ആപ് കി നസ്റോം പോലൊരു പാട്ടാണ് 'മഞ്ഞണി കൊമ്പിൽ' എന്ന ഗാനം: ജെറി അമൽദേവ്
malayalam movie
ആപ് കി നസ്റോം പോലൊരു പാട്ടാണ് 'മഞ്ഞണി കൊമ്പിൽ' എന്ന ഗാനം: ജെറി അമൽദേവ്
നന്ദന. ടി
Sunday, 30th August 2026, 10:29 am

മലയാള ചലച്ചിത്ര സംഗീതത്തിൽ എക്കാലത്തെയും പ്രിയപ്പെട്ട സംഗീതസംവിധായകനാണ് ജെറി അമൽദേവ്. 1980-ൽ ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹം, പിന്നീട് നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, ആക്ഷൻ ഹീറോ ബിജു തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സമ്മാനിച്ചത് മറക്കാനാവാത്ത നിരവധി ഗാനങ്ങളാണ്.

1980-ൽ പുറത്തിറങ്ങിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ താൻ സംഗീതം നിർവഹിച്ച മഞ്ഞണി കൊമ്പിൽ എന്ന ഗാനത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് സംഗീതസംവിധായകൻ ജെറി അമൽദേവ്.

ജെറി അമൽദേവ്. Screen grab/ Youtube

നവോദയ അപ്പച്ചന്റെ മകന്റെ ആഗ്രഹപ്രകാരം ഒരു സിനിമ ചെയ്യുന്നുണ്ട്, അതിലേക്ക് ഒരു പാട്ട് ചെയ്യാമോ എന്ന് ചോദിച്ചുകൊണ്ടാണ് തന്നെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലേക്ക് വിളിച്ചത് എന്ന് പറയുകയാണ് ജെറി അമൽദേവ്.

‘നവോദയ അപ്പച്ചന്റെ മകന് സാധാരണക്കാരെ വച്ച് ഒരു സിനിമ എടുക്കണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞു. അപ്പോൾ അവനെ സന്തോഷിപ്പിക്കാൻ വേണ്ടി ഒരു സിനിമ ചെയ്യുന്നുണ്ട്, അതിലേക്ക് ഒരു പാട്ട് ചെയ്യാമോ എന്ന് ചോദിച്ചാണ് അപ്പച്ചൻ എന്നെ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന സിനിമയിലെ മഞ്ഞണി കൊമ്പിൽ എന്ന ഗാനം ചെയ്യാൻ വിളിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

കേൾക്കുമ്പോൾ പണ്ടത്തെ ഒരു ഹിന്ദി ഗാനം പോലെ വേണമെന്നും, കൂടാതെ ഒരാൾ പിന്നിൽ നിന്ന് വിളിക്കുന്ന രീതിയിലാണ് വരികൾ വേണ്ടതെന്നും ഫാസിൽ തന്നോട് പറഞ്ഞിരുന്നുവെന്നും, അതിന്റെ ഭാഗമായാണ് പാട്ടിൽ മഞ്ഞണി കൊമ്പിൽ എന്ന വരികൾ വന്നതെന്നും അദ്ദേഹം ഓർത്തെടുക്കുന്നു.

‘ഹിന്ദി ഗാനമായ ആപ് കി നസർ  എന്ന പാട്ടുപോലെയൊന്ന് ആണ് അവർക്ക് വേണ്ടതെന്ന് ഫാസിൽ അന്ന് എന്നോട് പറഞ്ഞിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു, കുഴപ്പമില്ല, നമുക്ക് ആ ഈണം തന്നെ ഒന്ന് തിരിച്ചു ചെയ്തുനോക്കാം എന്ന്. ആ സമയത്ത് അദ്ദേഹം പറഞ്ഞു, അതിലേക്ക്, നമുക്കൊരു സിറ്റുവേഷൻ ആഡ് ചെയ്യാനുണ്ട്. ജീപ്പോടിച്ചു പോകുമ്പോൾ പുറകിൽ നിന്ന് ഒരു പയ്യൻ വിളിക്കുന്നത് പോലെ ഇവന് തോന്നണം.

അപ്പോൾ ഒരു വിളി അവിടെ വേണം, ഉദാഹരണത്തിന് മൂക്കുറ്റിപ്പൂവേ എന്നൊക്കെ തുടങ്ങുന്ന രീതിയിൽ. പക്ഷേ ബിച്ചു തിരുമല പറഞ്ഞു, അവിടെ മൂക്കുറ്റിപ്പൂവിന് പകരം മഞ്ഞണി കൊമ്പിൽ എന്നാക്കുന്നതായിരിക്കും കുറച്ചുകൂടെ നല്ലത് എന്ന്,’ ജെറി അമൽദേവ് പറഞ്ഞു.

അമേരിക്കയിൽ നിന്നുള്ള ഒരു വാദ്യോപകരണം താൻ ഈ പാട്ടിൽ ഉപയോഗിച്ചിരുന്നുവെന്നും, പിന്നീട് കൊടൈക്കനാലിൽ വച്ച് നടന്ന ആ പാട്ടിന്റെ ചിത്രീകരണം അതുപ്രകാരം ആയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഈ പാട്ടിൽ അനുപല്ലവിയോട് അനുബന്ധിച്ച് ട്ടും  എന്നൊരു ശബ്ദമുണ്ട്. കാരണം ഞാൻ ആ സമയത്ത് അമേരിക്കയിൽ നിന്ന് വന്നതേയുണ്ടായിരുന്നുള്ളൂ. അവിടെ സിൻഡ്രോം എന്നൊരു മ്യൂസിക്കൽ ഇൻസ്ട്രുമെന്റ് ഉണ്ടായിരുന്നു. ഒരു പ്രത്യേകതയ്ക്ക് വേണ്ടി ആ ശബ്ദം പാട്ടിൽ ഉപയോഗിക്കാം എന്ന് വിചാരിച്ചു.

മഞ്ഞണി കൊമ്പിൽ ഗാനം . Photo. Screen grab/ Youtube

പിന്നീട് ആ പാട്ടിന്റെ പിക്ചറൈസേഷൻ അതിൽ നിന്ന് വന്നതായിരുന്നു. കാരണം പാട്ടിൽ പൂർണിമ ജയറാമിനെ പ്രിസം വച്ച് ആറാളുകളാക്കി കാണിക്കുന്നതും, ഈ സ്വരത്തിനനുസരിച്ച് അപ്രത്യക്ഷമാകുന്ന സീനൊക്കെ പാട്ടിൽ ഉൾപ്പെടുത്തിയത് അങ്ങനെയാണ്,’ ജെറി അമൽദേവ് പറഞ്ഞു.

Content Highlight: Jerry Amaldev talks about song Manjani Kombil

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം