ഞാൻ അഭിനയിച്ച സിനിമകൾ പിന്നീട് കാണാറില്ല, എന്റെ ശബ്‌ദം കേൾക്കുന്നത് പോലും ഇഷ്ടമല്ല: എസ്തർ അനിൽ
Malayalam Cinema
ഞാൻ അഭിനയിച്ച സിനിമകൾ പിന്നീട് കാണാറില്ല, എന്റെ ശബ്‌ദം കേൾക്കുന്നത് പോലും ഇഷ്ടമല്ല: എസ്തർ അനിൽ
നന്ദന എം.സി
Saturday, 25th April 2026, 12:37 pm

ബാല താരമായി വന്ന് മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച താരമാണ് എസ്തർ അനിൽ. അജി ജോണിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നല്ലവൻ ആണ് താരത്തിന്റെ ആദ്യ ചിത്രം. ജീത്തു ജോസഫിന്റെ ദൃശ്യമാണ് താരത്തെ പ്രേക്ഷകർക്കിടയിൽ സുപരിചിതയാക്കിയത്.

എസ്തർ അനിൽ, Photo: Esther Anil/ Facebook

ഇപ്പോഴിതാ തനിക്ക് താൻ അഭിനയിച്ച സിനിമ കാണുന്നത് പോലും ഇഷ്ടമില്ലെന്ന് പറയുകയാണ് എസ്തർ അനിൽ. തന്റെ ശബ്‌ദം പോലും ഇഷ്ടമല്ലെന്നും അത് ചെയ്യുന്ന ജോലി ഇഷ്ടമില്ലായിട്ടല്ല തനിക്ക് ചമ്മലായിട്ടാണെന്നും എസ്തർ പറഞ്ഞു. ഒർജിനൽസ് എന്റർടൈന്റ്‌മെന്റ്സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘എനിക്ക് ഞാൻ അഭിനയിക്കുന്നത് തന്നെ ഇഷ്ടമല്ല. ഞാൻ അഭിനയിച്ച സിനിമകൾ പിന്നീട് ഞാൻ കാണാറില്ല. മോണിറ്ററിൽ പോയി പോലും ഞാൻ നോക്കാറില്ല. എനിക്ക് ആ ജോലിയോട് ഇഷ്ടമില്ലാഞ്ഞിട്ടല്ല.

എനിക്ക് ഭയങ്കര നാണവും ചമ്മലുമാണ്. സ്വന്തം ആക്റ്റിങ് കാണാൻ എനിക്ക് മടിയാണ്. എനിക്കെന്റെ ശബ്‌ദം കേൾക്കുന്നത് പോലും ഇഷ്ട്ടമല്ല.,’ എസ്തർ അനിൽ പറഞ്ഞു.

ദൃശ്യം, Photo: IMDb

താൻ രഹസ്യങ്ങൾ സൂക്ഷിക്കാൻ മിടുക്കിയാണെന്നും ദൃശ്യം 3യുടെ ക്ലൈമാക്സ് ആരും തന്നോട് ചോദിക്കാറില്ലെന്നും, ചോദിച്ചാൽ തന്നെ താൻ പറഞ്ഞുകൊടുക്കില്ലെന്നും താരം പറഞ്ഞു.

കൂടാതെ, മോഹൻലാലിനെ കുറിച്ചും എസ്തർ അനിൽ സംസാരിച്ചു. ഇപ്പോഴും കുട്ടിത്തം ഉള്ളതും കുട്ടിയായി തന്നെ ഇരിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണെന്നും, ഒന്നിനെയും കുറിച്ച് ബോതേർഡ്‌ ആയിട്ടുള്ള ഒരാളല്ലെന്നും എസ്തർ പറഞ്ഞു.

ദൃശ്യം 3 യാണ് താരത്തിന്റേതായി വരാനിരിക്കുന്ന ചിത്രം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’ നിരൂപക പ്രശംസയും വൻ ബോക്സ് ഓഫീസ് വിജയവും ഒരുപോലെ നേടിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ട ഈ ചിത്രം ഒരു പാൻ-ഇന്ത്യൻ വിജയകഥയായി മാറി.

ചിത്രം ഏപ്രിൽ 2ന് വേൾഡ് വൈഡ് റിലീസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും, മോഹൻലാലിന്റെ ജന്മദിനമായ മേയ് 21നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

Content Highlight: Esther Anil says she doesn’t like watching movies she acted in.

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.