ദൃശ്യത്തില്‍ ഏറ്റവും കൂടുതല്‍ റീടേക്ക് പോയ സീന്‍, ഷാജോണങ്കിളിന് ആ സീന്‍ ചെയ്യാന്‍ മടിയായിരുന്നു: എസ്തര്‍ അനില്‍
Malayalam Cinema
ദൃശ്യത്തില്‍ ഏറ്റവും കൂടുതല്‍ റീടേക്ക് പോയ സീന്‍, ഷാജോണങ്കിളിന് ആ സീന്‍ ചെയ്യാന്‍ മടിയായിരുന്നു: എസ്തര്‍ അനില്‍
അമര്‍നാഥ് എം.
Friday, 29th May 2026, 11:33 am

ബാലതാരമായി സിനിമാലോകത്തേക്ക് കടന്നുവന്ന താരമാണ് എസ്തര്‍. മോഹന്‍ലാല്‍ നായകനായ ഒരുനാള്‍ വരും എന്ന ചിത്രത്തിലൂടെ അരങ്ങേറിയ എസ്തര്‍ ദൃശ്യം ഫ്രാഞ്ചൈസിലൂടെയാണ് ശ്രദ്ധ നേടിയത്. ദൃശ്യത്തിന്റെ ഓരോ ഭാഗത്തിലും എസ്തര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന ദൃശ്യം 3യിലും എസ്തറിന്റെ പ്രകടനത്തിന് കൈയടികളാണ്.

ദൃശ്യം സീരിസിന്റ ഓര്‍മകള്‍ പങ്കുവെക്കുകയാണ് താരമിപ്പോള്‍. ദൃശ്യത്തിന്റെ ഓരോ ഭാഗത്തിലും ഏറ്റവും കൂടുതല്‍ റീടേക്ക് പോയ സീനിനെക്കുറിച്ചാണ് എസ്തര്‍ സംസാരിച്ചത്. ആദ്യഭാഗത്തില്‍ പൊലീസ് ഉപദ്രവിക്കുന്ന സീന്‍ ഒരുപാട് ടേക്ക് പോകേണ്ടി വന്നെന്ന് എസ്തര്‍ പറഞ്ഞു. ടെക്‌നിക്കല്‍ സൈഡ് കാരണമാണ് റീടേക്ക് പോകേണ്ടി വന്നതെന്നും താരം പറഞ്ഞു. റെഡ് എഫ്.എം. മലയാളത്തോട് സംസാരിക്കുകയായിരുന്നു എസ്തര്‍.

‘ദൃശ്യത്തിന്റെ ക്ലൈമാക്‌സില്‍ പൊലീസുകാര്‍ ഉപദ്രവിക്കുന്ന സീന്‍ ഒരുപാട് ടേക്ക് പോയി. അത് ഞങ്ങളുടെ കുഴപ്പം കൊണ്ടായിരുന്നില്ല. ടെക്‌നിക്കല്‍ സൈഡില്‍ നിന്ന് വന്ന മിസ്‌റ്റേക്ക് കാരണമായിരുന്നു. അതുപോലെ ലാല്‍ സാറിനെ ഷാജോണങ്കിള്‍ ചവിട്ടുന്ന ഒരു സീനുണ്ട്. അത് എടുക്കാന്‍ ഒരുപാട് സമയം വേണ്ടിവന്നു.

ലാല്‍ സാറിനെ ചവിട്ടാന്‍ ഷാജോണങ്കിളിന് പേടിയായിരുന്നു. അത്രയും റെസ്പക്ടാണ് കൊടുത്തത്. ‘അതൊന്നും സാരമില്ല മോനെ, ധൈര്യമായി ചെയ്‌തോ’ എന്നൊക്കെ പറഞ്ഞ് കൂളാക്കി. എന്നിട്ടും ആ പേടി മാറിയിരുന്നില്ല. ലാല്‍ സാറിന് എന്തെങ്കിലും പറ്റുമോ എന്നായിരുന്നു ഷാജോണങ്കിളിന്റെ ടെന്‍ഷന്‍. ഒടുവില്‍ ആ സീന്‍ ചെയ്യാന്‍ ശ്രമിച്ചു.

ആദ്യത്തെ ടേക്കില്‍ ടൈമിങ് തെറ്റിപ്പോയി. രണ്ടാമത് എടുത്തപ്പോള്‍ ഷാജോണങ്കില്‍ ബാലന്‍സ് തെറ്റി താഴെ വീണു. കാല് പൊക്കിയ സമയത്ത് എന്തോ പറ്റിയതായിരുന്നു. പിന്നീട് കുറച്ച് കഴിഞ്ഞാണ് ആ സീന്‍ എടുത്തത്. വേറെ സീനുകളൊന്നും ഇത്രയും ടേക്ക് പോയിട്ടില്ലെന്നാണ് എന്റെ ഓര്‍മ,’ എസ്തര്‍ പറയുന്നു.

അതേസമയം ബോക്‌സ് ഓഫീസില്‍ ഗംഭീര കുതിപ്പാണ് ദൃശ്യം 3 നടത്തുന്നത്. റിലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ തന്നെ 200 കോടിയിലേറെയാണ് ചിത്രം നേടിയത്. ഈ വര്‍ഷത്തെ രണ്ടാമത്തെ 200 കോടിയും കരിയറിലെ മൂന്നാമത്തെ 200 കോടിയുമാണ് ദൃശ്യം 3യിലൂടെ മോഹന്‍ലാല്‍ സ്വന്തം പേരിലാക്കിയത്. അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി ദൃശ്യം 3 മാറുമെന്നാണ് കണക്കുകൂട്ടല്‍.

Content Highlight: Esther Anil shares the shooting memories of Drishyam movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം