തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ ശിക്ഷാവിധി പുറപ്പെടുവിച്ച് എറണാകുളം സെഷന്‍സ് കോടതി. ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇരുപത് വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു.
കേസിലെ ആറ് പ്രതികള്ക്കും 20 വര്ഷം തടവാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി ജഡ്ജി ഹണി എം. വര്ഗീസാണ് ശിക്ഷ വിധിച്ചത്. പള്സര് സുനി, മാര്ട്ടിന് ആന്റണി, ബി. മണികണ്ഠന്, വി.പി വിജീഷ്, എച്ച്. സലീം, പ്രദീപ് എന്നിവരാണ് ഒന്ന് മുതല് ആറ് വരെയുള്ള പ്രതികള്.
തട്ടിക്കൊണ്ടുപോകലിന് 10 വർഷം തടവും 25000 രൂപ പിഴയും, ഗൂഢാലോചനയ്ക്ക് ഒരു വർഷം തടവും അര ലക്ഷം രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷ. പിഴത്തുക അഞ്ചു ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം, ദൃശ്യങ്ങൾ സൂക്ഷിച്ചതിന് പൾസർ സുനിക്ക് ഐടി ആക്ട് പ്രകാരം രണ്ടു ശിക്ഷകളും വിധിച്ചു.
ദൃശ്യം ചിത്രീകരിച്ചതിന് മൂന്ന് വർഷം തടവ്, ദൃശ്യം സൂക്ഷിച്ചതിന് അഞ്ച് വർഷം തടവ് എന്നിങ്ങനെയാണ് ശിക്ഷ. തടഞ്ഞുവെക്കലിന് ഒരു വർഷം തടവാണ് വിധിച്ചത്. അതേസമയം, പ്രേരണാകുറ്റത്തിന് ശിക്ഷയില്ല. 1711 ഓളം പേജ് വരുന്നതാണ് ശിക്ഷാവിധി. കേസിലെ നിര്‍ണായക തെളിവായ ആക്രമണത്തിന്റെ ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥന്‍ സൂക്ഷിക്കണം. സേഫ് കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നാണ് കോടതി നിര്‍ദേശം.
പ്രതികളുടെ പ്രായം പരിഗണിച്ച ജഡ്ജി, പ്രതികളെല്ലാരും 40 വയസിന് താഴെയാണെന്ന കാരണം ചൂണ്ടിക്കാണിച്ചായിരുന്നു ഏറ്റവും കുറഞ്ഞ ശിക്ഷ വിധിച്ചത്. പ്രതികള്‍ വിചാരണക്കാലത്ത് ജയിലില്‍ കഴിഞ്ഞ കാലയളവ് ശിക്ഷയില്‍ നിന്നും കുറയ്ക്കും.
കുറ്റകൃത്യത്തിനിടെ കൈക്കലാക്കിയ സ്വര്‍ണമോതിരം അതിജീവിതയ്ക്ക് തിരികെ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
വിധി സമൂഹത്തിന് മാതൃകയാകണമെന്നും ഒന്നാം പ്രതിക്ക് മാത്രമായി ജീവപര്യന്തം നല്കരുതെന്നും എല്ലാവര്ക്കും കൂട്ടുത്തരവാദിത്തമുണ്ടെന്നും പ്രോസിക്യൂഷന് പറഞ്ഞിരുന്നു.