഖത്തില്‍ ദൃശ്യത്തിന്റെ തെലുങ്ക് വേര്‍ഷനില്‍ അഭിനയിക്കുമ്പോള്‍ മോഹന്‍ലാലിനെക്കുറിച്ച് നടന്‍ വെങ്കടേഷ് പറഞ്ഞ കാര്യമാണ് എസ്തര്‍ പ്രേക്ഷകരുമായി പങ്കുവെച്ചത്.
‘ദൃശ്യം സിനിമയില്‍ പൊലീസ് സ്‌റ്റേഷനില്‍ വെച്ച് നടക്കുന്ന ഇന്റെറോഗേഷന്‍ സീനില്‍ കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച സഹദേവന്‍ ലാലേട്ടനെ ചവിട്ടുന്ന ഒരു സീനുണ്ട്. ഇത് കാണുമ്പോള്‍ അവിടെ നില്‍ക്കുന്ന മക്കളും ഭാര്യ റാണിയുമെല്ലാം വളരെയധികം പേടിക്കുന്നുണ്ട്. ചവിട്ട് കൊണ്ട് വീണിടത്ത് നിന്നും എണീറ്റ് ലാലേട്ടന്‍ ഇവരെ നോക്കി ചിരിക്കും. കുഴപ്പമില്ല, ഒന്നും പറ്റിയിട്ടില്ല എന്ന് കാണിക്കാന്‍ വേണ്ടിയിട്ടാണ്.
വളരെ ഹാര്‍ട്ട് ബ്രേക്കിങ് ആയിട്ടുള്ള, വിഷമമുള്ള ഷോട്ടാണ്. സഹദേവന്‍ ഇടിക്കുന്നു, പുള്ളി തിരിഞ്ഞ് നോക്കുന്നു, കുഴപ്പമില്ല എന്ന് അവരോട് പറയുന്നു, ഇതുമാത്രമുള്ള ചെറിയ ഷോട്ടാണ്. പക്ഷേ വളരെ ഇന്റെന്‍സ് ആയിട്ടുള്ള സീനാണ്. ഞാന്‍ അത് ഓര്‍ത്തുവെക്കാനുള്ള കാരണം എന്താണെന്ന് വെച്ചാല്‍ ഇത് തന്നെ ഞങ്ങള്‍ തെലുങ്കിലും റീമേക്ക് ചെയതപ്പോഴുണ്ടായ അനുഭവമാണ്.
ശ്രീപ്രിയ ഗാരുവായിരുന്നു അത് തെലുങ്കില്‍ സംവിധാനം ചെയ്തിരുന്നത്. അവര്‍ വെങ്കടേഷ് സാറിനോട് ഇങ്ങനെയാണ് ഷോട്ട്, അയാള്‍ ഇടിക്കുമ്പോള്‍ തിരിഞ്ഞ് ഞങ്ങളെ നോക്കി ചിരിക്കണമെന്ന് പറഞ്ഞുകൊടുത്തു. ഇത് കേട്ട് വെങ്കടേഷ് സാര്‍ കൈകൂപ്പി അമ്മാ അത് പണ്ണമുടിയാത്, അത് ഓണ്‍ലി മോഹന്‍ലാല്‍ കാന്‍ ഡു ഇറ്റ് എന്നാണ് പറഞ്ഞത്. അത്രയും വലിയ സൂപ്പര്‍ താരം ലാലേട്ടനെ കുറിച്ച് അങ്ങനെ പറഞ്ഞത് ചെറിയ കാര്യമല്ല. അത് പുള്ളിയെ കൊണ്ട് മാത്രമല്ല വേറെ ആരെക്കൊണ്ടും പറ്റില്ലെന്ന രീതിയിലാണ് പറഞ്ഞത്,’ എസ്തര്‍ പറയുന്നു.
തെലുങ്ക് ദൃശ്യം. Photo: Sun NXT
നേരത്തെ ഏപ്രില്‍ രണ്ടിന് വാഴ 2വിനൊപ്പമായിരുന്നു ദൃശ്യം 3യുടെ റിലീസ് നിശ്ചയിച്ചിരുന്നത്. പിന്നീട് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് മോഹന്‍ലാലിന്റെ ജന്മദിനമായ മെയ് 22ലേക്ക് റിലീസ് മാറ്റുകയായിരുന്നു.
Content Highlight: Esther Anil talks about Venkatesh’s statement about Mohanlal while acting in Telugu remake of Drishyam
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.