ചരിത്രത്തിലാദ്യമായി ഗോൾ നേടിയില്ല; ജയത്തിലും റെക്കോഡ് കൈവിട്ട് ഹാലണ്ട്
Football
ചരിത്രത്തിലാദ്യമായി ഗോൾ നേടിയില്ല; ജയത്തിലും റെക്കോഡ് കൈവിട്ട് ഹാലണ്ട്
സുദേവ് എ
Monday, 24th August 2026, 3:58 pm

ഇംഗ്ലീഷ് പ്രിമീയർ ലീഗിന്റെ പുതിയ സീസണിൽ ആവേശ വിജയവുമായി വരവറിയിച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. ബേൺമൗത്തിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ ത്രില്ലർ വിജയമാണ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്.

ഇതിഹാസ പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ പടിയിറക്കത്തിന് ശേഷം പുതിയ പരിശീലകൻ എൻസോ മറെസ്‌കോയുടെ കീഴിലിറങ്ങിയ സിറ്റി ജയം കൈവരിക്കുകയായിരുന്നു.

മത്സരം വിജയിച്ചെങ്കിലും സിറ്റിയുടെ നോർവീജിയൻ സൂപ്പർ സ്‌ട്രൈക്കർ എർലിങ് ഹാലണ്ടിന് സ്കോർ ചെയ്യാൻ സാധിക്കാതെ പോയി. ഇതോടെ തന്റെ ഈ ഗോൾ സ്കോറിങ് റെക്കോഡും നോർവീജിയൻ താരത്തിന് നഷ്ടമായിരിക്കുകയാണ്.

2022-23 സീസണിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെയാണ് ഹാലണ്ട് സിറ്റിക്കായി പ്രിമീയർ ലീഗിലെ ആദ്യ ഗോൾ നേടിയത്. രണ്ടാം സീസണിലെ ആദ്യ മത്സരത്തിൽ ബേൺലിക്കെതിരെയായിരുന്നു താരത്തിന്റെ ഗോൾ നേട്ടം.

മൂന്നാം സീസണിൽ ചെൽസിക്കെതിരെയും നാലാം സീസണിൽ വോൾവസിനെതിരെയും ആയിരുന്നു താരത്തിന്റെ ഗോൾ നേട്ടം. ഇപ്പോൾ തുടർച്ചയായ നാല് സീസണിലും നടത്തിയ ആദ്യ മത്സരത്തിലെ ഗോൾ വേട്ട തുടരാൻ താരത്തിന് സാധിക്കാതെ പോയി.

മത്സരത്തിൽ ഒരു ഗോളിന് പുറകിൽ നിന്ന ശേഷമായിരുന്നു സിറ്റിയുടെ തിരിച്ചുവരവ്. മത്സരത്തിന്റെ ആദ്യ പകുതിയിൽ 26ാം
മിനിട്ടിൽ മാർക്കസ് ടാവെർണിയർ ആണ് ബേൺമൗത്തിന്റെ ഗോൾ സ്‌കോറർ. ഒടുവിൽ ആദ്യ പകുതി എതിരില്ലാത്ത ഒരു ഗോളിന് ബേൺമൗത്ത് മുന്നിട്ട് നിന്നു.

രണ്ടാം പകുതിയിൽ അവസാന നിമിഷങ്ങളിലായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ തിരിച്ചുവരവ്. 84ാം മിനിട്ടിൽ മാർക്ക് ഗുവേഹിയാണ് സിറ്റിക്കായി സമനില ഗോൾ നേടിയത്. ഒടുവിൽ മത്സരത്തിന്റെ ഇഞ്ചുറി ടൈമിലായിരുന്നു സിറ്റിയുടെ വിജയ ഗോൾ പിറന്നത്. ജോഷ്കോ ഗ്വാർഡിയോൾ ആണ് സിറ്റിയുടെ വിജയശില്പി.

അതേസമയം സീസൺ തുടങ്ങുന്നതിന് മുമ്പേ മാഞ്ചസ്റ്റർ സിറ്റി വലിയ തിരിച്ചടി നേരിട്ടിരുന്നു. 2026 എഫ്.എ കമ്മ്യൂണിറ്റി ഷീൽഡ് ഫൈനലിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ആഴ്‌സണലിനോട് പരാജയപ്പെട്ട് സിറ്റിക്ക് കിരീടം നഷ്ടമായിരുന്നു.

1906ന് ശേഷം ഒരു മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ ആദ്യ മത്സരത്തിൽ തന്നെ നേരിടുന്ന ഏറ്റവും വലിയ തോൽവിയായിരുന്നു ഇത്.

1906ൽ പരിശീലകനായ ആദ്യ മത്സരത്തിൽ തന്നെ ഹാരി ന്യൂബോൾഡിന്റെ കീഴിലായിരുന്നു മാഞ്ചസ്റ്റർ സിറ്റി മൂന്ന് ഗോളുകൾ വഴങ്ങിയത്. അന്നും ഇതേ ആഴ്‌സണൽ തന്നെയായിരുന്നു മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തിയത്. 4-1നായിരുന്നു പീരങ്കിപ്പടയുടെ വിജയം.

എന്നാൽ പുതിയ സീസണിൽ ആദ്യ മത്സരത്തിൽ തന്നെ ആവേശ വിജയം നേടി മാഞ്ചസ്റ്റർ സിറ്റി ജയം നേടിയത് ആരാധകർക്കും ആവേശം പകരുന്നതാണ്. ഓഗസ്റ്റ് 29ന് ക്രിസ്റ്റൽ പാലസിനെതിരെയാണ് സിറ്റിയുടെ അടുത്ത മത്സരം.

 

Content Highlight: Erling Haaland fail to score first time for Manchester city opening matches in English premiere league

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.