പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി തകര്‍പ്പന്‍ വിജയമായിരുന്നു സ്വന്തമാക്കിയത്. വെസ്റ്റ് ഹാമിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സിറ്റിയുടെ വിജയം.
ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സിറ്റിക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത് എര്‍ലിങ് ഹാലണ്ടായിരുന്നു. ഇരട്ട ഗോളുകള്‍ നേടിയാണ് താരം തിളങ്ങിയത്. മത്സരത്തിലെ അഞ്ചാം മിനിട്ടിലും 69 മിനിട്ടിലുമായിരുന്നു ഹാലണ്ടിന്റെ ഗോള്‍ എതിരാളികളുടെ പോസ്റ്റിലേക്ക് തുളച്ചുകയറിയത്.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും ഹാലണ്ട് മത്സരത്തില്‍ നിന്നും സ്വന്തമാക്കിയിരിക്കുകയാണ്. പ്രീമിയര്‍ ലീഗില്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോള്‍ നേട്ടം മറികടക്കാനാണ് ഹാലണ്ടിന് സാധിച്ചത്. 236 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ നിന്ന് റൊണാള്‍ഡോ 103 ഗോളുകള്‍ ആയിരുന്നു സ്വന്തമാക്കിയത്.
എന്നാല്‍ നോര്‍വേയന്‍ താരമായ ഹാലണ്ട് വെറും 114 മത്സരങ്ങളില്‍ നിന്നും 104 ഗോളുകള്‍ നേടി തകര്‍പ്പന്‍ പ്രകടനമാണ് ലീഗില്‍ കാഴ്ചവെച്ചത്. ലീഗില്‍ ഹാലണ്ട് 20 അസിസ്റ്റ് ഗോള്‍ നേടിയപ്പോള്‍ 37 അസിസ്റ്റാണ് റോണോയ്ക്ക് ഉള്ളത്.
പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയത് ഇംഗ്ലണ്ടിന്റെ അലന്‍ ഷിയറര്‍ ആണ്. 260 ഗോളുകളാണ് താരം സ്വന്തമാക്കിയത്. 441 മത്സരങ്ങളില്‍ നിന്ന് 64 അസിസ്റ്റ് ഗോളുകളും താരത്തിനുണ്ട്.
അതേസമയം വെസ്റ്റ് ഹാമിനെതിരായ മത്സരത്തില്‍ പൂര്‍ണമായും ആധിപത്യം സ്ഥാപിച്ചത് സിറ്റി തന്നെയായിരുന്നു. പന്ത് കൈവശം വയ്ക്കുന്നതിലും കൗണ്ടര്‍ ഷോട്ടുകളിലും ഗോള്‍ പൊസഷനിലും പാസിലുമെല്ലാം സിറ്റി മുന്നിട്ടുനിന്നു. 16 ഫൗള്‍ സിറ്റിയുടെ ഭാഗത്തുനിന്ന് വന്നപ്പോള്‍ 11 എണ്ണം മാത്രമാണ് വെസ്റ്റ് ഹാമിന് ഉണ്ടായിരുന്നത്.
നിലവില്‍ പോയിന്ററ പട്ടികയില്‍ 17 മത്സരങ്ങളില്‍ നിന്നും 12 വിജയവും ഒരു സമനിലയും നാല് തോല്‍വിയും ഉള്‍പ്പെടെ 37 പോയിന്റുമായി സിറ്റി രണ്ടാമതാണ്. ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണല്‍ 17 മത്സരങ്ങളില്‍ നിന്ന് 12 വിജയവും മൂന്ന് സമനിലയും രണ്ടു തോല്‍വിയും ഉള്‍പ്പെടെ 39 പോയിന്റ് സ്വന്തമാക്കി മുന്നിലുണ്ട്. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ അടുത്ത മത്സരം ഡിസംബര്‍ 27നാണ്. നോട്ടം ഫോറസ്റ്റിനെതിരെയാണ് സിറ്റിയുടെ മത്സരം. സിറ്റി ഗ്രൗണ്ട് ആണ് വേദി.
Content Highlight: Erling Haaland surpasses Cristiano Ronaldo’s Premier League goalscoring record